മൂന്നാം തരംഗം; ആശ്വാസം നല്‍കുന്ന പഠനം

കോവിഡ് മൂന്നാം തരംഗം അതിതീവ്രമാവില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനം ആശ്വാസമുളവാക്കുന്നതാണ്. നേരത്തെ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധ ശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തില്‍ പുതിയ വകഭേദം തരംഗത്തിന് കാരണമാവൂ എന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരാളില്‍ നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഒരു തരംഗമുണ്ടാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഊര്‍ജ്ജിതമായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഭാവിയിലെ തരംഗത്തിന്റെ കാഠിന്യം കുറക്കും. 2020 ജനുവരി […]

കോവിഡ് മൂന്നാം തരംഗം അതിതീവ്രമാവില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനം ആശ്വാസമുളവാക്കുന്നതാണ്. നേരത്തെ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധ ശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തില്‍ പുതിയ വകഭേദം തരംഗത്തിന് കാരണമാവൂ എന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരാളില്‍ നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഒരു തരംഗമുണ്ടാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഊര്‍ജ്ജിതമായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഭാവിയിലെ തരംഗത്തിന്റെ കാഠിന്യം കുറക്കും. 2020 ജനുവരി അവസാനമാണ് ഇന്ത്യയില്‍ കോവിഡ് തുടങ്ങിയത്. സെപ്തംബറില്‍ ഒന്നാം തരംഗം അതിന്റെ ഉച്ചിയിലെത്തി. രണ്ടാം തരംഗം ഈ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് ആരംഭിച്ചത്. തരംഗത്തിന്റെ മൂര്‍ച്ഛ കുറഞ്ഞെങ്കിലും അവസാനിച്ചിട്ടില്ല. ഇപ്പോഴും കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍.) 10 ശതമാനത്തില്‍ താഴെ എത്തിയിട്ടില്ല. ഇപ്പോഴും സംസ്ഥാനത്ത് ഓരോ ദിവസവും 10,000ത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നുണ്ട്. മരണ നിരക്കിലും വലിയ കുറവ് പറയാറായിട്ടില്ല. അതില്‍ കഴിഞ്ഞ ദിവസം മാത്രമാണ് 100ല്‍ താഴെ എത്തിയത്. രണ്ടാം തരംഗത്തിനിടയിലാണ് വൈറസിന് തീവ്രതയേറിയ വകഭേദങ്ങള്‍ ഉണ്ടായത്. യു.എസ്., യു.കെ. എന്നിവിടങ്ങില്‍ മൂന്നാം തരംഗം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ രോഗ വ്യാപനം കൂടുതല്‍ നടന്നതിനാല്‍ ഇനി തരംഗം ഉണ്ടാവുകയാണെങ്കില്‍ അത് രണ്ടാമത്തേതു പോലെ അതി തീവ്രമാകാന്‍ സാധ്യതയില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുകയെന്നായിരുന്നു നേരത്തെ സംശയിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞുവന്നിരുന്നത് മുതിര്‍ന്നവരില്‍ പൂര്‍ണമായും വാക്‌സിന്‍ എടുക്കുകയും കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യവുമായിരുന്നു. എന്നാല്‍ മൂന്നാം തരംഗം എത്തുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ വാക്‌സിനും എത്തുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. കുട്ടികളുടെ വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണ്. ഒന്നോ രണ്ടോ മാസത്തിനകം തന്നെ വാക്‌സിന്‍ വിതരണം ചെയ്യാനാവുമെന്ന പ്രതീക്ഷയാണ് ഐ.സി.എം.ആര്‍. പറയുന്നത്. കുട്ടികള്‍ ആള്‍ക്കൂട്ടത്തില്‍ ഇടപെടാതിരിക്കുകയും പുറത്ത് നിന്ന് വരുന്നവര്‍ സൂക്ഷിച്ച് കുട്ടികളുമായി ഇടപെടുകയും വേണം. ഇതുവരെ കുട്ടികള്‍ക്ക് രോഗം വന്നത് കൂടുതലും രക്ഷിതാക്കള്‍ വഴിയാണ്. മാസ്‌ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാണ്. രണ്ട് വയസിന് താഴെയുള്ള കുട്ടികളില്‍ രക്ഷിതാക്കള്‍ കൂടെയുള്ളപ്പോള്‍ മാത്രം മാസ്‌ക് ധരിപ്പിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവര്‍ക്ക് മാസ്‌ക് സ്വയം അഴിച്ചു മാറ്റാനാവില്ല. ആസ്പത്രികളിലും മറ്റും പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കഴിഞ്ഞ തരംഗങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ക്ക് രോഗം വന്നിട്ടുണ്ട്. നവജാത ശിശുക്കളിലടക്കം രോഗമുണ്ടായിട്ടുണ്ട്. പക്ഷെ ഇവര്‍ക്കാര്‍ക്കും രോഗം ഗുരുതരമായി കണ്ടിട്ടില്ല. കുട്ടികളില്‍ ജീവിത ശൈലി രോഗങ്ങള്‍ ഇല്ലാത്തതിനാലും മറ്റു കാരണങ്ങളാലും കോവിഡ് കൂടുതല്‍ ഗുരുതരമാവുന്നില്ല. മറ്റ് കുത്തിവെപ്പുകളുടെ ഗുണം കുട്ടികള്‍ക്ക് ലഭിക്കുന്നുമുണ്ട്. മൂന്നാം തരംഗം കഴിഞ്ഞ രാജ്യങ്ങളില്‍ കുട്ടികളില്‍ കോവിഡ് ഗുരുതരാവസ്ഥയില്‍ പോയിട്ടില്ല. രോഗം വരുന്നതും രോഗാവസ്ഥയിലെത്തുന്നതും രണ്ടാണ്. എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുക എന്നതിന് തന്നെയാണ് പ്രാധാന്യം. ഡിസംബറിനകം എല്ലാവരിലും വാക്‌സിന്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനല്‍കുന്നുണ്ട്. അതിനോട് എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. 60 കഴിഞ്ഞവരില്‍ ഇതുവരെ 2.29 കോടി പേര്‍ക്ക് മാത്രമേ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളൂ. 18 വയസിന് മുകളിലുള്ള മറ്റെല്ലാവര്‍ക്കും കൂടി മൂന്നാം തരംഗത്തിന് മുമ്പ് വാക്‌സിന്‍ ലഭ്യമാക്കാനാവണം.

Related Articles
Next Story
Share it