കലക്ടര്‍ക്ക് സ്വാഗതം; ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കണം

കാസര്‍കോടിന്റെ മണ്ണിലേക്ക് ഒരു വനിതാ കലക്ടര്‍ എത്തിയിരിക്കുന്നു. ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ കലക്ടര്‍ ഭരണ സിരാകേന്ദ്രത്തിലെത്തുന്നത്. എഞ്ചിനീയറിംഗ് പഠിച്ചിറങ്ങും മുമ്പേ രാജ്യത്തെ രണ്ട് വന്‍കിട കമ്പനികളില്‍ നിന്ന് നിയമന ഉത്തരവുകള്‍ കൈയില്‍ കിട്ടിയിട്ടും സാമൂഹിക സേവനത്തിനുവേണ്ടി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുത്ത മഹാരാഷ്ട്ര സ്വദേശിനി ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് ജില്ലയുടെ ഇരുപത്തിനാലാമത് കലക്ടറായി ചുമതലയേറ്റെടുത്തിരിക്കുന്നത്. 37 വയസ് പിന്നിടുന്ന ജില്ലയുടെ മേധാവിയായി സ്വാഗത് ഭണ്ഡാരി എത്തുമ്പോള്‍ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനും ജില്ലയുടെ വികസനത്തിന് […]

കാസര്‍കോടിന്റെ മണ്ണിലേക്ക് ഒരു വനിതാ കലക്ടര്‍ എത്തിയിരിക്കുന്നു. ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ കലക്ടര്‍ ഭരണ സിരാകേന്ദ്രത്തിലെത്തുന്നത്. എഞ്ചിനീയറിംഗ് പഠിച്ചിറങ്ങും മുമ്പേ രാജ്യത്തെ രണ്ട് വന്‍കിട കമ്പനികളില്‍ നിന്ന് നിയമന ഉത്തരവുകള്‍ കൈയില്‍ കിട്ടിയിട്ടും സാമൂഹിക സേവനത്തിനുവേണ്ടി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുത്ത മഹാരാഷ്ട്ര സ്വദേശിനി ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് ജില്ലയുടെ ഇരുപത്തിനാലാമത് കലക്ടറായി ചുമതലയേറ്റെടുത്തിരിക്കുന്നത്. 37 വയസ് പിന്നിടുന്ന ജില്ലയുടെ മേധാവിയായി സ്വാഗത് ഭണ്ഡാരി എത്തുമ്പോള്‍ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനും ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കാനും കഴിയുമെന്ന് പ്രത്യാശിക്കാം. 2016ല്‍ ഏതാനും മാസം കോട്ടയം കലക്ടറായിരുന്ന അവര്‍ വ്യവസായ വാണിജ്യകാര്യാലയത്തിലെ ഡയറക്ടര്‍ പദവിയില്‍ നിന്നാണ് കാസര്‍കോട്ടേക്കെത്തുന്നത്. നിലവിലുണ്ടായിരുന്ന ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു തുടങ്ങിവെച്ച ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജില്ല രൂപീകരിച്ച് 37 വര്‍ഷം പിന്നിടുമ്പോഴും ആരോഗ്യ -വ്യവസായ-തൊഴില്‍-വിദ്യാഭ്യാസ മേഖലയിലൊക്കെ ജില്ല ഇപ്പോഴും പിറകില്‍ തന്നെയാണ്. കോവിഡ് മൂര്‍ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴാണ് പുതിയ കലക്ടര്‍ ചുമതലയേറ്റെടുത്തിരിക്കുന്നത്. ടി.പി.ആര്‍. നിരക്കില്‍ കാസര്‍കോട്ടെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഡി കാറ്റഗറിയിലാണുള്ളത്. കോവിഡിനെ തടയുന്നതില്‍ ഇനിയും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ജില്ല എത്തേണ്ടിയിരിക്കുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറുകണക്കിലാളുകള്‍ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. മറ്റ് ജില്ലകളെ അപേക്ഷിച്ച് പരിമിതമായ ചികിത്സാ സൗകര്യങ്ങളേ കാസര്‍കോട്ടുള്ളൂ. മൂന്നാം തരംഗത്തിന്റെ അടുത്തെത്തി നില്‍ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിവരും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ ഇല്ലാത്ത ഒരേ ഒരു ജില്ല കാസര്‍കോടാണ്. ഇപ്പോഴും വിദഗ്ധ ചികിത്സക്കായി മംഗളൂരുവിനെത്തന്നെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. കോവിഡിന്റെ പേരില്‍ മംഗളൂരുവിലേക്കുള്ള വഴി കൊട്ടിയടക്കുകയും ഗുരുതരാവസ്ഥയിലുള്ള നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത സംഭവം മറക്കാറായിട്ടില്ല. ഉക്കിനടുക്കയില്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. കാസര്‍കോടിനൊപ്പം തറക്കല്ലിട്ട മഞ്ചേരിയിലെയും മറ്റും മെഡിക്കക്കല്‍ കോളേജുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ഇപ്പോള്‍ കോവിഡ് ആസ്പത്രിയാണ്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തിരുവനന്തപുരത്തുനിന്നും കൊല്ലത്തു നിന്നും ഡോക്ടര്‍മാരെയും അനുബന്ധ ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടേഷനില്‍ എത്തിച്ചിരുന്നുവെങ്കിലും ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അവര്‍ അതേ പോലെ തിരികെ പോയി. സംസ്ഥാന സര്‍ക്കാര്‍ കുറേ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരും ഇപ്പോഴുമില്ല. തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രിയാണ് കോവിഡ് കാലത്ത് രോഗികള്‍ക്ക് അല്‍പ്പമൊരു ആശ്വാസം നല്‍കിയത്. എന്നാല്‍ ആസ്പത്രിക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരും വേണം. ആസ്പത്രിയുടെ ചോര്‍ച്ച അടച്ചിട്ടുണ്ടെങ്കിലും ഇവിടേക്കുള്ള വൈദ്യുതി, റോഡ് കാര്യങ്ങളിലും സ്ഥിരമായ സംവിധാനം ഉണ്ടാവണം. വൈദ്യുതി, വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും ജില്ല ഏറെ പിന്നിലാണ്. കാസര്‍കോടിനു വേണ്ട വൈദ്യുതി കര്‍ണാടകയില്‍ നിന്നാണ് എത്തുന്നത്. അത്‌കൊണ്ടുവരാനുള്ള ലൈനിന്റെ പണി നടന്നുവരുന്നുണ്ടെങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നത്. മലയോരമേഖലയിലൊക്കെ ഇപ്പോഴും വോള്‍ട്ടേജ് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. റോഡിന്റെ കാര്യത്തിലും ഏറെ മുമ്പോട്ട് പോവേണ്ടിയിരിക്കുന്നു. കര്‍ണാടകയില്‍ നിന്നുള്ള ആറ്‌വരിപാത തലപ്പാടിയില്‍ അവസാനിച്ചിരിക്കയാണ്. തലപ്പാടി മുതല്‍ ചെറുവത്തൂര്‍ വരെയുള്ള റിച്ചിന്റെ സ്ഥലം അക്വിസിഷനും സഹായ വിതരണവും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. തീവണ്ടികളുടെ കാര്യത്തിലും വലിയ അവഗണന നേരിടുകയാണ്. കണ്ണൂരില്‍ നിര്‍ത്തിയിടുന്ന തീവണ്ടികള്‍ മംഗളൂരുവരെ ഓടിക്കാനുള്ള നടപടി വേണം. മറ്റ് ജില്ലകള്‍ക്ക് മെമു തീവണ്ടികള്‍ അനുവദിച്ചപ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളോടാണ് റെയില്‍വെ മുഖം തിരിച്ചു നില്‍ക്കുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഒട്ടേറെ പദ്ധതികളുണ്ട്. പുതിയ ജില്ലാ കലക്ടര്‍ ഈ കാര്യങ്ങളിലൊക്കെ ശ്രദ്ധ പതിപ്പിക്കണം.

Related Articles
Next Story
Share it