തിരഞ്ഞെടുപ്പില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിച്ചുകൂടാ

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന പരമോന്നത കോടതിയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ വേണം കാണാന്‍. തിരഞ്ഞെടുപ്പിന്റെ കാതല്‍ സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. ബൂത്ത് പിടിക്കലും കള്ളവോട്ടും ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിന് സമീപം സ്ലിപ് നല്‍കാന്‍ നിന്ന ബി.ജെ.പി. പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശിക്ഷ വെറും ആറുമാസമാക്കി ചുരുക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിക്കുകയും […]

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന പരമോന്നത കോടതിയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ വേണം കാണാന്‍. തിരഞ്ഞെടുപ്പിന്റെ കാതല്‍ സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. ബൂത്ത് പിടിക്കലും കള്ളവോട്ടും ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിന് സമീപം സ്ലിപ് നല്‍കാന്‍ നിന്ന ബി.ജെ.പി. പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശിക്ഷ വെറും ആറുമാസമാക്കി ചുരുക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. നാടന്‍ തോക്കും വടിവാളുകളുമായി എത്തിയ പ്രതികള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന കേസില്‍ എട്ട് പേര്‍ക്ക് ആറുമാസം സാധാരണ തടവാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2018ല്‍ ഹൈക്കോടതി അത് ശരിവെച്ചതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയില്‍ എത്തിയത്. വോട്ടര്‍ പട്ടിക പിടിച്ചുവാങ്ങി കള്ളവോട്ട് ചെയ്യാനുള്ള ലക്ഷ്യത്തോടെ പ്രതികളെല്ലാവരും നിയമ വിരുദ്ധമായി സംഘം ചേര്‍ന്നുവെന്ന് തെളിഞ്ഞതായി സുപ്രീംകോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള പൗരന്റെ അവകാശം. ജനാധിപത്യം ശക്തിപ്പെടുത്താന്‍ രഹസ്യ വോട്ട് അനിവാര്യമാണ്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള നേരിട്ടുള്ള തിരഞ്ഞെടുപ്പില്‍ ഭയരഹിതമായും രഹസ്യ സ്വഭാവത്തോടെയും വോട്ട് ചെയ്യാന്‍ സാധിക്കണം. ജനാധിപത്യവും സ്വതന്ത്ര തിരഞ്ഞെടുപ്പും ഭരണ ഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ്. അത്യന്തികമായി ജനങ്ങളുടെ താല്‍പ്പര്യം അറിയാനുള്ള സംവിധാനമാണ് തിരഞ്ഞെടുപ്പ്. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ്, പേര് വെട്ടല്‍, അര്‍ഹതയുണ്ടായിട്ടും അപേക്ഷ നിഷേധിക്കല്‍, അനധികൃതമായി പേര് തിരുകിക്കയറ്റല്‍ തുടങ്ങിയവയൊക്കെയാണ് അട്ടിമറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണവും മറ്റ് സൗജന്യങ്ങളും നല്‍കുന്നുവെന്നതും കാണാതിരുന്നുകൂടാ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം വിതരണം ചെയ്തുവെന്നത് സംബന്ധിച്ച് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷണറുടെയടക്കം ടെലിഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന വാര്‍ത്തയും ഗൗരവത്തിലെടുക്കേണ്ടതാണ്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ സംസ്ഥാന സേനകള്‍ക്ക് പുറമെ കേന്ദ്ര സേനയെ നിയോഗിക്കുകയും വീഡിയോ ചിത്രീകരണം നടത്തുകയും ചെയ്തിട്ടും ബൂത്ത് പിടിത്തവും കള്ളവോട്ടും നിയന്ത്രിക്കാനാവുന്നില്ലെന്നത് ഗൗരവത്തോടെ വേണം കാണാന്‍. എതിര്‍ കക്ഷികളുടെ ഏജന്റുമാരെ ബൂത്തിനകത്ത് ഇരുത്താന്‍ അനുവദിക്കാത്ത എത്രയോ ബുത്തുകള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. പാവപ്പെട്ടവരെ പണം നല്‍കി സ്വാധീനിച്ച് വോട്ട് സ്വന്തം വരുതിയിലാക്കുന്ന സമ്പ്രദായവും വര്‍ധിച്ചുവരികയാണ്. ഇത്തരം സംഭവങ്ങളിലൊക്കെ കേസെടുക്കാനും പ്രതികളെ നിലക്ക് നിര്‍ത്താനും നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. രാഷ്ട്രീയ മേലാളന്മാരെ ഭയന്ന് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും പിന്തിരിയേണ്ടിവരുന്നു. പരമോന്നത കോടതിയുടെ നിരീക്ഷണം രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ഗൗരവത്തോടെ എടുത്താന്‍ മാത്രമേ ഇതിന് അറുതിവരുത്താനാവൂ.

Related Articles
Next Story
Share it