കരുതിയിരിക്കണം സിക്ക വൈറസിനെയും

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ കൊതുകുകള്‍ പരത്തുന്ന സിക്ക എന്ന വൈറസ് കൂടി സംസ്ഥാനത്ത് കണ്ടെത്തിയിരിക്കയാണ്. തിരുവനന്തപുരത്ത് സ്വകാര്യആസ്പത്രിയില്‍ ചികിത്സയിലുള്ള പാറശ്ശാല സ്വദേശിനിയായ 24കാരിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചിലരില്‍ നടത്തിയ പരിശോധനയില്‍ 13 പേര്‍ക്ക് കൂടി സിക്ക വൈറസ് കണ്ടെത്തുകയുണ്ടായി. പൂനെയിലെ ദേശീയ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് എന്ന് സ്ഥിരീകരിച്ചത്. പകല്‍ കാണപ്പെടുന്ന ഈഡിസ് വിഭാഗത്തില്‍പെടുന്ന കൊതുകുകളാണത്രെ സിക്ക വൈറസ് പരത്തുന്നത്. എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കാനും ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ […]

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ കൊതുകുകള്‍ പരത്തുന്ന സിക്ക എന്ന വൈറസ് കൂടി സംസ്ഥാനത്ത് കണ്ടെത്തിയിരിക്കയാണ്. തിരുവനന്തപുരത്ത് സ്വകാര്യആസ്പത്രിയില്‍ ചികിത്സയിലുള്ള പാറശ്ശാല സ്വദേശിനിയായ 24കാരിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചിലരില്‍ നടത്തിയ പരിശോധനയില്‍ 13 പേര്‍ക്ക് കൂടി സിക്ക വൈറസ് കണ്ടെത്തുകയുണ്ടായി. പൂനെയിലെ ദേശീയ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് എന്ന് സ്ഥിരീകരിച്ചത്. പകല്‍ കാണപ്പെടുന്ന ഈഡിസ് വിഭാഗത്തില്‍പെടുന്ന കൊതുകുകളാണത്രെ സിക്ക വൈറസ് പരത്തുന്നത്. എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കാനും ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എലിസ, ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയാണ് വൈറസിനെ കണ്ടെത്തുക. ആര്‍.എന്‍.എ ജനിതകഘടനയില്‍ പെടുന്ന സിക്ക വൈറസിന് വായുവിലൂടെ സഞ്ചരിക്കാനാവില്ല. ജീവകോശങ്ങള്‍ക്ക് പുറമെ എട്ടുമണിക്കൂര്‍ മാത്രമേ നിലനില്‍ക്കാനാവു. തലവേദന, പനി, പേശിവേദന, കണ്ണ് വീക്കം, തൊലിയില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഡെങ്കിപ്പനിക്ക് സമാനമായ രോഗമാണിത്. ഇത് മാരകമല്ലെങ്കിലും ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെറിയൊരു ശതമാനം പേര്‍ക്ക് സിക്ക ബാധയെത്തുടര്‍ന്ന് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകളില്‍ മാത്രം കണ്ടു വന്ന സിക്ക വൈറസ് ബാധ ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയത് 1952ലാണ്. പിന്നീടത് 71 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ ബ്രസീലില്‍ രോഗവ്യാപനം ഉണ്ടായപ്പോഴാണ് ഗര്‍ഭിണികളില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് രോഗം പടരുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വൈറസ് ബാധ ആക്ടീവാണെന്ന് സ്ഥിരീകരിക്കുന്ന സ്ഥലങ്ങളിലേക്ക് ഗര്‍ഭിണികള്‍ യാത്ര ചെയ്യരുതെന്ന് യു.എസ് രോഗപ്രതിരോധ ഏജന്‍സിയായ സി.ഡി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വാക്കിസോ ജില്ലയിലെ എന്റേബേ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു വനപ്രദേശമാണ് സിക്ക. 1947 ഏപ്രിലില്‍ ഈ വനമേഖലയില്‍ കുരങ്ങുകളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. 1948ലാണ് ഈ കാടിന്റെ പേര് വൈറസിനിട്ടത്. ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാനിസ്, മസ്തിഷ്‌കജ്വരം, ഹെപ്പറ്റിറ്റീസ്-സി, വൈസ്റ്റ് നൈല്‍ വൈറസ് ബാധ തുടങ്ങിയവ സമാനലക്ഷണങ്ങളുള്ള രോഗങ്ങളാണ്. രണ്ട് ദിവസം മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കും. മൂന്ന് ദിവസം മുതല്‍ 14 ദിവസമാണ് വൈറസിന്റെ ഇന്‍ക്വുബേഷന്‍ കാലയളവ്. പ്രധാനമായും ഈഡിസ്(ഈജിപ്തി, ഈഡിസ് ആല്‍ബോ പിക്റ്റ്‌സ്) കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. പകല്‍നേരത്താണ് ഇത്തരം കൊതുകുകള്‍ കടിക്കുന്നത്. രോഗവാഹകരായേക്കാവുന്ന കുരങ്ങ് പോലുള്ള മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊതുക് വഴി രോഗം പകരാം. കൊതുകിന്റെ കടിയേല്‍ക്കാതെ മാറി നില്‍ക്കുകയാണ് ഏകവഴി. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയല്ലാതെ പ്രത്യേകമായി മരുന്നും കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കുകയും കൊതുക് വല ഉപയോഗിക്കുകയും ചെയ്താല്‍ കൊതുകുകളെ തടയാം. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ സംരക്ഷിക്കുകയും വേണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന അതേ ഗൗരവത്തില്‍ വേണം സിക്ക വൈറസിനെയും കാണാന്‍.

Related Articles
Next Story
Share it