നൂറും കടന്ന് ഇന്ധന വില

ഇന്ധന വില ചരിത്രത്തിലാദ്യമായി 100 പിന്നിട്ടിരിക്കയാണ്. ഓരോ ദിവസവും 25 പൈസയും 30 പൈസയുമാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 25 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ ഒരു ബാരല്‍ ക്രൂഡ് ഓയില്‍ നല്‍കുന്നത് 55.99 ഡോളറിനാണ്. ഇതിന്റെ കണക്കനുസരിച്ച് പെട്രോളിന് 29.33 രൂപയും ഡീസലിന് 30.43 രൂപയുമാണ് ലിറ്റര്‍ വില. നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും ഈടാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 30.08 രൂപയും 22.76 […]

ഇന്ധന വില ചരിത്രത്തിലാദ്യമായി 100 പിന്നിട്ടിരിക്കയാണ്. ഓരോ ദിവസവും 25 പൈസയും 30 പൈസയുമാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 25 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ ഒരു ബാരല്‍ ക്രൂഡ് ഓയില്‍ നല്‍കുന്നത് 55.99 ഡോളറിനാണ്. ഇതിന്റെ കണക്കനുസരിച്ച് പെട്രോളിന് 29.33 രൂപയും ഡീസലിന് 30.43 രൂപയുമാണ് ലിറ്റര്‍ വില. നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും ഈടാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 30.08 രൂപയും 22.76 രൂപയുമാണ് നികുതിയായി വാങ്ങുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാനുള്ള അവകാശം യു.പി.എ. സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയതോടെയാണ് എന്നും വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഉടലെടുത്തത്. ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടുമ്പോഴെല്ലാം കമ്പനിയുടെ മേല്‍ പഴിചാരുകയാണ് കേന്ദ്രസര്‍ക്കാര്‍. വില വര്‍ധന നിര്‍ണയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജി.എസ്.ടി.ക്ക് വിടണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് കാലം കുറേയായി. അതില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും താല്‍പ്പര്യമില്ല. മറ്റെല്ലാ വസ്തുക്കളും ജി.എസ്.ടി.ക്ക് കീഴില്‍ കൊണ്ടുവന്നപ്പോള്‍ ഇന്ധനത്തെ മാത്രം മാറ്റി നിര്‍ത്തുന്നതിന്റെ പൊരുളാണ് മനസിലാവാത്തത്. ജനങ്ങളോട് കൂറും ഉത്തരവാദിത്വവും പ്രതിബദ്ധതയുംസര്‍ക്കാറിനുണ്ടെന്നത് വിസ്മരിക്കരുത്. പെട്രോളിയം കമ്പനികള്‍ക്കുള്ള വിലവര്‍ധനാധികാരം കേന്ദ്രം തിരിച്ചെടുക്കണം. വില നിര്‍ണയിക്കുന്നത് ഉള്‍പ്പെടെയുള്ള അധികാരം ജി.എസ്.ടി.ക്ക് വിടണം. നികുതി വേണ്ടെന്ന് വെക്കുവാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കാണിച്ചാല്‍ പ്രശ്‌നം ഒരു പരിധിവരെയെങ്കിലും പരിഹരിക്കാം. കോവിഡ്, പ്രളയം തുടങ്ങിയവ വിടാതെ പിടികൂടിയിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ വലിയ തുക കണ്ടെത്തേണ്ടിവരുന്നുണ്ട്. കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന സര്‍ക്കാരിന് അല്‍പ്പമെങ്കിലും ആശ്വാസം കിട്ടുന്നത് ഇത്തരം വരുമാനങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നികുതി ഒഴിവാക്കിക്കൊണ്ടുള്ള ഒരു നീക്കത്തിനും ആരും തയ്യാറല്ല. കേന്ദ്രം തന്നെയാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കേണ്ടത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലാണ് ഇന്ധന വില വര്‍ധനയുടെ ഭാരം കൂടി താങ്ങേണ്ടിവരുന്നത്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അതിനാല്‍ ഇന്ധനവില വര്‍ധിക്കുമ്പോള്‍ എല്ലാ സാധനങ്ങള്‍ക്കും ഇവിടെ വില വര്‍ധിക്കുന്നു. ഇത് കുടുംബ ബജറ്റിന്റെ താളമാണ് തെറ്റിക്കുന്നത്. അവശ്യവസ്തുക്കളും അരിയും ഗോതമ്പുമെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണും ഇത്തവണത്തെ ലോക്ഡൗണും സാധാരണക്കാരായ ജനങ്ങളെ തീര്‍ത്തും തകര്‍ത്തിരിക്കുകയാണ്. കൂലിപ്പണിയെടുത്തുകഴിയുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വ്യാപാരികള്‍, ചെറുകിട സംരംഭകര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. അവരൊക്കെ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റും സൗജന്യ റേഷനുമൊക്കെയാണ് അവരെ പിടിച്ചുനിര്‍ത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളും വലിയ പ്രതിസന്ധിയില്‍ തന്നെ. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ ജീവിതത്തിന് മറ്റ് വഴികളില്ലാതെ ഉഴലുകയാണ്. ചിലരെ കമ്പനികള്‍ തിരിച്ചുവിളിക്കുന്നുണ്ടെങ്കിലും വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ തിരിച്ചു പോക്കും നടക്കുന്നില്ല. ഇതിനൊക്കെ ഇടയിലാണ് ഇന്ധന വില വര്‍ധന മൂലം സകലതിനും വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴനല്‍കി അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയുടെ പേരിലുള്ള ഈ കൊള്ള അവസാനിപ്പിക്കുക തന്നെ വേണം.

Related Articles
Next Story
Share it