മരണം വിതക്കുന്ന ചതിക്കുഴികള്‍

കാലവര്‍ഷം കനത്തതോടെ ദേശീയ പാതയിലും കെ.എസ്.ടി.പി. റോഡിലും പലേടങ്ങളിലും ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. കഴിഞ്ഞദിവസം കെ.എസ്.ടി.പി. റോഡില്‍ ബേക്കല്‍ പാലത്തിന് സമീപം അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവേ ബൈക്ക് യാത്രക്കാരന്‍ വീണ് ലോറി കയറി മരണപ്പെടുകയുണ്ടായി. ബേക്കല്‍ ചിറമ്മലിലെ 45 കാരന്‍ ബാബുരാജാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ബാബുരാജ് ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ബേക്കല്‍ പാലത്തിനോട് ചേര്‍ന്നുള്ള കൂറ്റന്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബാബു മരിച്ചു. കുഴിക്ക് അരമീറ്ററിലധികം വിസ്തൃതിയും […]

കാലവര്‍ഷം കനത്തതോടെ ദേശീയ പാതയിലും കെ.എസ്.ടി.പി. റോഡിലും പലേടങ്ങളിലും ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. കഴിഞ്ഞദിവസം കെ.എസ്.ടി.പി. റോഡില്‍ ബേക്കല്‍ പാലത്തിന് സമീപം അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവേ ബൈക്ക് യാത്രക്കാരന്‍ വീണ് ലോറി കയറി മരണപ്പെടുകയുണ്ടായി. ബേക്കല്‍ ചിറമ്മലിലെ 45 കാരന്‍ ബാബുരാജാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ബാബുരാജ് ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ബേക്കല്‍ പാലത്തിനോട് ചേര്‍ന്നുള്ള കൂറ്റന്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബാബു മരിച്ചു. കുഴിക്ക് അരമീറ്ററിലധികം വിസ്തൃതിയും ഒരടിയോളം താഴ്ചയുമുണ്ടായിരുന്നു. ഒരാളുടെ ജീവന്‍ പൊലിഞ്ഞതിന് പിറകെ കെ.എസ്.ടി.പി. അധികൃതരെത്തി കുഴി നികത്തി. ഈ ജാഗ്രത ഒന്നോ രണ്ടോ ദിവസം മുമ്പ് കെ.എസ്.ടി.പി. അധികൃതര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടാതെ നോക്കാമായിരുന്നു.
കഴിഞ്ഞ വേനല്‍ക്കാലത്ത് അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കിയ ബേക്കല്‍ പാലത്തിലേക്ക് കാസര്‍കോട് ഭാഗത്ത് നിന്ന് പ്രവേശിക്കുന്നിടക്കാണ് വലിയ കുഴി രൂപം കൊണ്ടത്. ഈ ഭാഗത്ത് റോഡില്‍ പൊട്ടലുമുണ്ട്. രാത്രിയില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരുന്നത് ആരുടെയോ ഭാഗ്യം കൊണ്ടാണ്. ഇവിടെ ടാര്‍ ചെയ്ത ഭാഗം രണ്ടിഞ്ച് ഘനത്തില്‍ ഇടിഞ്ഞതോടെ അടിയിലുള്ള ചേടി മണ്ണ് കാണുന്നുണ്ടായിരുന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് ഇത്രവേഗം ഇവിടെ കുഴി രൂപപ്പെടാന്‍ കാരണമെന്ന് സംശയിക്കുന്നു. ഇവിടെ മാത്രമല്ല, കളനാട് പാലം മുതല്‍ തെക്കോട്ട് ചിത്താരി പാലം വരെ കെ.എസ്.ടി.പി. റോഡില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പള്ളിക്കര റെയില്‍വെ മേല്‍പാലത്തിലും റോഡ് തകര്‍ന്നു കിടക്കുന്നുണ്ട്. ചെറിയ കുഴികള്‍ രൂപപ്പെടുമ്പോള്‍ തന്നെ അടക്കാത്തതാണ് വലിയ ഗര്‍ത്തങ്ങളായി മാറാന്‍ കാരണം. വാഹനങ്ങള്‍ ഇതില്‍ നിരന്തരം കയറിയിറങ്ങുമ്പോഴാണ് വലിയ കുഴികളായി മാറുന്നത്.
ദേശീയ പാതയിലെ കുഴികളും അപകടം വിളിച്ചു വരുത്തുന്നവയാണ്. ഈ കുഴികളില്‍ വീണ് അപകടം ഉണ്ടാകുന്നതും നിത്യ സംഭവമായിക്കൊണ്ടിരിക്കയാണ്. നീലേശ്വരം പാലത്തിന് സമീപം കഴിഞ്ഞ ദിവസം ഒരു വ്യാപാരിയുടെ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. റോഡില്‍ വീണു കിടന്ന ഇയാളെ അതുവഴി കടന്നു പോയ പൊലീസാണ് ആസ്പത്രിയിലെത്തിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് ദേശീയ പാത അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി കാലിക്കടവ് വരെ ദേശീയ പാതയിലെ കുഴികള്‍ അടച്ചത്. കഴിഞ്ഞവര്‍ഷവും ദേശീയപാതയില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ട് നിരവധി അപകടങ്ങള്‍ ഉണ്ടായിരുന്നു. കോടികള്‍ മുടക്കിയാണ് കെ.എസ്.ടി.പി. റോഡ് നിര്‍മ്മിച്ചത്. ഒന്നോ രണ്ടോ വര്‍ഷം തികയുന്നതിന് മുമ്പ് ഈ രീതിയില്‍ റോഡ് പൊട്ടിപ്പൊളിയുന്നത് അന്വേഷിച്ച് നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഇവരുടെ ചതിക്കുഴിയില്‍ അകപ്പെടുന്നത്. മനുഷ്യ ജീവന്‍ കൊണ്ട് പന്താടുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനാവണം.

Related Articles
Next Story
Share it