കര്‍ഷകര്‍ക്ക് സഹായം ഉറപ്പു വരുത്തണം

കാലവര്‍ഷം തുടങ്ങിയതോടെ കവുങ്ങ് കര്‍ഷകരും നേന്ത്രവാഴക്കര്‍ഷകരും വലിയ ദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷക്കാലത്ത് കവുങ്ങില്‍ കണ്ടുവരുന്ന മഹാളിരോഗമാണ് അവരെ ദുരിതത്തിലാക്കിയത്. അടക്കക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും മഹാളിരോഗത്തെ തുടര്‍ന്ന് അടക്കമുഴുവന്‍ കൊഴിഞ്ഞുപോവുകയാണ്. കഴിഞ്ഞ വര്‍ഷവും മലയോര മേഖലയില്‍ മഹാളി പടര്‍ന്നു പിടിച്ചിരുന്നു. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. വിളവിന്റെ പകുതിയിലേറെയും കൊഴിഞ്ഞു വീണു. അതുകൊണ്ട് തന്നെ വിലവര്‍ധവിന്റെ ഗുണം അവര്‍ക്ക് കിട്ടിയതേ ഇല്ല. ഇടതടവില്ലാതെ തുടര്‍ച്ചയായി പെയ്യുന്ന മഴയിലാണ് മഹാളി പടര്‍ന്നു പിടിക്കുന്നത്. തുരിശിന്റെയും നീറ്റുകക്കയുടെയും മിശ്രിതമായ ബോര്‍ഡോ മിശ്രിതം […]

കാലവര്‍ഷം തുടങ്ങിയതോടെ കവുങ്ങ് കര്‍ഷകരും നേന്ത്രവാഴക്കര്‍ഷകരും വലിയ ദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷക്കാലത്ത് കവുങ്ങില്‍ കണ്ടുവരുന്ന മഹാളിരോഗമാണ് അവരെ ദുരിതത്തിലാക്കിയത്. അടക്കക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും മഹാളിരോഗത്തെ തുടര്‍ന്ന് അടക്കമുഴുവന്‍ കൊഴിഞ്ഞുപോവുകയാണ്. കഴിഞ്ഞ വര്‍ഷവും മലയോര മേഖലയില്‍ മഹാളി പടര്‍ന്നു പിടിച്ചിരുന്നു. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. വിളവിന്റെ പകുതിയിലേറെയും കൊഴിഞ്ഞു വീണു. അതുകൊണ്ട് തന്നെ വിലവര്‍ധവിന്റെ ഗുണം അവര്‍ക്ക് കിട്ടിയതേ ഇല്ല. ഇടതടവില്ലാതെ തുടര്‍ച്ചയായി പെയ്യുന്ന മഴയിലാണ് മഹാളി പടര്‍ന്നു പിടിക്കുന്നത്. തുരിശിന്റെയും നീറ്റുകക്കയുടെയും മിശ്രിതമായ ബോര്‍ഡോ മിശ്രിതം തളിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ബോര്‍ഡോമിശ്രിതം തയ്യാറാക്കുന്നതിനാവശ്യമായ തുരിശിന്റെ വില ഇത്തവണ 50 ശതമാനത്തോളമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഒരു കിലോ ബോര്‍ഡോമിശ്രിതത്തിന് 300 രൂപയുണ്ടായിരുന്നിടത്ത് ഇത്തവണ 450 രൂപനല്‍കണം. തുരിശിനാണ് വില ഒറ്റയടിത്ത് വര്‍ധിച്ചത്. തുരിശ് ലായനിയും കുമ്മായ ലായനിയുമുണ്ടാക്കി ബോര്‍ഡോ മിശ്രിതം തയ്യാറാക്കുന്നവരാണ് ഭൂരിഭാഗം കര്‍ഷകരും. മുന്‍ കാലങ്ങളില്‍ കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ തുരിശ് ലഭിച്ചിരുന്നെങ്കിലും അടുത്ത കാലത്തായി അത് ലഭിക്കുന്നില്ല. പകല്‍ നേരങ്ങളില്‍ ഇടവിട്ട് പെയ്യുന്ന മഴ കാരണം മരുന്ന് തളിക്കുന്നതിനും തടസ്സമുണ്ടാവുന്നു. മരുന്ന് തളിച്ചുകഴിഞ്ഞാല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്കെങ്കിലും ഇടവേള ലഭിക്കണം. ഇപ്പോള്‍ ഇടക്കിടെ പെയ്യുന്ന മഴ ഇതിന് തടസം നില്‍ക്കുന്നു. മരുന്ന് തളിക്ക് ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതു കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. കവുങ്ങില്‍ കയറി മരുന്ന് തളിക്കുന്നതിന് പരിചയമുള്ള തൊഴിലാളികള്‍ക്കേ ആവൂ.
കാലാകാലമായി ബോര്‍ഡോ മിശ്രിതം മാത്രമാണ് മഹാളിക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നത്. പുതിയ മരുന്നുകള്‍ കണ്ടുപിടിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് പറയുന്നുണ്ട്. ഇത് കര്‍ഷകരിലെത്തിക്കാന്‍ കൃഷിവകുപ്പാണ് മുമ്പോട്ട് വരേണ്ടിയിരിക്കുന്നത്. കര്‍ഷക താല്‍പ്പര്യത്തിന് വിരുദ്ധമായി വളംനിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികളാണ് ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യുന്ന വളങ്ങള്‍ ഗുണനിലവാരം കുറഞ്ഞതും വ്യാജവുമാണെന്ന പരാതി എല്ലാ വര്‍ഷവും ഉയരുന്നുണ്ട്. വേപ്പ് പിണ്ണാക്ക്, എല്ല്‌പൊടി തുടങ്ങിയവയെപ്പറ്റിയാണ് എപ്പോഴും പരാതി ഉയരുന്നത്. ഏതെങ്കിലും കുത്തക കമ്പനികളില്‍ നിന്ന് വളം വാങ്ങി ചില ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ കൈപ്പറ്റുകയും കര്‍ഷകര്‍ക്ക് വ്യാജവളം നല്‍കുകയുമാണ് ചെയ്യുന്നതെന്ന് പരാതി ഉണ്ട്. നാട്ടുമ്പുറങ്ങളില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കാലിവളം ആവശ്യപ്പെട്ടാല്‍ അതിന് അനുമതിയില്ലെന്ന മറുപടിയാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുക.
നേന്ത്രവാഴകര്‍ഷകരാണ് ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം. കയ്യൂര്‍, മടിക്കൈ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നേന്ത്രവാഴകൃഷിചെയ്യുന്നത്. മൂപ്പെത്തിയ നേന്ത്രക്കായകളില്‍ കറുത്തപുള്ളികള്‍ പരക്കെ കാണുന്നതിനാല്‍ 'രണ്ടാം തര' മായാണ് കുലകള്‍ വില്‍ക്കേണ്ടിവരുന്നത്. വിളവെടുക്കുന്ന സമയമാവുമ്പോള്‍ എപ്പോഴും വില കുത്തനെ ഇടിയുന്ന സ്ഥിതിയാണ് കുറേ വര്‍ഷമായി കണ്ടുവരുന്നുണ്ട്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. അത് തിരിച്ചടക്കാന്‍ പോലും വിഷമിക്കുന്ന സ്ഥിതിയാണ് എപ്പോഴുമുള്ളത്.
കവുങ്ങ് കര്‍ഷകര്‍ക്കും നേന്ത്രവാഴക്കര്‍ഷകര്‍ക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് അവരുടെ സഹായത്തിനെത്തണം. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് മറ്റ് കൃഷിയിലേക്ക് പോവുക പ്രയാസമാണ്.

Related Articles
Next Story
Share it