കോവിഡ് മൂന്നാം തരംഗം കരുതിയിരിക്കണം

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ 6-8 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തിന് വാക്‌സിന്‍ നല്‍കുന്നത് വരെ കോവിഡ് ചട്ടങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. രോഗികളുടെ എണ്ണം കൂടിയാല്‍ കര്‍ശന നിരീക്ഷണവും പ്രാദേശിക അടച്ചിടലും വേണ്ടിവരും. വൈറസ് മൂന്നാം തരംഗം […]

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ 6-8 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തിന് വാക്‌സിന്‍ നല്‍കുന്നത് വരെ കോവിഡ് ചട്ടങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. രോഗികളുടെ എണ്ണം കൂടിയാല്‍ കര്‍ശന നിരീക്ഷണവും പ്രാദേശിക അടച്ചിടലും വേണ്ടിവരും. വൈറസ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നാണ് നേരത്തെ പറഞ്ഞുകേട്ടിരുന്നതെങ്കിലും അതിന് സാധ്യത കുറവെന്നാണ് രണ്‍ദീപ് വ്യക്തമാക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാനാവില്ലെന്നും സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ തുടങ്ങുമെന്നും ഇന്ത്യയിലെ പകര്‍ച്ചവ്യാധി വിശകലന വിദഗ്ധര്‍ സൂചിപ്പിച്ചതിനു പിന്നാലെയാണ് രണ്‍ദീപ് ഗുലേറിയയുടെ വെളിപ്പെടുത്തല്‍. മൂന്നാം തരംഗം മാരകമാകാതിരിക്കാന്‍ വലിയ മുന്നൊരുക്കങ്ങള്‍ വേണ്ടിവരും. രാജ്യമാകെ ഒരു അടച്ചിടലിന് സാധ്യമല്ല. ഒരു വര്‍ഷത്തോളമായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രശ്‌നമാണ് ഇപ്പോള്‍ തന്നെ അനുഭവിക്കുന്നത്.
ഇനിയും ഒരു അടച്ചിടല്‍ വന്നാല്‍ ജനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ എല്ലാ കെട്ടുകളും നിയന്ത്രണങ്ങളും പൊട്ടിച്ചുകൊണ്ട് പുറത്തിറങ്ങുന്നതാണ് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഒന്നാം തരംഗത്തില്‍ നിന്ന് നാം ഒരു പാഠവും പഠിക്കാത്തതുകൊണ്ടാണ് രണ്ടാം തരംഗത്തിന് വലിയ വില നല്‍കേണ്ടിവന്നത്. രാജ്യത്തിന്റെ ഏത് ഭാഗത്തും പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടിയാല്‍ അടച്ചിടല്‍ ആവശ്യമായി വരും. ഇവിടെ വാക്‌സിന്‍ വിതരണവും മന്ദഗതിയിലാണ്. മൂന്നാം തരംഗം എത്തുന്നതിന് മുമ്പ് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയണം. ചൈന ഇതിനകം നൂറ് കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ എടുത്തുകഴിഞ്ഞ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 130 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ഇത്രയും ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കണമെങ്കില്‍ മാസങ്ങള്‍ കഴിയേണ്ടിവരും. ജനസംഖ്യയുടെ അഞ്ചുശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയതെന്ന സത്യമറിയുമ്പോഴേ ഇന്ത്യക്ക് ഇനിയും എത്ര ദൂരം മുമ്പോട്ട് പോകേണ്ടതുകൊണ്ടെന്ന് മനസിലാവൂ.
കഴിഞ്ഞ ദിവസം കേന്ദ്രവും സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കുന്നത് ശ്രദ്ധയോടെ വേണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കല്‍, പരിശോധന പിന്തുടരല്‍, ചികിത്സ, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണം. കോവിഡ് ശൃംഖല തകര്‍ക്കാന്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി വേണം നിയന്ത്രണം ഏടുത്തുകളയാനും ഏര്‍പ്പെടുത്താനും.
കേസുകള്‍ കുറയുന്നതോടെ ഇളവുകള്‍ നല്‍കാം. ഇതിനൊക്കെ പുറമെ ഡെല്‍റ്റാ വൈറസ് ചില രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. അതി വേഗത്തില്‍ രോഗ വ്യാപനത്തിന് കാരണമാകുന്നതാണിത്. യു.എസിലാണ് ഇത് കണ്ടെത്തിയിട്ടുള്ളതെങ്കിലും മറ്റു രാജ്യങ്ങളും ഇതിനെ കരുതിയിരിക്കണം. ചില ആന്റിബോഡി ചികിത്സകളെ നിര്‍വ്വീര്യമാക്കാനും ഇതിന് കഴിവുണ്ടത്രെ.
ലോകാരോഗ്യ സംഘടനയും ഡെല്‍റ്റയെ ആശങ്കയുടെ വകഭേദമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഓരോ പതിനൊന്ന് ദിവസത്തിലും ഇരട്ടിയാകുന്നതിന് ഡെല്‍റ്റ വഴിവെച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തായാലും മൂന്നാം തരംഗത്തെ കരുതലോടെ കാണേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it