ഇന്ത്യയുടെ അഭിമാനം

130 കോടി ജനങ്ങളുടെ ആത്മാഭിമാനമായി മാറിയിരിക്കയാണ് 23 കാരനായ ഹരിയാനക്കാരന്‍ നീരജ് ചോപ്ര. ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ സ്വര്‍ണം ജാവലില്‍ ത്രോയിലൂടെയാണ് നീരജ് കൈപ്പിടിയിലൊതുക്കിയത്. ഒന്നേ കാല്‍ നൂറ്റാണ്ട് നീണ്ട ഒളിമ്പിക്‌സ് ചരിത്രമാണ് തിരുത്തിക്കുറിച്ചിരിക്കുന്നത്. ഒളിമ്പിക് ട്രാക്കിനരികെ വിജയസോപാനത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാകയുമേന്തി നീരജ് ചോപ്ര സ്വര്‍ണമണിഞ്ഞ നിമിഷം ഏതൊരു ഭാരതീയനും അഭിമാന പുളകിതനിമിഷമാണ്. ജാവലിന്‍ മുനയില്‍ കൊരുത്തെടുത്ത ആ തങ്കപ്പതക്കം ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ സുവര്‍ണ മുദ്ര ചാര്‍ത്തി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത […]

130 കോടി ജനങ്ങളുടെ ആത്മാഭിമാനമായി മാറിയിരിക്കയാണ് 23 കാരനായ ഹരിയാനക്കാരന്‍ നീരജ് ചോപ്ര. ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ സ്വര്‍ണം ജാവലില്‍ ത്രോയിലൂടെയാണ് നീരജ് കൈപ്പിടിയിലൊതുക്കിയത്. ഒന്നേ കാല്‍ നൂറ്റാണ്ട് നീണ്ട ഒളിമ്പിക്‌സ് ചരിത്രമാണ് തിരുത്തിക്കുറിച്ചിരിക്കുന്നത്. ഒളിമ്പിക് ട്രാക്കിനരികെ വിജയസോപാനത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാകയുമേന്തി നീരജ് ചോപ്ര സ്വര്‍ണമണിഞ്ഞ നിമിഷം ഏതൊരു ഭാരതീയനും അഭിമാന പുളകിതനിമിഷമാണ്. ജാവലിന്‍ മുനയില്‍ കൊരുത്തെടുത്ത ആ തങ്കപ്പതക്കം ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ സുവര്‍ണ മുദ്ര ചാര്‍ത്തി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണംനേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഹരിയാനക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ ചോപ്ര ആദ്യ ശ്രമത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അത്‌ലറ്റിക്‌സില്‍ ഇതിനുമുമ്പ് മില്‍ഖാസിങ്ങും പി.ടി. ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജുബോബിജോര്‍ജിന് അഞ്ചാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടിവന്നു. ഒളിമ്പിക്‌സിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വര്‍ണമാണിത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ചോപ്ര സൗത്ത് ഏഷ്യന്‍ ഗെയിംസ്, അണ്ടര്‍-20 ലോകചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്. കോമണ്‍വെല്‍ത്ത് ഗെയിംസ്, സാവോഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവിടങ്ങളിലെ സ്വര്‍ണ നേട്ടവുമായാണ് ടോക്യോവിലെത്തിയത്. കരസേനയില്‍ സുബേദാറായ നീരജ് വിശിഷ്ട സേവാമെഡലും നേടിയിട്ടുണ്ട്.
ത്രോ ഇനങ്ങളില്‍ ഒരു മെഡല്‍ എന്നത് ഇന്ത്യയുടെ കായിക സ്വപ്‌നങ്ങളില്‍ വളരെ വിദൂരമായിരുന്നു. എന്നാല്‍ നീരജ് അത് സ്വന്തമാക്കിയപ്പോള്‍ ട്രാക്കിനും ഫീല്‍ഡിലും ഇതിനുമുമ്പ് മുന്നേറാനാവുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം ഏഴ് മെഡലുകളുമായാണ് ഇന്ത്യന്‍ കായിക താരങ്ങള്‍ ടോക്യോവില്‍ നിന്ന് മടങ്ങുന്നത്. മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം കൂടിയാണിത്. ഷൂട്ടിംഗ് റേഞ്ചില്‍ നിന്നാണ് ഇന്ത്യ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നത്. പുരുഷ ഹോക്കിയിലും ഇന്ത്യ മികച്ച നേട്ടം കൈവരിച്ചു. വനിതാ ഹോക്കിയിലും വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇന്ത്യന്‍ ചുണക്കുട്ടികള്‍ എതിര്‍ ക്യാമ്പിനെ വിറപ്പിച്ചതിന് ശേഷമാണ് കീഴയടങ്ങിയത്. കോവിഡെന്ന മഹാമാരിക്കിടയിലാണ് ടോക്യോയില്‍ ഒളിമ്പിക്‌സ് അരങ്ങേറിയത്. അവസാന നിമിഷം വരെ ഒളിമ്പിക്‌സ് വേണ്ടെന്നുവെക്കുമോ എന്ന ആശങ്ക കായിക പ്രേമികളെ തെല്ലൊന്നുമല്ല അലട്ടിയിരുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ക്കൊടുവില്‍ 17 ദിനരാത്രങ്ങള്‍ സമ്മാനിച്ച ഒളിമ്പിക്‌സിന് തിരശ്ശീല വീണപ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. റിയോ ഒളിമ്പിക്‌സില്‍ വെറും രണ്ട് മെഡലുകളുമായി ഇന്ത്യ 67-ാം സ്ഥാനത്തായിരുന്നു. ഇത്തവണ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 48-ാം സ്ഥാനത്ത് ഇന്ത്യക്ക് എത്താനായി. ലോകമെമ്പാടും ബാധിച്ച കോവിഡ് ഭീഷണിക്കിടയില്‍ നടന്ന ഒളിമ്പിക്‌സ് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച് ജപ്പാന്‍ ലോകത്തിന് തന്നെ മാതൃകയാവുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ച ഒളിമ്പിക്‌സാണ് ഇത്തവണ ടോക്യോയില്‍ അരങ്ങേറിയത്. നീരജ് ചോപ്രയിലൂടെ ഇന്ത്യ സ്വര്‍ണപതക്കമണിഞ്ഞപ്പോള്‍ നമ്മുടെ ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുകയാണ്. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇനിയും ഉയരങ്ങളില്‍ എത്തേണ്ടതുണ്ട്. ക്രിക്കറ്റിനും മറ്റും നല്‍കുന്ന പ്രോത്സാഹനം ഒളിമ്പിക്‌സ് ഇനങ്ങള്‍ക്കും ലഭിക്കണം. സ്വര്‍ണമണിഞ്ഞ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് വിളിച്ച് അനുമോദിച്ചത് നന്നായി. കായിക താരങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാവുമത്. ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് നീരജിന് വാഗ്ദാനം ചെയ്തത്. എന്തായാലും ഇന്ത്യയുടെ യശസ്സുയര്‍ത്തിയ നീരജ് ചോപ്ര ചരിത്രത്തിന്റെ താളുകളിലാണ് ഇടം പിടിക്കാന്‍ പോകുന്നത്.

Related Articles
Next Story
Share it