മൂന്നാം തരംഗം; ഐ.എം.എയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം

സംസ്ഥാനത്ത് കോവിഡ് വ്യാപനം 10 ശതമാനത്തിന് താഴേക്ക് പോകാത്ത ഒരു സ്ഥിതി വിശേഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് പ്രത്യേകിച്ച് ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ രോഗവ്യാപനം നന്നേ കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുന്നത് വലിയ ആശങ്ക ഉളവാക്കുന്നതാണ്. മരണ നിരക്കിലും ഒട്ടും കുറവില്ല. നൂറിലധികം പേര്‍ ഓരോ ദിവസവും മരണത്തിന് കീഴടങ്ങുന്നു. അതിനിടയിലാണ് മൂന്നാം തരംഗം ആസന്നമെന്ന ഐ.എം.എയുടെ മുന്നറിയിപ്പും വരുന്നത്. വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) […]

സംസ്ഥാനത്ത് കോവിഡ് വ്യാപനം 10 ശതമാനത്തിന് താഴേക്ക് പോകാത്ത ഒരു സ്ഥിതി വിശേഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് പ്രത്യേകിച്ച് ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ രോഗവ്യാപനം നന്നേ കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുന്നത് വലിയ ആശങ്ക ഉളവാക്കുന്നതാണ്. മരണ നിരക്കിലും ഒട്ടും കുറവില്ല. നൂറിലധികം പേര്‍ ഓരോ ദിവസവും മരണത്തിന് കീഴടങ്ങുന്നു. അതിനിടയിലാണ് മൂന്നാം തരംഗം ആസന്നമെന്ന ഐ.എം.എയുടെ മുന്നറിയിപ്പും വരുന്നത്.
വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതരും ജനങ്ങളും ഈ ഘട്ടത്തില്‍ അലംഭാവം കാട്ടരുതെന്നും വന്‍ പ്രതിസന്ധിക്ക് ഇടയാക്കിയ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുവന്നതേയുള്ളൂ എന്നും ഐ.എം.എ. ഓര്‍മ്മിപ്പിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ഭരണകൂടങ്ങളുടെയും ശ്രമഫലമായി രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി നാം അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരികളുടെ ചരിത്രം വെച്ച് പരിശോധിച്ചാലും ആഗോളതലത്തിലെ തെളിവുകള്‍ വെച്ച് നോക്കിയാലും മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതാണെന്നും ഐ.എം.എ. പറയുന്നു. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് മാനദണ്ഢങ്ങള്‍ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ വന്‍ തോതില്‍ തടിച്ചു കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. വിനോദയാത്രയും മതപരമായ സംഗമങ്ങളുമെല്ലാം ആവശ്യമുള്ള സംഗതികള്‍ തന്നെയാണ്. എങ്കിലും ഏതാനും മാസത്തേക്ക് ഇതെല്ലാം മാറ്റിവെച്ചേ മതിയാവൂ. ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കുന്നതും പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ ജനങ്ങളെ തടിച്ചു കൂടാന്‍ അനുവദിക്കുന്നതും കോവിഡിന്റെ മഹാ വ്യാപനത്തിന് കാരണമാവുമെന്നതില്‍ തര്‍ക്കമില്ല.
ആഗസ്തിന് മുമ്പ് മൂന്നാം തരംഗം എത്തുമെന്ന് വേണം കരുതാന്‍. രാജ്യത്ത് ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴേക്ക് വന്നിട്ടുണ്ട്. പ്രതിദിനം ഒന്നര ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്തു നിന്നാണ് നാല്‍പ്പതിനായിരത്തിലെത്തിയത്. ജുലായ് അവസാനത്തോടെ ഇത് പതിനായിരത്തിന് താഴെ എത്തുമെങ്കിലും മൂന്നാം തരംഗത്തിന്റെ വരവോടെ ഇത് വീണ്ടും കുത്തനെ ഉയരാം. പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടിയിരിക്കുന്നത്. രാജ്യത്തെ 130 കോടിയില്‍ ഏതാണ്ട് 30 കോടിയോളം പേര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാനായിട്ടുള്ളൂ. ആസ്പത്രികളില്‍ വേണ്ടത്ര സൗകര്യമൊരുക്കുക എന്നതും പ്രധാനപ്പെട്ടതാണ്. രണ്ടാം തരംഗത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ തികയാതെ രോഗികളെയും കൊണ്ട് ഓടുന്ന ബസുകളുടെ ചിത്രം മറക്കാറായിട്ടില്ല. കാസര്‍കോട് ജില്ലയിലടക്കം ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നെട്ടോട്ടമോടുന്ന ഒരു സ്ഥിതിയാണുണ്ടായത്. ഇപ്പോള്‍ ഭൂരിഭാഗം ആസ്പത്രികളിലും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചുവെന്നത് ആശ്വാസം പകരുന്നു. മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുകയെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. അവര്‍ക്കുള്ള വാക്‌സിന്‍ ഇതുവരെ എത്തിയിട്ടില്ല.
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ചെറിയൊരു ശതമാനത്തിന് മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ. വേണ്ടത്ര വാക്‌സിന്‍ ലഭ്യമല്ലാത്തതുതന്നെയാണ് കാരണം. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വാക്‌സിന്‍ എത്തിക്കാനുള്ള നടപടി ഉണ്ടാവണം.

Related Articles
Next Story
Share it