കടലിന്റെ മക്കളുടെ കണ്ണീര്‍

കാസര്‍കോട് ജില്ലയെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ തോണി തിരയില്‍പെട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിനുപോയ തോണി ശക്തമായ തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. ഏഴുപേരാണ് തോണിയിലുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ മറ്റ് തോണികളിലുണ്ടായവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ജില്ലാ അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് കഴിഞ്ഞ ഒരുമാസത്തോളമായി ഈ ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയിരുന്നില്ല. മാനം ഏതാണ്ട് തെളിയുകയും കടല്‍ശാന്തമാവുകയും ചെയ്തപ്പോഴാണ് ഇവര്‍ കടലിലിറങ്ങിയത്. പ്രതീക്ഷിക്കാതെയാണ് കടല്‍ രൗദ്രഭാവം പൂണ്ട് മൂന്നുപേരുടെയും ജീവനെടുത്തത്. കൊറോണയും ട്രോളിങ്ങുമൊക്കെയായി മത്സ്യത്തൊഴിലാളികളുടെ […]

കാസര്‍കോട് ജില്ലയെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ തോണി തിരയില്‍പെട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിനുപോയ തോണി ശക്തമായ തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. ഏഴുപേരാണ് തോണിയിലുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ മറ്റ് തോണികളിലുണ്ടായവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ജില്ലാ അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് കഴിഞ്ഞ ഒരുമാസത്തോളമായി ഈ ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയിരുന്നില്ല. മാനം ഏതാണ്ട് തെളിയുകയും കടല്‍ശാന്തമാവുകയും ചെയ്തപ്പോഴാണ് ഇവര്‍ കടലിലിറങ്ങിയത്. പ്രതീക്ഷിക്കാതെയാണ് കടല്‍ രൗദ്രഭാവം പൂണ്ട് മൂന്നുപേരുടെയും ജീവനെടുത്തത്. കൊറോണയും ട്രോളിങ്ങുമൊക്കെയായി മത്സ്യത്തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. അതിനിടയിലാണ് ഒരു നാടിനെത്തന്നെ കണ്ണീരിലാഴ്ത്തി മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞത്. ട്രോളിങ്ങ് ഈ സമയത്ത് എല്ലാ വര്‍ഷവും ഉണ്ടാകാറുള്ളതാണെങ്കിലും കൊറോണയുടെ പേരില്‍ പുറത്തിറങ്ങാനാവാത്തത് പല കുടുംബങ്ങളുടെയും അന്നും മുട്ടിച്ചു. മത്സ്യ ബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്താനുള്ള തീരദേശ സംരക്ഷണ സേനയുടെ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇത് കൂടുതല്‍ വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു. മുങ്ങല്‍ വിദഗ്ധരടക്കമുള്ള സംഘവും ആധുനിക സംവിധാനവും ഉണ്ടാവണം. തീരദേശ സംരക്ഷണ സേനയുടെ ബോട്ട് കടലിലിറക്കാന്‍ തന്നെ ഏറെ പാടുപെടേണ്ടിവരുന്നു. ബോട്ട് ഓടിക്കാന്‍ സ്ഥിരമായി സ്രാങ്കും ഡ്രൈവറും വേണം. ഇവിടെ താല്‍ക്കാലികക്കാരെ നിയമിച്ചുകൊണ്ടാണ് ബോട്ട് കടലിലിറക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയോളം താല്‍ക്കാലികക്കാരെ നിയമിക്കാത്തതിനാല്‍ ബോട്ട് ഇറക്കാനേ പറ്റിയിരുന്നില്ല. 10 വര്‍ഷത്തിലധികമായി താല്‍ക്കാലിക ജോലിയില്‍ തുടരുന്നവരാണ് സ്രാങ്കും ഡ്രൈവറും. ജീവന്‍ പണയം വെച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങുന്നത്. കേരളത്തിന്റെ കടല്‍ത്തീരത്ത് ലക്ഷക്കണക്കിനാളുകളാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലിയില്‍ കഴിയുന്നത്. മറ്റ് മേഖലകളേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കേണ്ടവരാണ് ഇവര്‍. എന്നാല്‍ കടലോരമേഖലയില്‍ ഓരോ വര്‍ഷവും ഇതുപോലെ എത്രയോ പേരാണ് കടലില്‍ മുങ്ങിമരിക്കുന്നത്. കീഴൂരിന്റെ മാത്രം അവസ്ഥയല്ലിത്. മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണം ആ കുടുംബങ്ങള്‍ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവണം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പതിനായിരങ്ങളുണ്ട്. പലരും കാര്‍ഷികമേഖലയിലേക്കും മറ്റും തിരിഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായി അധ്വാനിക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ ആ മേഖലയിലേക്കും ചേക്കേറാനാവുന്നില്ല. പലര്‍ക്കും പത്തോ, ഇരുപതോ സെന്റ് ഭൂമിയും കൊച്ചുകൂരകളുമാണുള്ളത്. അടുപ്പില്‍ തീപുകയണമെങ്കില്‍ കടലില്‍ ഇറങ്ങാതെ വയ്യ. ഇത്തരം സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ അരിയും അവശ്യ വസ്തുക്കളും നല്‍കി സഹായിക്കാന്‍ സര്‍ക്കാര്‍ മുമ്പോട്ട് വരുന്നുണ്ട്. എന്നാല്‍ പത്തോ ഇരുപതോ കിലോ അരിയും ഒരു കിറ്റും കിട്ടിയതുകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല. അവരുടെ കുടുംബങ്ങള്‍ക്ക് ജീവിതം നിലനിര്‍ത്താനുള്ള ആനുകൂല്യം ലഭ്യമാക്കണം.

Related Articles
Next Story
Share it