മലയോര മേഖലയിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണം

കോവിഡിനെ തുടര്‍ന്ന് ആഴ്ചകളോളം അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. മലയോര പ്രദേശങ്ങളില്‍ നിന്ന് കാഞ്ഞങ്ങാട്ടോ കാസര്‍കോട്ടോ എത്തണമെങ്കില്‍ വലിയ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്. കെ.എസ്.ആര്‍.ടി.സി. ഉള്ള സര്‍വീസുകളും വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. കാഞ്ഞങ്ങാട്ട് നിന്ന് മലയോര മേഖലയിലേക്കുണ്ടായിരുന്ന കുറേ സര്‍വീസുകള്‍ ഈയിടെ വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിന് വകവെച്ചിരുന്നു. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് മലയോര മേഖലയിലേക്ക് ഇക്കഴിഞ്ഞ ജനുവരിയില്‍ 57 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. അതിപ്പോള്‍ 32 എണ്ണം മാത്രമായി ചുരുങ്ങി. കോഴിക്കോട് സോണിലെ മികച്ച ഡിപ്പോയായിരുന്ന […]

കോവിഡിനെ തുടര്‍ന്ന് ആഴ്ചകളോളം അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. മലയോര പ്രദേശങ്ങളില്‍ നിന്ന് കാഞ്ഞങ്ങാട്ടോ കാസര്‍കോട്ടോ എത്തണമെങ്കില്‍ വലിയ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്. കെ.എസ്.ആര്‍.ടി.സി. ഉള്ള സര്‍വീസുകളും വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. കാഞ്ഞങ്ങാട്ട് നിന്ന് മലയോര മേഖലയിലേക്കുണ്ടായിരുന്ന കുറേ സര്‍വീസുകള്‍ ഈയിടെ വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിന് വകവെച്ചിരുന്നു. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് മലയോര മേഖലയിലേക്ക് ഇക്കഴിഞ്ഞ ജനുവരിയില്‍ 57 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. അതിപ്പോള്‍ 32 എണ്ണം മാത്രമായി ചുരുങ്ങി. കോഴിക്കോട് സോണിലെ മികച്ച ഡിപ്പോയായിരുന്ന കാഞ്ഞങ്ങാട്ട് നിന്നുള്ള ഷെഡ്യൂളുകളുടെ എണ്ണം കുറച്ചത് യാത്രാക്ലേശം അതീവ രൂക്ഷമാക്കിയിരിക്കുകയാണ്. ഡിപ്പോയുടെ വരുമാനത്തിലും ഇത് വലിയ കുറവ് വരുത്തി. പയ്യന്നൂര്‍, കാസര്‍കോട് ഡിപ്പോകളിലെ സ്ഥിതിയും ഇതുതന്നെ. കാഞ്ഞങ്ങാട്ട് നിന്ന് പാണത്തൂര്‍, വെള്ളരിക്കുണ്ട്, കൊന്നക്കാട്, പരപ്പ, ഒടയംചാല്‍, കാലിച്ചാനടുക്കം തുടങ്ങിയ മലയോരമേഖലയിലുള്ളവര്‍ക്കാണ് അമിത വിലനല്‍കി ടാക്‌സികളെയും മറ്റും ആശ്രയിക്കേണ്ടിവരുന്നത്. കോവിഡിനെ തുടര്‍ന്ന് പകുതിയോളം സ്വകാര്യബസുകളും നിരത്തിലിറക്കുന്നില്ല. മലയോരമേഖലയിലുള്ളവര്‍ എല്ലാ ആവശ്യങ്ങള്‍ക്കും കാഞ്ഞങ്ങാടിനെയോ കാസര്‍കോടിനെയോ ആണ് ആശ്രയിക്കുന്നത്. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് ബന്തടുക്ക, കുറ്റിക്കോല്‍, അഡൂര്‍, മുന്നാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസുകള്‍ കുറവാണ്. സാധാരണ നിലയില്‍ തന്നെ ഈ ഭാഗങ്ങളിലേക്ക് ചുരുക്കം സര്‍വീസുകള്‍ മാത്രമേ ഉള്ളൂ. കോവിഡ് വന്നതിനെ തുടര്‍ന്ന് ഉള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. എം.എല്‍.എമാരും ബോര്‍ഡ് മെമ്പറും മറ്റ് ജനപ്രതിനിധികളുമെല്ലാം ഇടപെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീഫ് ഓഫീസ് ഉത്തരവ് പ്രകാരം ആരംഭിച്ചതും നല്ല വരുമാനത്തില്‍ വളരെ വര്‍ഷങ്ങളായി ഓടിയിരുന്നതുമായ ബസുകളാണ് ഇപ്പോള്‍ ഇല്ലാത്തത്. 60 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്ത ഡിപ്പോയില്‍ അത് 30 ആയി കുറയുമ്പോള്‍ ഓരോ ബസിനും തൊഴിലാളികളുടെ അനുപാതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടിസിക്ക് വന്‍ നഷ്ടമാണുണ്ടാക്കുന്നത്. കോവിഡിന് മുമ്പ് മലയോരത്തേക്കും മറ്റ് റൂട്ടിലേക്കുമുണ്ടായിരുന്ന എല്ലാ സര്‍വീസുകളും ഓടിക്കുകയും മലയോര മേഖലയില്‍ നിന്ന് പുതിയ റൂട്ടുകള്‍ കണ്ടുപിടിച്ച് കൂടുതല്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് നിയന്ത്രണം മാറുമ്പോള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനിടയിലാണ് ഉള്ള സര്‍വീസുകളും വെട്ടിക്കുറച്ചത്. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിപ്പോകളില്‍ നിന്ന് അന്തര്‍ സംസ്ഥാന സര്‍വീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ബസുകള്‍ വെട്ടിക്കുറച്ചതോടെ സര്‍വീസ് നടത്തുന്ന ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ചില റൂട്ടുകളില്‍ നാലോ അഞ്ചോ ബസുകള്‍ ഓടിക്കുന്നതിന് പകരം ഒരു ബസ് മാത്രമായാല്‍ പിന്നെങ്ങനെ സാമൂഹിക അകലം പാലിക്കാനാവും.
കോവിഡ് മാനദണ്ഡം പാലിച്ച് ഒരു സീറ്റില്‍ രണ്ടുപേര്‍ മാത്രമായി സ്റ്റാന്റിങ്ങില്‍ ആളെ എടുക്കാതെ ബസ് ഓടിക്കണമെന്നാണ് സ്വകാര്യ ബസുകള്‍ക്കും നല്‍കുന്ന നിര്‍ദ്ദേശം. അതൊക്കെ പ്രാബല്യത്തില്‍ വരുത്തണമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവണം. മലയോര മേഖലയില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിക്കുന്നതിനും ചെറുകിട കര്‍ഷകര്‍ ബസുക്കളെ ആശ്രയിക്കാറുണ്ട്. അതിനും സാധ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മലയോര മേഖലയിലേക്ക് കൂടുതല്‍ ബസുകള്‍ ഓടിക്കാനുള്ള നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it