കാട്ടുകള്ളന്മാര്‍ വിലസുന്നു

കാട്ടുകള്ളന്‍ വീരപ്പന്‍ ഉണ്ടായിരുന്ന കാലത്താണ് കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ കട്ടുകടത്തിക്കൊണ്ടിരുന്നത്. വീരപ്പന്‍ പോയിട്ടും കാട്ടുകള്ളന്മാര്‍ ഇവിടെ താവളമുറപ്പിച്ചിട്ടുണ്ടെന്നതിലേക്കാണ് മുട്ടില്‍ മരം മുറി സംഭവം വിരല്‍ചൂണ്ടുന്നത്. 15 കോടിയുടെ ഈട്ടിത്തടികളാണ് മുട്ടിലില്‍ നിന്ന് മുറിച്ചു കടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സംരക്ഷിത വനമേഖലയില്‍ നിന്നും ആദിവാസി ഭൂമികളില്‍ നിന്നുമാണ് കോടികള്‍ വില വരുന്ന മരങ്ങള്‍ കട്ടു കടത്തിയത്. സര്‍ക്കാറിന്റെ ഉത്തരവ് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിക്ക് അനുമതി നേടിയത്. ഇതിന് വനം വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. 1964ലെ ചട്ടങ്ങള്‍ […]

കാട്ടുകള്ളന്‍ വീരപ്പന്‍ ഉണ്ടായിരുന്ന കാലത്താണ് കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ കട്ടുകടത്തിക്കൊണ്ടിരുന്നത്. വീരപ്പന്‍ പോയിട്ടും കാട്ടുകള്ളന്മാര്‍ ഇവിടെ താവളമുറപ്പിച്ചിട്ടുണ്ടെന്നതിലേക്കാണ് മുട്ടില്‍ മരം മുറി സംഭവം വിരല്‍ചൂണ്ടുന്നത്. 15 കോടിയുടെ ഈട്ടിത്തടികളാണ് മുട്ടിലില്‍ നിന്ന് മുറിച്ചു കടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സംരക്ഷിത വനമേഖലയില്‍ നിന്നും ആദിവാസി ഭൂമികളില്‍ നിന്നുമാണ് കോടികള്‍ വില വരുന്ന മരങ്ങള്‍ കട്ടു കടത്തിയത്. സര്‍ക്കാറിന്റെ ഉത്തരവ് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിക്ക് അനുമതി നേടിയത്. ഇതിന് വനം വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. 1964ലെ ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കിട്ടുന്ന സമയത്ത് വൃക്ഷവില അടച്ച് റിസര്‍വ്വ ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും കര്‍ഷകര്‍ക്ക് മുറിക്കാമെന്നതായിരുന്നു 2020ലെ ഉത്തരവ്. ഇതിന് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും വ്യക്തമാക്കി. മരം മുറിക്കുന്നത് തടസ്സപ്പെടുത്തിയാല്‍ കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന താക്കീതും സെക്രട്ടറിയുടെ ഉത്തരവിലുണ്ടായിരുന്നു. സംസ്ഥാനത്ത് വ്യാപകമായി മരം കൊള്ളയ്ക്ക് പശ്ചാത്തലമൊരുക്കാനാണ് റവന്യുവകുപ്പിന്റെ വിചിത്രമായ ഉത്തരവെന്ന് അന്ന് തന്നെ പരിസ്ഥിതി സംഘടനകള്‍ ആരോപിച്ചിരുന്നു. ഉത്തരവില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ഇത് പ്രകാരം തല്‍ക്കാലം മരം മുറിക്കരുതെന്ന് ചില ജില്ലകളില്‍ കലക്ടര്‍മാര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഉത്തരവ് വനം കൊള്ളയ്ക്ക് സാഹചര്യമൊരുക്കുമെന്ന് കലക്ടര്‍മാര്‍ ഉള്‍പ്പെടെ റവന്യുവകുപ്പിനെ അറിയിച്ചെങ്കിലും മുഖവിലക്കെടുത്തില്ലെന്നാണ് പരാതി. ഇതിനിടയിലാണ് ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയത്. ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വന്ന പശ്ചാത്തലത്തില്‍ മൂന്നു മാസത്തിനു ശേഷമാണ് ഉത്തരവ് റവന്യു വകുപ്പ് പിന്‍വലിച്ചത്. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പട്ടയത്തിലെ ഷെഡ്യൂള്‍ പ്രകാരം റിസര്‍വ് ചെയ്ത മരങ്ങളും മുറിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി റദ്ദ് ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്. റിസര്‍വ് മരങ്ങള്‍ വ്യാപകമായി മുറിക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് ഉത്തരവില്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ഒരു നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. മുട്ടില്‍ ഫോറസ്റ്റില്‍ നിന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയാതായാണ് ആരോപണം. നൂറ് കോടി രൂപയുടെ മരങ്ങളെങ്കിലും നഷ്ടപ്പെട്ടിരിക്കാമെന്നാണ് പ്രാഥമികാന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നൊക്കെ ഈ രീതിയില്‍ മരം മുറിച്ചു കടത്തിയിട്ടുണ്ടത്രെ. ഇതില്‍ മുട്ടില്‍ നിന്ന് മുറിച്ചുകൊണ്ടുപോയ കുറേ ഈട്ടിത്തടികള്‍ മാത്രമാണ് പിടിച്ചെടുക്കാനായത്. കാസര്‍കോട് ജില്ലയില്‍ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട് റെയ്ഞ്ചിന് കീഴില്‍ ആറും കാഞ്ഞങ്ങാട് ആറു കേസുകളുമാണുള്ളത്. കാസര്‍കോട് നിന്ന് 20 ക്യൂബിക് മീറ്റര്‍ വീട്ടി, തേക്ക് മരങ്ങള്‍ പിടിച്ചു. വാണിനഗര്‍ നെട്ടണിഗെ, പഡ്രെ, കര്‍ണ്ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മരങ്ങള്‍ കടത്തിയത്. വനസമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്ക് പല ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് അന്വേഷണം പുരോഗമിക്കുമ്പോള്‍ മനസ്സിലാവുന്നത്. കള്ളന്മാരെ മാത്രമല്ല, ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടി ശിക്ഷിക്കണം.

Related Articles
Next Story
Share it