റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കണം

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കുന്നതിന് പുറമെ സൗജന്യ കിറ്റ് വിതരണത്തിന്റെ ചുമതലകൂടി വന്നതോടെ അവരുടെ ജോലി ഭാരം വര്‍ധിച്ചുവെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ 10 മാസത്തിലേറെയായി വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. 49 കോടി രൂപയാണത്രെ സംസ്ഥാനത്തെ റേഷന്‍ ഉടമകള്‍ക്ക് നല്‍കാനുള്ളത്. സംസ്ഥാനത്ത് 14,234 റേഷന്‍ ഡീലര്‍മാരാണുള്ളത്. ആദ്യ ലോക്ഡൗണ്‍ കാലത്ത് വിതരണം ചെയ്ത അതിജീവനക്കിറ്റിന്റെ പണം മാത്രമാണ് ലഭിച്ചത്. കിറ്റിന് ഏഴ് രൂപ വെച്ച് ലഭിച്ചുവെങ്കിലും പിന്നീടത് അഞ്ചായി. […]

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കുന്നതിന് പുറമെ സൗജന്യ കിറ്റ് വിതരണത്തിന്റെ ചുമതലകൂടി വന്നതോടെ അവരുടെ ജോലി ഭാരം വര്‍ധിച്ചുവെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ 10 മാസത്തിലേറെയായി വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. 49 കോടി രൂപയാണത്രെ സംസ്ഥാനത്തെ റേഷന്‍ ഉടമകള്‍ക്ക് നല്‍കാനുള്ളത്. സംസ്ഥാനത്ത് 14,234 റേഷന്‍ ഡീലര്‍മാരാണുള്ളത്. ആദ്യ ലോക്ഡൗണ്‍ കാലത്ത് വിതരണം ചെയ്ത അതിജീവനക്കിറ്റിന്റെ പണം മാത്രമാണ് ലഭിച്ചത്. കിറ്റിന് ഏഴ് രൂപ വെച്ച് ലഭിച്ചുവെങ്കിലും പിന്നീടത് അഞ്ചായി. ഓരോ റേഷന്‍ കടയിലും ഏകദേശം 600നും 700നും ഇടയില്‍ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 85 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് റേഷന്‍ കടകളിലൂടെ കിറ്റ് വിതരണം ചെയ്യുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ ധാന്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ കിറ്റും എ.പി.എല്‍കാര്‍ക്കുള്ള 10 കിലോഗ്രാം അരിയും ഉള്‍പ്പെടെ സ്റ്റോക്ക് സൂക്ഷിക്കാന്‍ അധിക മുറികള്‍ വാടകയ്ക്ക് എടുത്തിരുന്നു. മുറികള്‍ വാടകയ്‌ക്കെടുത്തും ജോലിക്കാരെ കൂലിക്ക് വിളിച്ചും സമയ ബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോള്‍ അവരെ അവഗണിക്കുന്നുവെന്നാണ് റേഷന്‍ ഡീലേര്‍സിന്റെ പരാതി. 45 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരിക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് 18,000 രൂപ ശമ്പളമാണ്. ഇതില്‍ നിന്ന് വേണം റേഷന്‍ കടയുടെ വാടകയും സെയില്‍സ്മാന്റെ ശമ്പളവും നല്‍കാന്‍. ഇതൊക്കെ കഴിച്ചാല്‍ തുച്ഛമായ തുക മാത്രമേ ലഭിക്കുന്നുവെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കിറ്റ് വിതരണം ചെയ്യുന്നതിന് 14രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഏഴ് രൂപ തരാമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ തവണ നല്‍കിയ ഓണക്കിറ്റിന് അത്രയും കമ്മീഷന്‍ നല്‍കിയെങ്കിലും പിന്നീടത് അഞ്ചുരൂപയാക്കി. 10 മാസമായി അതും നല്‍കിയില്ല. കിറ്റ് വിതരണം ചെയ്ത കമ്മീഷന്‍ പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനിലുമായി വ്യാപാരി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കിറ്റ് വിതരണം സേവനമായി കാണണമെന്നാണത്രെ മന്ത്രി പറഞ്ഞത്. കോവിഡിനെ പോലും വകവെക്കാതെ മുന്നണിപ്പോരാളികളായി രാവിലെ ഏട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ജോലി ചെയ്തിട്ടും ഇത് സേവനമായി കണക്കാക്കണമെന്ന് മന്ത്രി പറഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി. അഞ്ച് രൂപ പോലും വിലമതിക്കാത്ത കിറ്റ് സഞ്ചിക്ക് 12 രൂപ വെച്ച് നല്‍കുമ്പോള്‍ ദിവസം മുഴുവന്‍ ജോലി ചെയ്ത റേഷന്‍ ഡീലര്‍മാരോട് ചെയ്യുന്നത് ക്രൂരതയെന്നാണ് അവരുടെ പക്ഷം. ഉദ്യോഗസ്ഥ തലത്തില്‍ വ്യാപാരികള്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാകുന്നതായും അവര്‍ പരാതിപ്പെടുന്നു.
നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള സ്‌പെഷ്യല്‍ അരി സാധാരണ റേഷന്‍ വിതരണ സമയത്ത് എത്തിക്കുന്നതിന് പകരം ഓരോ മാസവും 20 ന് ശേഷമാണ് എത്തുന്നത്. ഇത് ചുരുക്കം ദിവസം കൊണ്ട് വിതരണം ചെയ്ത് മാസാവസാനം പണം അടക്കണം. ഇതും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. റേഷന്‍ വിതരണത്തിന് ഇ-പോസ് സംവിധാനം നിലവില്‍ വന്നതോടെ ഉപഭോക്താക്കള്‍ക്കും വലിയ ഗുണം ലഭിച്ചു. എവിടെ നിന്നും റേഷന്‍ വാങ്ങാം. ഓണത്തിന് മുമ്പ് കമ്മീഷന്‍ ലഭിക്കണമെന്നാണവരുടെ ആവശ്യം. സമരത്തിലേക്ക് വലിച്ചിഴക്കാതെ റേഷന്‍ വ്യാപാരികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം.

Related Articles
Next Story
Share it