എസ്.എസ്.എല്‍.സിക്ക് മിന്നും വിജയം

കോവിഡ് കാലത്ത് ക്ലാസ് മുറി കാണാതെയും ഓണ്‍ലൈന്‍ പഠനത്തിന്റെ യാതനകള്‍ താണ്ടിയും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ മിന്നുന്ന വിജയമാണ് കൈപ്പിടിയിലൊതുക്കിയത്. 99.47 ശതമാനമാണ് ഇത്തവണത്തെ റിക്കാര്‍ഡ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 98.82 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. മുന്‍വര്‍ഷങ്ങളിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അതും ഉണ്ടായിരുന്നില്ല. പരീക്ഷ ചൂടിനൊപ്പം മാസ്‌കും സാനിറ്റൈസറും കയ്യുറകളുമായി കോവിഡിനെ തോല്‍പ്പിച്ചാണ് അവര്‍ ഈ മിന്നും വിജയം കയ്യെത്തിപ്പിടിച്ചത്. പരീക്ഷ മാറ്റിവെക്കണമെന്ന് പല […]

കോവിഡ് കാലത്ത് ക്ലാസ് മുറി കാണാതെയും ഓണ്‍ലൈന്‍ പഠനത്തിന്റെ യാതനകള്‍ താണ്ടിയും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ മിന്നുന്ന വിജയമാണ് കൈപ്പിടിയിലൊതുക്കിയത്. 99.47 ശതമാനമാണ് ഇത്തവണത്തെ റിക്കാര്‍ഡ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 98.82 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. മുന്‍വര്‍ഷങ്ങളിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അതും ഉണ്ടായിരുന്നില്ല. പരീക്ഷ ചൂടിനൊപ്പം മാസ്‌കും സാനിറ്റൈസറും കയ്യുറകളുമായി കോവിഡിനെ തോല്‍പ്പിച്ചാണ് അവര്‍ ഈ മിന്നും വിജയം കയ്യെത്തിപ്പിടിച്ചത്. പരീക്ഷ മാറ്റിവെക്കണമെന്ന് പല തവണയായി രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകാന്‍ തന്നെ വിദ്യാഭ്യാസ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം ശരിയായിരുന്നുവെന്നാണ് പരീക്ഷാഫലം വ്യക്തമാക്കുന്നത്. 300ലേറെ കുട്ടികള്‍ കോവിഡ് പോസറ്റീവായാണ് പരീക്ഷക്കെത്തിയത്. പ്രത്യേക ഹാളില്‍ ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുകയായിരുന്നു. എഴുത്തുപരീക്ഷകള്‍ വിജയകരമായി നടത്തിയെങ്കിലും ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഉപേക്ഷിക്കേണ്ടി വന്നു. നിരന്തര മൂല്യനിര്‍ണയത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ ഗ്രേഡ് കണക്കാക്കിയത്. കോവിഡ് മൂലം കലാകായിക മത്സരങ്ങള്‍ ഒന്നും കഴിഞ്ഞ വര്‍ഷം നടത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് വേണ്ടെന്ന് വെച്ചത്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദ്യാര്‍ത്ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാനതല മത്സരങ്ങളിലെ പ്രകടനത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന് എസ്.സി.ഇ.ആര്‍.ടി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. സ്‌കൗട്ട്, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയില്‍ അംഗങ്ങളായ കുട്ടികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്നതോടെ എല്ലാ ജില്ലകളിലും ആനുപാതികമായി പ്ലസ്‌വണ്‍ സീറ്റ് വര്‍ധിപ്പിക്കേണ്ടി വരും. മൂന്നരലക്ഷം സീറ്റുകളാണ് നിലവിലുള്ളത്. നാലേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ 50,000ത്തിലധികം കുട്ടികള്‍ക്ക് അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. ഓണ്‍ലൈനായിത്തന്നെയാവും ഇത്തവണയും പ്ലസ്‌വണ്‍ പ്രവേശനം. ഒരു റവന്യുജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കുമായി ഒറ്റ അപേക്ഷ മതി. ഒരാള്‍ക്ക് ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിക്കാന്‍ തടസ്സമില്ല. കഴിഞ്ഞ തവണ തെക്കന്‍ ജില്ലകളില്‍ 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ വടക്കന്‍ ജില്ലകളില്‍ 20 ശതമാനമായിരുന്നു വര്‍ധന. വിജയത്തിന്റെ ആനുപാതികമായാണ് സീറ്റ് വര്‍ധിപ്പിക്കുന്നത്. സി.ബി.എസ്.സി. കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ കൂടി വരാനുണ്ട്. നേരത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ സി.ബി.എസ്.സി ഫലവും പുറത്തുവന്നിരുന്നു. ഇവര്‍ക്കും കേരള സിലബസില്‍ പ്ലസ്‌വണ്‍ പ്രവേശനം നേടാമായിരുന്നു. എന്നാല്‍ പരീക്ഷ നടത്താത്ത സാഹചര്യത്തില്‍ സി.ബി.എസ്.സി.ക്കാരുടെ പ്ലസ്‌വണ്‍ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കയാണ്. കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളും മികച്ച വിജയമാണ് കരസ്ഥമാക്കിയത്. 99.7 ശതമാനമാണ് ജില്ലയിലെ വിജയം. 10,621 പേരില്‍ 10,582 പേരും വിജയിച്ചു. ഇതില്‍ 4366 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ജില്ലയില്‍ 131 വിദ്യാലയങ്ങളില്‍ പരീക്ഷക്കിരുത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. എയ്ഡഡ് സ്‌കൂളുകള്‍ക്കൊപ്പം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മികച്ച വിജയം നേടാനായി. ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പരീക്ഷയെഴുതിയത് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്. 746 പേരെയാണ് പരീക്ഷക്കിരുത്തിയത്. ഇതില്‍ 745 കുട്ടികളും പാസായി. കര്‍ണ്ണാടകയിലെ ബന്ധുവീട്ടില്‍ കുടുങ്ങിയതിനാല്‍ ഒരു കുട്ടിക്ക് ഒരു പരീക്ഷ എഴുതാന്‍ പറ്റാതെ വന്നത് മൂലമാണ് നൂറു ശതമാനം വിജയം നഷ്ടമായത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കര്‍ണ്ണാടകയില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് കുട്ടിക്ക് എത്താന്‍ സാധിക്കാതെ വന്നത്. ഇതൊരു തോല്‍വിയായി കണക്കാക്കാനാവില്ല. ഇത്രയും വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൊയ്ത ടി.ഐ.എച്ച്.എസ് ജില്ലക്ക് അഭിമാനമെന്നതില്‍ തര്‍ക്കമില്ല. തുടര്‍ച്ചയായി എല്ലാ വര്‍ഷവും 100 ശതമാനം വിജയം നേടുന്ന ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു. ഇതിന്റെയൊപ്പം വിദ്യാര്‍ത്ഥികളെ നയിച്ച അധ്യാപകരും അഭിനന്ദനമര്‍ഹിക്കുന്നു.

Related Articles
Next Story
Share it