മനുഷ്യരാശിക്ക് മുന്നറിയിപ്പ്

മനുഷ്യരാശിക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വന്നിരിക്കയാണ്. മനുഷ്യരുടെ പ്രവര്‍ത്തികള്‍ ആഗോളകാലാവസ്ഥയെ മുമ്പില്ലാത്ത വിധം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അതി തീവ്രമായ ഉഷ്ണവാതങ്ങളും വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടി വരുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഏതാനും വര്‍ഷമായി വിദഗ്ധര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണിത്. അതൊന്നും വകവെക്കാതെയാണ് പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള മനുഷ്യരുടെ പോക്ക്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ(ഐ.പി.സി.സി.) ആറാം റിപ്പോര്‍ട്ടിലാണ് ഭൂമി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് തരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ 1988ല്‍ സ്ഥാപിച്ച സംഘടനയാണിത്. വരുന്ന […]

മനുഷ്യരാശിക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വന്നിരിക്കയാണ്. മനുഷ്യരുടെ പ്രവര്‍ത്തികള്‍ ആഗോളകാലാവസ്ഥയെ മുമ്പില്ലാത്ത വിധം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അതി തീവ്രമായ ഉഷ്ണവാതങ്ങളും വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടി വരുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഏതാനും വര്‍ഷമായി വിദഗ്ധര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണിത്. അതൊന്നും വകവെക്കാതെയാണ് പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള മനുഷ്യരുടെ പോക്ക്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ(ഐ.പി.സി.സി.) ആറാം റിപ്പോര്‍ട്ടിലാണ് ഭൂമി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് തരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ 1988ല്‍ സ്ഥാപിച്ച സംഘടനയാണിത്. വരുന്ന 20 വര്‍ഷം കൊണ്ട് ആഗോള താപനിലയിലെ ശരാശരി വര്‍ധന ഒന്നര ഡിഗ്രിസെല്‍ഷ്യല്‍ കടക്കുമെന്ന മുന്നറിയിപ്പുണ്ട്. താപനില ഈ പരിധി കടക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ പാരീസ് കാലാവസ്ഥാ ഉടമ്പടി കൊണ്ടുവന്നത്. പക്ഷെ അതിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ ശുഷ്‌കാന്തികാണിക്കാതിരിക്കുന്നതാണ് അതിവേഗം ആസന്നമാകുന്ന ദുരവസ്ഥയ്ക്ക് കാരണം. മനുഷ്യരാശിക്കുള്ള അടിയന്തിര മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ടെന്ന് ഇത് പുറത്തിറക്കിക്കൊണ്ട് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഓര്‍മ്മപ്പെടുത്തുകയുണ്ടായി. കാര്യങ്ങള്‍ വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഓടിയൊളിക്കാന്‍ ഒരിടവുമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഹരിത വാതകങ്ങളുടെ പുറന്തള്ളലില്‍ കാര്യമായ കുറവ് വരുത്തിയാല്‍ ഭൗമതാപം ഇനിയും ഉയരാതെ കാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ണായകമായ കാലാവസ്ഥാ ഉച്ചകോടി മൂന്ന് മാസത്തിനകം സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 224 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് കാലാവസ്ഥയില്‍ വലിയ വ്യതിയാനം ഉണ്ടായത്. 170 വര്‍ഷത്തിനിടയിലെ കൂടിയ ചൂട് രേഖപ്പെടുത്തിയത് ഈ അഞ്ചുവര്‍ഷത്തിനിടയിലാണത്രെ. 1850 മുതല്‍ 1900 വരെയുള്ള അമ്പത് വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2011-2020 ല്‍ ആഗോളതാപനില 1.09 ഡിഗ്രിസെല്‍ഷ്യസ് കൂടി. കടലേറ്റനിരക്കിന്റെ അവസ്ഥയും ഇതുതന്നെ. 1901 മുതല്‍ 1971 വരെയുള്ള 70 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടലേറ്റ നിരക്ക് മൂന്നിരട്ടിയായി. ഈ നൂറ്റാണ്ടിന്റെ പാതിയോടെ സമുദ്രനിരപ്പ് 15 മുതല്‍ 30 വരെ സെന്റീമീറ്റര്‍ ഉയരാനും സാധ്യത വര്‍ധിക്കുന്നു. 1990 മുതല്‍ ഹിമാനികള്‍ അതിവേഗം ഉരുകുകയും ആര്‍ട്ടിക്കിന്റെ ഹിമകവചം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഇതിന് കാരണം മനുഷ്യരുടെ പ്രവൃത്തികള്‍ തന്നെ. ഈ നില തുടര്‍ന്നാല്‍ 2050ന് മുമ്പ് ആര്‍ട്ടിക്കില്‍ മഞ്ഞില്ലാതാകും. ആഗോളതാപ നില ഈ നിലയ്ക്ക് പോയാല്‍ ഉഷ്ണവാതവും വരള്‍ച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും അടിക്കടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 50 വര്‍ഷത്തിലൊരിക്കല്‍ സംഭവിച്ചിരുന്ന ഉഷ്ണവാതം ഇപ്പോള്‍ 10 വര്‍ഷത്തിലൊരിക്കല്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഭൗമതാപ നില അല്‍പ്പം കൂടി ഉയര്‍ന്നാല്‍ ഇത് ഏഴ് വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയിലാവുമത്രെ. തണുത്ത കാലാവസ്ഥ ഇല്ലാത്തൊരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക. ചൂട് കടുത്തതോടെ ഹിമാലയ മലനിരകളിലെ മഞ്ഞുരുകും. ചുഴലിക്കാറ്റുകള്‍ തീവ്രമാവുകയും അത് പ്രളയത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇപ്പോള്‍ തന്നെ കേരളത്തിലടക്കും അടിക്കടി പ്രളയം നാശം വിതച്ചുകൊണ്ടിരിക്കയാണ്. കാലവര്‍ഷം താളം തെറ്റിക്കൊണ്ടിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇത് വലിയ ഭീഷണിയായിമാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇതിന് പുറമെയാണ് കൊടും ചൂടും ഉഷ്ണവാതവും എത്തുക. മറ്റ് സമുദ്രങ്ങളേക്കാള്‍ ഇന്ത്യന്‍ മഹാസമുദ്രം അതിവേഗം ചൂടാകുന്നതാണ് കാരണം. സമുദ്ര നിരപ്പ് ഉയരുന്നതിന് 50 ശതമാനം കാരണവും ഈ താപ നില തന്നെ. ഭൂമിയെ രക്ഷിക്കാനുള്ള വഴി അടഞ്ഞിട്ടില്ല. ഇനിയെങ്കിലും കരുതിയിരിക്കണമെന്ന് മാത്രം.

Related Articles
Next Story
Share it