ഡെല്‍റ്റ പ്ലസ്; കേരളത്തിലും ജാഗ്രത വേണം

അമേരിക്കയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദം കേരളത്തിലുമെത്തിയിരിക്കയാണ്. പത്തനംതിട്ടയില്‍ ഒരു നാലുവയസുള്ള കുട്ടിക്കും പാലക്കാട്ട് മറ്റൊരാള്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെയാണ് ഡെല്‍റ്റയുടെ വരവ്. രാജ്യത്ത് ഇതുവരെ 40 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റ പ്ലസ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്രം […]

അമേരിക്കയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദം കേരളത്തിലുമെത്തിയിരിക്കയാണ്. പത്തനംതിട്ടയില്‍ ഒരു നാലുവയസുള്ള കുട്ടിക്കും പാലക്കാട്ട് മറ്റൊരാള്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെയാണ് ഡെല്‍റ്റയുടെ വരവ്. രാജ്യത്ത് ഇതുവരെ 40 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റ പ്ലസ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21 പേര്‍ക്കാണ് ഡെല്‍റ്റ തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ രോഗ വ്യാപനത്തിനും മരണങ്ങള്‍ക്കും ഇടയാക്കിയത് ഡെല്‍റ്റാ വകഭേദമാണോ എന്നും സംശയിക്കുന്നുണ്ട്. വകഭേദം കണ്ടെത്തിയവരുടെ റൂട്ട് മാപ്പ്, വാക്‌സിനേഷന്‍ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം ശേഖരിച്ചുവരികയാണ്. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമായി നടപ്പാക്കുക, കേസുകള്‍ ഉള്ള പ്രദേശങ്ങളില്‍ മുന്‍ഗണന നല്‍കി വാക്‌സിനേഷന്‍ നടത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഡെല്‍റ്റ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ ഒട്ടേറെ തവണ വിദേയാത്ര നടത്തിയവരാണത്രെ. അതുകൊണ്ട് തന്നെ വിദേശത്ത് നിന്ന് രോഗം പകര്‍ന്നുവെന്ന് വേണം അനുമാനിക്കാന്‍. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഡെല്‍റ്റ പ്ലസ്. ഈ വക ഭേദത്തെ കൂടുതല്‍ സൂക്ഷിക്കേണ്ടതാണെന്നും മൂന്നാം വ്യാപനത്തിന് ഇത് കാരണമായേക്കുമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത് എത്രകണ്ട് മാരകമാണെന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ നല്‍കുന്ന കോവിഡ് വാക്‌സിനുകള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണോ എന്നത് പോലും പറയാറായിട്ടില്ല. ഡെല്‍റ്റ വകഭേദത്തെതന്നെ കാര്യമായി പ്രതിരോധിക്കാന്‍ പല വാക്‌സിനുകള്‍ക്കും ശേഷിയില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെല്‍റ്റക്ക് ജനിതക മാറ്റം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് കൂടുതല്‍ അപകടകാരിയെന്നാണ് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും മുന്നറിയിപ്പ് നല്‍കുന്നത്. ഡെല്‍റ്റ പ്ലസ് കുറച്ചു പേരിലേ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാധ്യതയും ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇതേകുറിച്ചറിയാന്‍ വൈറസിന്റെ ജനിതക ശ്രേണീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുവരികയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപന ശേഷി സംബന്ധിച്ച് അറിയാനാവും. യൂറോപ്പിലും അമേരിക്കയിലും മറ്റ് ഏഷ്യല്‍ രാജ്യങ്ങളിലും ഈ വകഭേദം കൂടുതലായി കണ്ടതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ബ്രിട്ടനില്‍ അതിവേഗമാണത്രെ ഡെല്‍റ്റ വൈറസ് പടര്‍ന്നത് ശരാശരി 11 ദിവസത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി. വൈറസുകളുടെ പ്രത്യുല്‍പ്പാദന ശേഷി വര്‍ധിക്കുന്നതാണ് രോഗം പെട്ടെന്ന് പടരാന്‍ കാരണമാവുന്നത്. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ചില ആന്റിബോഡി ചികിത്സകളെ നിര്‍വീര്യമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ ഒരു മാസത്തിനകം പ്രധാന വൈറസായി ഡെല്‍റ്റ പ്ലസ് മാറിയേക്കുമെന്നാണ് ഭയക്കുന്നത്. ബ്ലാക്ക് ഫംഗസിന്റെ ഭീതിയും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നാല് കുട്ടികള്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് കണ്ണ് നഷ്ടപ്പെട്ടത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞുവരുന്നുണ്ടെങ്കിലും ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കിയതോടെ എല്ലാം തകിടം മറിയുമോ എന്നും സംശയിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാതെയുള്ള സുരക്ഷ സംവിധാനം ഉണ്ടാവണം.

Related Articles
Next Story
Share it