കെ.എസ്.ആര്‍.ടി.സി<br>ജീവനക്കാരും അനാരോഗ്യപ്രവണതകളും

കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രധാന ചര്‍ച്ചാവിഷയമാകുകയാണ്. ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരോട് മാന്യമായി പെരുമാറുന്നവരാണ്. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ചില ജീവനക്കാരുടെ മോശം പെരുമാറ്റങ്ങള്‍ സ്ഥാപനത്തിന് മൊത്തമായും ചീത്തപ്പേരുണ്ടാക്കുന്നു. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡിന് വേണ്ടി എത്തിയ പിതാവിനെ പെണ്‍മക്കളുടെ മുന്നിലിട്ട് ചില ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവം സംസ്ഥാനമൊട്ടുക്കും കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി മുന്നിലുണ്ടായിട്ടുപോലും പൊലീസ് ആദ്യം ദുര്‍ബല വകുപ്പിട്ടാണ് കേസ് രജിസ്റ്റര്‍ […]

കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രധാന ചര്‍ച്ചാവിഷയമാകുകയാണ്. ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരോട് മാന്യമായി പെരുമാറുന്നവരാണ്. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ചില ജീവനക്കാരുടെ മോശം പെരുമാറ്റങ്ങള്‍ സ്ഥാപനത്തിന് മൊത്തമായും ചീത്തപ്പേരുണ്ടാക്കുന്നു. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡിന് വേണ്ടി എത്തിയ പിതാവിനെ പെണ്‍മക്കളുടെ മുന്നിലിട്ട് ചില ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവം സംസ്ഥാനമൊട്ടുക്കും കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി മുന്നിലുണ്ടായിട്ടുപോലും പൊലീസ് ആദ്യം ദുര്‍ബല വകുപ്പിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് വിവാദമായതോടെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തുകയായിരുന്നു. അച്ഛനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യത്തേക്കാള്‍ കണ്ടവരെ ഏറെ വേദനിപ്പിച്ചത് മകളുടെ അലറിക്കരച്ചിലാണ്. അച്ഛനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ആ മകളെയും യാതൊരു ദയയുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഷേധം വ്യാപിച്ചതോടെ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് വരെ മാപ്പ് പറയേണ്ടിവന്നു. എന്നാല്‍ അക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ജീവനക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം ഹൈക്കോടതി ഉയര്‍ത്തിയത് ഈയൊരു സാഹചര്യത്തിലാണ്. സസ്പെന്റ് ചെയ്തതുകൊണ്ട് മാത്രം അക്രമത്തിന് ഇരകളായവര്‍ക്ക് നീതി കിട്ടില്ലെന്ന് കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ജീവനക്കാര്‍ തിരിഞ്ഞുനോക്കാതിരുന്നതും വിമര്‍ശിക്കപ്പെടുന്നുണ്ട്. കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യവും ഇതിനിടയില്‍ പ്രചരിക്കുകയാണ്. യാത്രക്കാരെ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അകറ്റാന്‍ മാത്രമേ ഇത്തരം സമീപനങ്ങള്‍ ഇടവരുത്തുകയുള്ളൂ. പെണ്‍മക്കളുടെ മുന്നില്‍ വെച്ച് മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സംരക്ഷിക്കപ്പെടുകയാണെന്ന പൊതുബോധം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇടവരുത്തും. ശമ്പളപ്രശ്നവും നഷ്ടത്തിലോടുന്ന സ്ഥിതിയും കെ.എസ്.ആര്‍.ടി.സി നേരിടുന്ന വെല്ലുവിളിയാണ്. ഇതിനെ മറികടക്കണമെങ്കില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ പെരുമാറ്റം പ്രധാനഘടകമാണ്. യാത്രക്കാരില്‍ അമര്‍ഷവും വെറുപ്പുമുളവാക്കുന്ന വിധം പെരുമാറുന്ന ജീവനക്കാരെ പിരിച്ചുവിടണമെന്ന് പറയുന്നില്ല. തെറ്റ് തിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കണം. എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങണം.
യൂണിയനുകളുടെ ഇടപെടല്‍ കുറ്റം ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ഇത്തരം പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പരിഹാരമുണ്ടായില്ലെങ്കില്‍ ഇതിന്റെ ദോഷം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായിരിക്കും.

Related Articles
Next Story
Share it