മെഡിക്കല്‍ കോളേജിന് പുതുജീവന്‍

കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നത്തിന് വീണ്ടും ചിറക് വിരിച്ചിരിക്കയാണ്. വര്‍ഷങ്ങളായി സുഷുമ്‌നാവസ്ഥയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് വീണ്ടും കാസര്‍കോടിന്റെ പ്രതീക്ഷ വര്‍ധിക്കുന്നത്. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ്, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയ്ക്കായാണ് 160,23,40,367 രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഇതോടെ ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ കളമൊരുങ്ങുകയാണ്. മെഡിക്കല്‍ കോളേജിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പദ്ധതിക്കായി കിറ്റ്‌കോ തയ്യാറാക്കി നല്‍കിയ കണ്‍സപ്റ്റ് നോട്ട് സൂക്ഷപരിശോധന നടത്തിയ […]

കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നത്തിന് വീണ്ടും ചിറക് വിരിച്ചിരിക്കയാണ്. വര്‍ഷങ്ങളായി സുഷുമ്‌നാവസ്ഥയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് വീണ്ടും കാസര്‍കോടിന്റെ പ്രതീക്ഷ വര്‍ധിക്കുന്നത്. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ്, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയ്ക്കായാണ് 160,23,40,367 രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഇതോടെ ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ കളമൊരുങ്ങുകയാണ്. മെഡിക്കല്‍ കോളേജിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പദ്ധതിക്കായി കിറ്റ്‌കോ തയ്യാറാക്കി നല്‍കിയ കണ്‍സപ്റ്റ് നോട്ട് സൂക്ഷപരിശോധന നടത്തിയ ശേഷം പ്രസ്തുത പദ്ധതിക്ക് 192,50,51,717 രൂപയുടെ ഭരണാനുമതിക്ക് നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നിന്ന് സര്‍ക്കാരിന് പ്രൊപോസല്‍ നല്‍കിയിരുന്നു. ഇതില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജി.എസ്.ടി., കണ്‍സള്‍ട്ടന്‍സി ചാര്‍ജ് മുതലായവ ഉള്‍പ്പെടുത്തിയതായും വിവിധ പദ്ധതികള്‍ക്ക് ജി.എസ്.ടി. ശതമാനം വ്യത്യസ്തമായതിനാല്‍ ശുപാര്‍ശ പുതുക്കി നല്‍കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട് മെഡിക്കല്‍ കോളേജിലെ കിഫ്ബി പദ്ധതിക്കായി 160 കോടി രൂപയുടെ ഭരണാനുമതി തേടി ജുലായ് ഏഴിനാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നത്. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നേരത്തെ മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം മന്ദഗതിയിലായിരുന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതും കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്നതും. 2013 നവംബര്‍ 30 നാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടത്. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം ആദ്യഘട്ടത്തില്‍ നടന്നെങ്കിലും ആസ്പത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം നീണ്ടുപോവുകയായിരുന്നു. അക്കാദമി ബ്ലോക്ക് നിര്‍മ്മാണത്തിന് കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപ അനുവദിച്ചിരുന്നു. 2018 നവംബര്‍ 25 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആസ്പത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. 2013ല്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിടുമ്പോള്‍ ആരംഭിച്ച മഞ്ചേരി, കോന്നി, മെഡിക്കല്‍ കോളേജുകളില്‍ പഠനം തുടങ്ങിയിട്ട് തന്നെ മാസങ്ങള്‍ പലതുകഴിഞ്ഞു. ഇവിടെ ഇപ്പോഴും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഒതുങ്ങി നില്‍ക്കുന്നു. കോവിഡ് സംഹാര താണ്ഡവം തുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷമാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് ആസ്പത്രിയാക്കിയത്. 200ഓളം കിടക്കകളും 10 ഐ.സി.യു. കിടക്കകളുമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭിച്ചതോടെ ഇനിയങ്ങോട്ട് എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടിയാണ് വേണ്ടത്. വിശ്വസ്തതയും കഴിവുമുള്ള കോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചാല്‍ മാത്രമേ പണി എത്രയും പെട്ടെന്ന് മുമ്പോട്ട് പോകൂ. കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ തവണ മംഗളൂരുവിലേക്കുള്ള എല്ലാ റോഡുകളും കൊട്ടിയടച്ചപ്പോള്‍ കാസര്‍കോട്ടെ ജനങ്ങളുടെ ചികിത്സയാണ് നിഷേധിക്കപ്പെട്ടത്. ഇത്തരമൊരു അവസ്ഥ ഇനിയും ഉണ്ടാവാം. അതിന് ഇടവരുത്തുന്നതിന് മുമ്പ് നമ്മുടേതായ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ഉയരണം. അതുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജ് എത്രയും പെട്ടെന്ന് ഉയരണം.

Related Articles
Next Story
Share it