മെമു സര്‍വ്വീസ്: തീരുമാനം നീളരുത്

തെക്കന്‍ കേരളത്തില്‍ മാത്രം സര്‍വ്വീസ് നടത്തി വരുന്ന മെമു തീവണ്ടികള്‍ മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ നിലവിലുണ്ടായിരുന്ന പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തലാക്കിയതോടെ ഹ്രസ്വദൂര യാത്രക്കാര്‍ ഏറെ വിഷമം അനുഭവിക്കുകയാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരം ഘട്ടം ഘട്ടമായി മെമു ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ഹ്രസ്വദൂര യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു തുടങ്ങിയിട്ട് കാലം കുറേയായി. ഇന്ത്യന്‍ റെയില്‍വെയുടെ ഒരു മികച്ച ട്രെയിന്‍ യാത്രാ സംവിധാനമാണ് മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് അഥവാ […]

തെക്കന്‍ കേരളത്തില്‍ മാത്രം സര്‍വ്വീസ് നടത്തി വരുന്ന മെമു തീവണ്ടികള്‍ മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ നിലവിലുണ്ടായിരുന്ന പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തലാക്കിയതോടെ ഹ്രസ്വദൂര യാത്രക്കാര്‍ ഏറെ വിഷമം അനുഭവിക്കുകയാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരം ഘട്ടം ഘട്ടമായി മെമു ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ഹ്രസ്വദൂര യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു തുടങ്ങിയിട്ട് കാലം കുറേയായി. ഇന്ത്യന്‍ റെയില്‍വെയുടെ ഒരു മികച്ച ട്രെയിന്‍ യാത്രാ സംവിധാനമാണ് മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് അഥവാ മെമു. എഞ്ചിനുകള്‍ ഇല്ലാതെ കോച്ചുകളില്‍ ഘടിപ്പിച്ച മോട്ടോറുകള്‍ ഉപയോഗിച്ച് ഓടുന്ന മെമുകളും ഉണ്ട്. മെമുവില്‍ ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ടാവും, അതുകൊണ്ടാണ് മള്‍ട്ടിപ്പിള്‍ യുണൈറ്റന്ന് പറയുന്നത്. മെമുറേക്ക് റേക്ക് ഉപയോഗിച്ച് ഹ്രസ്വദൂര മെമു എക്‌സ്പ്രസ് ട്രെയിനുകളും ഓടുന്നുണ്ട്. കൊല്ലം-എറണാകുളം പാതയില്‍ 2019 മുതല്‍ മെമു ട്രെയിനുകള്‍ ഓടുന്നുണ്ട്. ഒരു മെമുവില്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെ കോച്ചുകളുണ്ടാവും. പാസഞ്ചര്‍ ട്രെയിനുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകളെ ഉള്‍ക്കൊള്ളാനാകും. വടക്കന്‍ ജില്ലയിലേക്ക് മെമുസര്‍വ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഈയിടെ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഏറെ വൈകാതെ മെമു ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. മംഗളൂരു റെയില്‍വെസ്റ്റേഷനില്‍ മെമു റാക്കിന്റെ പ്രാഥമിക പരിപാലനത്തിനുള്ള അസൗകര്യവും റേക്കിന്റെ അഭാവവുമാണ് സര്‍വ്വീസ് തുടങ്ങാന്‍ വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് മൂലം തീവണ്ടികള്‍ എല്ലാം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കയാണ്. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ തീവണ്ടികള്‍ സര്‍വ്വീസ് തുടങ്ങും. അപ്പോഴേക്കെങ്കിലും മെമു സര്‍വ്വീസ് ആരംഭിക്കാനുള്ള നടപടിയുണ്ടാവണം. കോഴിക്കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ആശ്രയിച്ചുവന്നിരുന്നത് പാസഞ്ചര്‍ തീവണ്ടികളെയാണ്. പ്രത്യേകിച്ചും ഉദ്യോഗസ്ഥര്‍. കാസര്‍കോട് ജില്ലാ ആസ്ഥാനത്തേക്ക് ജോലിക്കെത്തേണ്ടവര്‍ കണ്ണൂര്‍-മംഗളൂരു പാസഞ്ചറുകളില്‍ എത്തി വൈകിട്ട് ഇതേ ട്രെയിനിന് തിരിച്ചു പൊയ്‌ക്കൊണ്ടിരുന്നതാണ്. ഈ പാസഞ്ചറുകളാണ് നിര്‍ത്തലാക്കിയത്. ഇതോടെ പലര്‍ക്കും കൂടുതല്‍ തുക നല്‍കി എക്‌സ്പ്രസ് ട്രെയിനുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുണ്ടായത്. ഒട്ടേറെ പേര്‍ റോഡ് വഴി ബസുകളെ ആശ്രയിച്ചും ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നു. കോഴിക്കോട് നിന്ന് കണ്ണൂരോളം വരുന്ന തീവണ്ടികള്‍ കുറേയുണ്ട്. ഇതില്‍ പലതും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ഈ തീവണ്ടികള്‍ മംഗളൂരുവരെ നീട്ടിയാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളു. അതിന് അധികൃതര്‍ ഓരോ ന്യായങ്ങള്‍ പറഞ്ഞൊഴിയുകയാണ്. ഷൊര്‍ണൂര്‍-മംഗളൂരു ഇരട്ടപ്പാത പൂര്‍ത്തിയായാല്‍ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുമെന്നാണ് തുടക്കത്തില്‍ പറഞ്ഞുകൊണ്ടിരുന്നത്. പാത പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൂടുതല്‍തീവണ്ടികള്‍ ഓടിക്കാന്‍ തയ്യാറായില്ല. ഓടിത്തുടങ്ങിയത് കുറേ ചരക്ക് തീവണ്ടികള്‍ മാത്രം. ഇത് റെയില്‍വെ യാത്രക്കാര്‍ക്ക് ഏറെ ഉപദ്രവമായും മാറി.
ചരക്ക് തീവണ്ടികള്‍ക്ക് കടന്നുപോകാന്‍ മണിക്കൂറുകളോളമാണ് യാത്രാ വണ്ടികളെ പിടിച്ചിട്ടത്. പിന്നീട് റെയില്‍വെ അധികൃതര്‍ പറഞ്ഞത് ഷൊര്‍ണൂര്‍-മംഗളൂരു ലൈന്‍ വൈദ്യുതീകരിക്കട്ടെ എന്നാണ്. വൈദ്യുതീകരണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ പഴയ നില തന്നെ തുടരുകയാണ്. ജില്ലയിലെ യാത്രക്കാര്‍ക്ക് ഉപകരിക്കപ്പെടാത്ത കുറേ വണ്ടികളും ഇതുവഴി ഓടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നുമൊക്കെ വരുന്ന പ്രതിവാരവണ്ടികളാണിത്. ഇവയ്ക്ക് കണ്ണൂരോ കോഴിക്കോടോ വിട്ടാല്‍ അടുത്ത സ്റ്റോപ്പ് മംഗളൂരുവായിരിക്കും. അതും ജില്ലയിലുള്ള യാത്രക്കാരുടെ വഴി മുടക്കാനേ ഉപകരിക്കുന്നുള്ളു. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഗുണകരമാവുമെന്നത് കണ്ടുകൊണ്ടാണ് മെമു തീവണ്ടികള്‍ ഇറക്കിയത്. അത് കേരളത്തിലെ ഒരു ഭാഗത്തെ ജനങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെടുന്നത് ന്യായീകരിക്കാനാവില്ല. കോഴിക്കോട് വരെ യാത്ര അവസാനിപ്പിക്കുന്ന മെമു വണ്ടികള്‍ മംഗളൂരു വരെ നീട്ടാന്‍ ഇനിയും വൈകരുത്.

Related Articles
Next Story
Share it