പാചകവാതകത്തിന്റെ പേരിലും കൊള്ള

പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ ജനങ്ങളുടെ തലയില്‍ വലിയ ഭാരം കയറ്റി വെച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പാചക വാതകത്തിന് വര്‍ധിപ്പിച്ചത് 25 രൂപ 50 പൈസയാണ്. ഇതോടെ 14 കിലോ വരുന്ന ഒരു പാചകവാതക സിലിണ്ടറിന്റെ വില 841 രൂപയായി. വാണിജ്യ സിലിണ്ടറിന് 80 രൂപ വര്‍ധിച്ച് 1550 രൂപയിലെത്തി. ഓരോ മാസത്തേയും ആദ്യ ദിവസം എല്‍.പി.ജി വില പുതുക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ […]

പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ ജനങ്ങളുടെ തലയില്‍ വലിയ ഭാരം കയറ്റി വെച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പാചക വാതകത്തിന് വര്‍ധിപ്പിച്ചത് 25 രൂപ 50 പൈസയാണ്. ഇതോടെ 14 കിലോ വരുന്ന ഒരു പാചകവാതക സിലിണ്ടറിന്റെ വില 841 രൂപയായി. വാണിജ്യ സിലിണ്ടറിന് 80 രൂപ വര്‍ധിച്ച് 1550 രൂപയിലെത്തി. ഓരോ മാസത്തേയും ആദ്യ ദിവസം എല്‍.പി.ജി വില പുതുക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 140 രൂപയാണ് വര്‍ധിപ്പിച്ചത്. 2020 സെപ്തംബര്‍ ഒന്ന് മുതല്‍ പാചക വാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയും കേന്ദ്രം ഒരു മുന്നറിയിപ്പുമില്ലാതെയാണ് നിര്‍ത്തിയത്. സിലിണ്ടര്‍ വാങ്ങുമ്പോള്‍ സബ്‌സിഡി നല്‍കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ രാജ്യത്തെ 90 ശതമാനം ആളുകളും പാചകത്തിന് മറ്റ് സംവിധാനങ്ങള്‍ ഒഴിവാക്കി പാചകവാതകത്തെ ആശ്രയിച്ചു തുടങ്ങിയപ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ സബ്‌സിഡി നിര്‍ത്തിക്കളഞ്ഞത്. സബ്‌സിഡി ഉള്ളതും ഇല്ലാത്തതുമായ സിലിണ്ടറിന് വിപണിയില്‍ ഒരേ വിലയാണിപ്പോള്‍. സബ്‌സിഡി സിലിണ്ടറിന്റെ വില പടി പടിയായി ഉയര്‍ത്തിയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വില ആഗോള എണ്ണ വില കുറവിന് അനുസൃതമായി കുറച്ചുമാണത്രെ ഏകീകരിച്ചത്. ഇതോടെ 2021ല്‍ സബ്‌സിഡി നല്‍കേണ്ട 20,000 കോടി രൂപ കേന്ദ്രത്തിന് ചെലവഴിക്കേണ്ടി വന്നില്ല. കേരളത്തില്‍ നിലവില്‍ എണ്ണക്കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിന് കീഴില്‍ 27,279 പേര്‍ക്കാണ് പാചകവാതക വിലയില്‍ ഇളവ് ലഭിച്ചുവന്നിരുന്നത്. സബ്‌സിഡി നിര്‍ത്തിയതോടെ മുഴുവന്‍ വിലയും നല്‍കിയാണിപ്പോള്‍ ഉപഭോക്താക്കള്‍ അടുപ്പ് പുകയ്ക്കുന്നത്. മുമ്പ് മണ്ണെണ്ണയും വിറകുമാണ് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ കൂടുതലും ഉപയോഗിച്ചിരുന്നത്. കേന്ദ്രം സംസ്ഥാനത്തിന് നല്‍കി വന്നിരുന്ന മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചതോടെ മണ്ണെണ്ണ കിട്ടാതായി. ഇപ്പോള്‍ വെള്ള, നീല കാര്‍ഡുകള്‍ക്ക് ലഭിക്കുന്നത് മൂന്ന് മാസത്തേക്ക് അരലിറ്റര്‍ മണ്ണെണ്ണയാണ്. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നല്‍കി വന്നിരുന്ന മണ്ണെണ്ണ പോലും വെട്ടിക്കുറച്ചു. ഈയൊരു സാഹചര്യത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് 100 രൂപക്ക് മേല്‍ വില കൊടുത്ത് മണ്ണെണ്ണ വാങ്ങി ഉപയോഗിക്കാന്‍ ആര്‍ക്കും പറ്റാതായി. വിറകിനും വലിയ ക്ഷാമമാണ്് അനുഭവപ്പെടുന്നത്. വിറക് കടകളില്‍ വലിയ വില കൊടുത്താലേ വിറക് ലഭിക്കു. ഈയൊരു സാഹചര്യത്തിലാണ് എല്ലാവര്‍ക്കും പാചകവാതകത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നത്. മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പാചകവാതകം സുലഭമാക്കിയതും ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിച്ചു. സബ്‌സിഡിയോടു കൂടി കിട്ടുമല്ലോ എന്ന് കരുതിയാണ് പലരും മറ്റെല്ലാ വഴികളും ഒഴിവാക്കി പാചകവാതകത്തിന് പിന്നാലെ പോയത്. സബ്‌സിഡി നിര്‍ത്തലാക്കുകയും അടിക്കടി പാചകവാതക വില വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഉപഭോക്താക്കള്‍ തീര്‍ത്തും വെട്ടിലാവുകയായിരുന്നു. സബ്‌സിഡി ഇല്ലാത്ത പാചകവാതക വില നിര്‍ണയത്തിന്റെ മാനദണ്ഡമെന്തെന്നതിന് സര്‍ക്കാറിനും എണ്ണക്കമ്പനികള്‍ക്കും വിശദീകരണമില്ല. അടിസ്ഥാന വില എത്രയെന്നും വ്യക്തമാകുന്നില്ല. പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണെന്ന സംശയവും ഉയരുന്നുണ്ട്. സബ്‌സിഡി ഭാരം സ്വകാര്യകമ്പനികള്‍ ഏറ്റെടുക്കില്ല. ഇവയുടെ വില്‍പ്പനക്ക് മുമ്പ് തന്നെ പാചക വാതകം സബ്‌സിഡി ഇല്ലാത്ത ഉല്‍പ്പന്നനമാക്കി തലയൂരാനുള്ള നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാണിജ്യസിലിണ്ടര്‍ വില വര്‍ധിച്ചത് ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും വലിയ പ്രതിസന്ധിയിലാക്കി. കൊറോണ മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇവര്‍ക്ക് മേല്‍ പാചകവാതക വില വര്‍ധന വലിയ പ്രതിസന്ധിയുണ്ടാക്കും. ഇന്ധനവിലയും പാചകവാതകവിലയും അടിക്കടി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.

Related Articles
Next Story
Share it