സാക്ഷര കേരളത്തിന് ഇത് അപമാനം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്ലത്തും തിരുവനന്തപുരത്തും രണ്ട് പെണ്‍കുട്ടികള്‍ക്കാണ് സ്ത്രീധന പീഡനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടും ആത്മഹത്യയെന്നാണ് പറയപ്പെടുന്നതെങ്കിലും വീട്ടുകാര്‍ പറയുന്ന കാര്യങ്ങളും സാഹചര്യ തെളിവുകളും വെച്ചു നോക്കുമ്പോള്‍ കൊലപാതകത്തിലേക്കും വഴിവെച്ചുകൂടായ്കയില്ല. കൂടുതല്‍ അന്വേഷണം നടത്തിയാലേ ഇതില്‍ വ്യക്തത വരൂ. നിയമം മൂലം സ്ത്രീധനം നിരോധിച്ച ഒരു സംസ്ഥാനമാണ് കേരളം. എന്നിട്ടും ഇത് തുടരുന്നുവെന്നാണ് രണ്ട് സംഭവങ്ങളും തെളിയിക്കുന്നത്. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന കേരളത്തിലാണ് ഇത്തരം കൊലകളും ആത്മഹത്യകളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. […]

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്ലത്തും തിരുവനന്തപുരത്തും രണ്ട് പെണ്‍കുട്ടികള്‍ക്കാണ് സ്ത്രീധന പീഡനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടും ആത്മഹത്യയെന്നാണ് പറയപ്പെടുന്നതെങ്കിലും വീട്ടുകാര്‍ പറയുന്ന കാര്യങ്ങളും സാഹചര്യ തെളിവുകളും വെച്ചു നോക്കുമ്പോള്‍ കൊലപാതകത്തിലേക്കും വഴിവെച്ചുകൂടായ്കയില്ല. കൂടുതല്‍ അന്വേഷണം നടത്തിയാലേ ഇതില്‍ വ്യക്തത വരൂ. നിയമം മൂലം സ്ത്രീധനം നിരോധിച്ച ഒരു സംസ്ഥാനമാണ് കേരളം. എന്നിട്ടും ഇത് തുടരുന്നുവെന്നാണ് രണ്ട് സംഭവങ്ങളും തെളിയിക്കുന്നത്. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന കേരളത്തിലാണ് ഇത്തരം കൊലകളും ആത്മഹത്യകളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊല്ലം, ശാസ്താംകോട്ടയിലെ ത്രിവിക്രമന്‍ നായരുടെ മകള്‍ വിസ്മയയാണ് മരണപ്പെട്ടത്. പന്തളം മന്നം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ ബി.എ.എം.എസ്. അവസാന വര്‍ഷവിദ്യാര്‍ത്ഥിനിയാണ് വിസ്മയ. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് 100 പവനും ഒരു കാറും ഒന്നര ഏക്കര്‍ സ്ഥലവും സ്ത്രീധനമായി നല്‍കിയിരുന്നുവത്രെ. ഇത് പോരെന്ന് പറഞ്ഞ് വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വാര്‍ത്ത. സ്ത്രീധനമായി കിട്ടിയ കാര്‍ വില കൂടിയതല്ലെന്നും മറ്റൊരു കാറോ 10 ലക്ഷം രൂപയോ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നുവത്രെ മര്‍ദ്ദനം. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടുകാരും പീഡനത്തിന് കൂട്ടുനിന്നതായാണ് പരാതി. കിരണ്‍ കുമാറില്‍ നിന്ന് നിരന്തരം മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നതായി കഴിഞ്ഞ ദിവസം സഹോദരന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിസ്മയ പറഞ്ഞിരുന്നു. മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദിച്ചതിന്റെ പാട് കാണുന്ന ചിത്രങ്ങളും അയച്ചിരുന്നുവത്രെ.
കഴിഞ്ഞ ദിവസം തന്നെയാണ് തിരുവനന്തപുരത്ത് വെങ്ങാനൂരില്‍ അര്‍ച്ചന എന്ന 24 കാരിയെ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ തന്നെയാണ് അര്‍ച്ചനക്കും ജീവന്‍ നഷ്ടമായത്. ഭര്‍ത്താവ് സുരേഷ് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് അര്‍ച്ചനയും ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രെ. മരിക്കുന്നതിന് തലേന്നാള്‍ സുരേഷ് ഒരു കാനില്‍ ഡീസല്‍ വാങ്ങിയിരുന്നുവത്രെ. ഉറുമ്പിനെ കൊല്ലാനെന്നായിരുന്നുവത്രെ ആളുകളോട് പറഞ്ഞത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അര്‍ച്ചനയുടെ അച്ഛനോട് സുരേഷ് മൂന്ന് ലക്ഷം രൂപ ആവശ്യപെട്ടിരുന്നുവത്രെ. ഇത് വാങ്ങിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നുവത്രെ മര്‍ദ്ദനം. ഈ മരണത്തിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ മാത്രമേ രണ്ട് മരണങ്ങളിലെയും ദുരൂഹത നീക്കാനാവൂ. കേരളത്തില്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നാണ് നിയമം. വടക്കന്‍ കേരളത്തിന്‍ ഇത് പൊതുവേ കുറവാണ്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം ഭാഗങ്ങളില്‍ ഇപ്പോഴും എല്ലാ വിവാഹങ്ങളിലും സ്ത്രീധനം വില്ലനായിതന്നെ നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താക്കന്മാര്‍ മാത്രമല്ല, ബന്ധുക്കളും ഇതിന് കൂട്ടുനില്‍ക്കുകയാണ്. വിസ്മയയുടെയും അര്‍ച്ചനയുടെയും മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കഴിയണം.

Related Articles
Next Story
Share it