ഇനിയും ജാഗ്രത വേണം

കോവിഡിന്റെ രണ്ടാം ഘട്ടം തുടരുമ്പോള്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴും കേരളത്തില്‍ ടി.പി.ആര്‍. നിരക്ക് 10 ശതമാനത്തിന് താഴേക്ക് കൊണ്ടുവരാനായിട്ടില്ല. കഴിഞ്ഞ ദിവസം 15600 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തുകയും 140 ലേറെ പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ച പുതിയ കോവിഡ് കേസുകളില്‍ 32 ശതമാനത്തിലേറെയും കേരളത്തിലാണെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ 43,700 രോഗികളില്‍ 15000ത്തിലധികം കേസുകള്‍ സ്ഥിരീകരിച്ച ഏക സംസ്ഥാനവും കേരളമാണ്. 8000 ത്തോളം കേസുകളുള്ള മഹാരാഷ്ട്രയാണ് […]

കോവിഡിന്റെ രണ്ടാം ഘട്ടം തുടരുമ്പോള്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴും കേരളത്തില്‍ ടി.പി.ആര്‍. നിരക്ക് 10 ശതമാനത്തിന് താഴേക്ക് കൊണ്ടുവരാനായിട്ടില്ല. കഴിഞ്ഞ ദിവസം 15600 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തുകയും 140 ലേറെ പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ച പുതിയ കോവിഡ് കേസുകളില്‍ 32 ശതമാനത്തിലേറെയും കേരളത്തിലാണെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ 43,700 രോഗികളില്‍ 15000ത്തിലധികം കേസുകള്‍ സ്ഥിരീകരിച്ച ഏക സംസ്ഥാനവും കേരളമാണ്. 8000 ത്തോളം കേസുകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 52 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. കാസര്‍കോട് ജില്ലയിലും ഒട്ടേറെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വീണ്ടും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്. ജില്ലയില്‍ 19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് തീവ്ര നിയന്ത്രണം വേണ്ട ഡി കാറ്റഗറിയില്‍പ്പെട്ടിരിക്കുന്നത്. ഈ പഞ്ചായത്ത് നഗരസഭാ പരിധികളില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് (ടി.പി.ആര്‍.) 31നും 15നും ഇടയിലാണ്. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെയാണ് ആളുകള്‍ കൂട്ടത്തോടെ വീടുകള്‍ക്ക് പുറത്ത് ഇറങ്ങിത്തുടങ്ങിയത്. വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ബസുകളിലുമൊക്കെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബസുകള്‍ ഒറ്റ അക്ക ഇരട്ട അക്ക രീതിയിലായപ്പോള്‍ രണ്ട് ബസുകളില്‍ കയറേണ്ട ആളുകള്‍ ഒറ്റ ബസില്‍ തന്നെ തിക്കിത്തിരക്കിക്കയറ്റുന്ന അവസ്ഥയാണ് ഉണ്ടായത്. മാസ്‌ക് പോലും ഇല്ലാതെ ആളുകള്‍ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയത് 3000ത്തോളം ആളുകളാണത്രെ. അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതൊക്കെ തെളിയിക്കുന്നത് നാം ഇപ്പോഴും ഇതിന്റെ ഭീകരത മനസിലാക്കിയിട്ടില്ലെന്നാണ്. രാജ്യത്ത് നാല് ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ കേരളത്തില്‍ മാത്രം 14,000ത്തിലേറെപ്പേരാണ് മരണമടഞ്ഞത്. മദ്യശാലകളിലെതിരക്കും വിവാഹമാമാങ്കങ്ങളുമൊക്കെ നിയന്ത്രിക്കാന്‍ നമുക്കാവുന്നില്ല. കഴിഞ്ഞ ദിവസം കേരളഹൈക്കോടതി തന്നെ ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി ശാസിച്ചിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് 20 പേര്‍ക്ക് മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. എന്നാല്‍ 200 ലേറെ ആളുകള്‍ സംഘടിച്ചുള്ള വിവാഹ ചടങ്ങുകളാണ് എല്ലായിടത്തും നടക്കുന്നത്. മരണ വീടുകളിലെയും സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമല്ല. മരണാനന്തര ചടങ്ങുകളും പേരിന് മാത്രമായി ആരും ചുരുക്കുന്നില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പിലെ തിരക്ക് സര്‍വ്വ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയാണെന്ന് കോടതി തന്നെ വ്യക്തമാക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണെങ്കില്‍ രോഗ വ്യാപനം കൂടുമെന്നത് ആര്‍ക്കാണ് അറിയാത്തത്. ചില ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ 500ലേറെ ആളുകളാണ് പുലര്‍ച്ചെ മുതല്‍ ക്യൂനില്‍ക്കുന്നത്. കഴിഞ്ഞ തവണ ലോക്ഡൗണിന് ശേഷം ബെവ്‌കോ തുറന്നപ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു സംവിധാനമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മദ്യശാലകള്‍ക്ക് മുന്നില്‍ മാത്രം ഇത്തരം ലംഘനങ്ങള്‍ അനുവദിച്ചുകൂടാത്തതാണ്. ആഗോള തലത്തില്‍ പല രാജ്യങ്ങളിലും കോവിഡ് തിരിച്ചുവരുന്നതായാണ് കാണുന്നത്. ചിലേടങ്ങളില്‍ മൂന്നാം തരംഗം തുടങ്ങിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 40 ലക്ഷത്തിലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്. 1982ന് ശേഷം ലോക രാജ്യങ്ങളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാളും കൂടുതലാണിത്. തുടക്കത്തില്‍ ഉണ്ടായ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നതും മാനവരാശിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റാവേരിയന്റിന്റെ വ്യാപനം അതിവേഗം മറ്റ് രാജ്യങ്ങളിലേക്കും എത്തുന്നുവെന്നത് ഭയാശങ്കയോടെ വേണം കാണാന്‍.

Related Articles
Next Story
Share it