പാവപ്പെട്ട രോഗികളെ മറക്കരുത്‌

കാസര്‍കോട് ജില്ലയിലെ പല സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാരില്ലെന്ന പരാതികള്‍ ഉയരുകയാണ്. ചില സര്‍ക്കാര്‍ ആസ്പത്രികളിലും ഡോക്ടര്‍മാരുടെ കുറവ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കേള്‍ക്കുന്നുണ്ട്. ജില്ലയില്‍ ദരിദ്രരും പിന്നോക്കജനവിഭാഗങ്ങളും ഏറ്റവും കൂടുതല്‍ താമസിക്കുന്നതും വികസനപരമായി ഏറെ പിന്നോക്കം നില്‍ക്കുന്നതുമായ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അവസ്ഥയും അതിദയനീയമാണ്. കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ പെര്‍ളയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആകെയുള്ള ഡോക്ടര്‍മാര്‍ അവധിയില്‍ പോയിരിക്കുകയാണ്. ഉച്ചക്ക് രണ്ട് മണിവരെ മാത്രം ഡോക്ടറുള്ള പ്രാഥമികാരോഗ്യകേന്ദ്രം മാത്രമാണ് ആശ്രയം. പെര്‍ള കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം നിയമനം ലഭിച്ച് വന്ന ഡോക്ടര്‍മാര്‍ […]

കാസര്‍കോട് ജില്ലയിലെ പല സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാരില്ലെന്ന പരാതികള്‍ ഉയരുകയാണ്. ചില സര്‍ക്കാര്‍ ആസ്പത്രികളിലും ഡോക്ടര്‍മാരുടെ കുറവ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കേള്‍ക്കുന്നുണ്ട്. ജില്ലയില്‍ ദരിദ്രരും പിന്നോക്കജനവിഭാഗങ്ങളും ഏറ്റവും കൂടുതല്‍ താമസിക്കുന്നതും വികസനപരമായി ഏറെ പിന്നോക്കം നില്‍ക്കുന്നതുമായ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അവസ്ഥയും അതിദയനീയമാണ്. കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ പെര്‍ളയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആകെയുള്ള ഡോക്ടര്‍മാര്‍ അവധിയില്‍ പോയിരിക്കുകയാണ്. ഉച്ചക്ക് രണ്ട് മണിവരെ മാത്രം ഡോക്ടറുള്ള പ്രാഥമികാരോഗ്യകേന്ദ്രം മാത്രമാണ് ആശ്രയം. പെര്‍ള കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം നിയമനം ലഭിച്ച് വന്ന ഡോക്ടര്‍മാര്‍ അധികം താമസിയാതെ അവധിയില്‍ പോകുകയായിരുന്നു. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ട ഈ ആസ്പത്രിയില്‍ ഇപ്പോള്‍ എന്‍മകജെ പഞ്ചായത്ത് നിയമിച്ച സ്ഥിരം ഡോക്ടര്‍ ഒരാള്‍ മാത്രമാണുള്ളത്. വൈകുന്നേരം വരെ ഒ.പിയുടെ പ്രവര്‍ത്തനമുണ്ടായിരുന്ന കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇതോടെ സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് ഇവിടെ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ചുമതലയുള്ളത്. കുടുംബാരോഗ്യകേന്ദ്രത്തില്‍ രാവിലെയും വൈകുന്നേരവും ഒ.പി വേണ്ടതിനാലാണ് മൂന്ന് ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ചിരുന്നത്. ഇതിനിടയില്‍ രണ്ട് സ്ഥിരം ഡോക്ടര്‍മാരുടെ നിയമനം നടത്തുകയായിരുന്നു. തുടര്‍ പഠനം നടത്തുന്നതിനാല്‍ വന്ന ഉടന്‍ തന്നെ ഇവര്‍ അവധിയെടുക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കൂടുതലുള്ള പഞ്ചായത്താണ് എന്‍മകജെ. ജനിതക വൈകല്യങ്ങളും വിട്ടുമാറാത്ത മറ്റ് രോഗങ്ങളും ബാധിച്ച നിരവധി പേര്‍ ആശ്രയിക്കുന്ന ആസ്പത്രിയായ പെര്‍ളയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയുണ്ടാക്കിയത് പാവപ്പെട്ട രോഗികളോടുള്ള ക്രൂരതയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അടക്കമുള്ള രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടേണ്ട ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് നോക്കുകുത്തിയാണ്. സാധാരണ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഉള്ളത്ര ചികിത്സാസംവിധാനങ്ങള്‍ പോലും ഇവിടെയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പ്രത്യേക പരിഗണനയും അടിയന്തിര ചികിത്സയും വേണ്ട വിഭാഗത്തില്‍പെട്ടവരാണ്. ഇവരുടെ കാര്യത്തില്‍ പോലും അലംഭാവം കാണിക്കുന്നത് കാസര്‍കോട് ജില്ലയിലെ പൊതുജനാരോഗ്യസംവിധാനത്തോട് കാണിക്കുന്ന പൊതുവായ അവഗണനയുടെ ഭാഗമാണെന്ന് അറിയാമെങ്കിലും ഇത് അംഗീകരിച്ചുകൊടുക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കും സാധിക്കില്ല. പെര്‍ളയിലെ കുടുംബാരോഗ്യകേന്ദ്രം മാത്രമല്ല അതിര്‍ത്തി പ്രദേശങ്ങളിലടക്കം നിരവധി സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരില്ലാത്തതുമൂലം നിര്‍ധന കുടുംബങ്ങളിലെ രോഗികളാണ് കടുത്ത ദുരിതമനുഭവിക്കുന്നത്. ആദിവാസികളും ദളിതരുമടക്കം മതിയായ ചികിത്സ കിട്ടാതെ വലയുന്നു. സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. ഇവരുടെ ചികിത്സ മുടങ്ങാന്‍ ഡോക്ടര്‍മാരുടെ അഭാവം കാരണമാകുന്നു. സര്‍ക്കാര്‍ ആസ്പത്രികളില്‍ സ്ഥിരമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനൊപ്പം തന്നെ സ്ഥലംമാറ്റപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് പകരം നിയമനവും ഉണ്ടാകണം. ഡോക്ടറില്ലെന്ന കാരണത്താല്‍ പാവപ്പെട്ട രോഗികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന സ്ഥിതി ഉണ്ടാകരുത്.

Related Articles
Next Story
Share it