ലോക്ക് ഡൗണ്‍ നീളുമ്പോള്‍

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. ഈമാസം ഒമ്പതിന് അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ ജൂണ്‍ 16വരെ നീട്ടിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണാണ് വരുന്നത്. രോഗവ്യാപനവും മരണനിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാലാണ് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവന്നിരിക്കുന്നത്. കഴിഞ്ഞദിവസം കോവിഡ് മൂലം 221 മരണങ്ങള്‍ കൂടി ഉണ്ടായതോടെ കേരളത്തിലെ മരണസംഖ്യ പതിനായിരം കടന്നിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗബാധ പതിനായിരത്തിന് മുകളിലെത്തിയ ഏപ്രില്‍ 16 മുതലാണ് സംസ്ഥാനത്ത് മരണസംഖ്യ കുതിച്ചുയര്‍ന്നുതുടങ്ങിയത്. പ്രതിദിനം 20ല്‍ […]

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. ഈമാസം ഒമ്പതിന് അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ ജൂണ്‍ 16വരെ നീട്ടിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണാണ് വരുന്നത്. രോഗവ്യാപനവും മരണനിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാലാണ് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവന്നിരിക്കുന്നത്. കഴിഞ്ഞദിവസം കോവിഡ് മൂലം 221 മരണങ്ങള്‍ കൂടി ഉണ്ടായതോടെ കേരളത്തിലെ മരണസംഖ്യ പതിനായിരം കടന്നിരിക്കുകയാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗബാധ പതിനായിരത്തിന് മുകളിലെത്തിയ ഏപ്രില്‍ 16 മുതലാണ് സംസ്ഥാനത്ത് മരണസംഖ്യ കുതിച്ചുയര്‍ന്നുതുടങ്ങിയത്. പ്രതിദിനം 20ല്‍ താഴെ ആളുകള്‍ മാത്രം മരിച്ചുകൊണ്ടിരുന്ന സംസ്ഥാനത്താണ് അത് അമ്പതും തുടര്‍ന്ന് നൂറും കടന്ന് 221ലെത്തിയത്. അന്നുമുതല്‍ കഴിഞ്ഞ ദിവസം വരെ 5280 പേര്‍ മരിച്ചു. ഏപ്രില്‍ 21ന് മരണസംഖ്യ 5000ത്തിലെത്തി. തുടര്‍ന്നുള്ള 48 ദിവസം കൊണ്ടാണ് മരണസംഖ്യ പതിനായിരം കടന്നത്.
കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം തരംഗത്തില്‍ 21 മുതല്‍ 30 വയസ് വരെയുള്ളവരെയാണ് കോവിഡ് കൂടുതലായി ബാധിച്ചത്. ഈ പ്രായക്കാരില്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടായി. 31നും 40നും ഇടയില്‍ പ്രായമുള്ള രണ്ടരലക്ഷം പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള രണ്ടേകാല്‍ ലക്ഷം പേര്‍ക്കും രോഗബാധയുണ്ടായി. മരണനിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതല്‍ 90 വയസ് വരെയുള്ളവരിലാണ്. മറ്റ് രോഗങ്ങളൊന്നുമില്ലാത്തവരെയാണ് കോവിഡ് രണ്ടാംതരംഗം തട്ടിയെടുത്തത്.
ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതോടെ സാധാരണജനങ്ങളുടെ കഷ്ടപ്പാട് വീണ്ടും നീണ്ടുപോവുകയാണ്. ജോലിക്ക് പോകാനാവാത്ത സ്ഥിതി വന്നതോടെ പലരും വലിയ പ്രതിസന്ധിയിലാണ്. സര്‍ക്കാറിന്റെ റേഷനും ഭക്ഷ്യകിറ്റും മാത്രമാണ് പലര്‍ക്കും ആശ്രയം. മോട്ടോര്‍ വ്യവസായം, വ്യാപാരം, സ്വകാര്യ സംരംഭം തുടങ്ങി എല്ലാ മേഖലകളും അനിശ്ചിതത്വത്തിലാണ്. നവംബര്‍ മാസം വരെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് നല്‍കിയതുപോലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് സൗജന്യ റേഷന്‍ നല്‍കുന്നത്.
കോവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതിന് തന്നെയാകണം മുന്‍ഗണന നല്‍കേണ്ടത്. വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അവസാന നിമിഷം നയം മാറ്റിയത് സംസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഏറെ ഗുണം ചെയ്യും. രാജ്യത്തെ 18വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ തന്നെ വാക്‌സിന്‍ നല്‍കണമെന്ന നിലപാടിലാണ് കേന്ദ്രം മാറ്റം വരുത്തിയത്. സംസ്ഥാനങ്ങള്‍ സ്വന്തം ചെലവില്‍ മരുന്ന് നല്‍കണമെങ്കില്‍ കോടിക്കണക്കിന് രൂപ ഇതിനായി കണ്ടെത്തേണ്ടിവരുമായിരുന്നു. കേരള സര്‍ക്കാര്‍ ഇതിനായി ഇക്കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് നീക്കിവെച്ചിരുന്നത്. വാക്‌സിന്‍ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി നല്‍കണമെന്ന് സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീളുമ്പോള്‍ നിയമങ്ങള്‍ കര്‍ശനമായി അനുശാസിക്കാന്‍ എല്ലാവരും തയ്യാറായാല്‍ മാത്രമേ അതുകൊണ്ടുള്ള ഗുണം ലഭിക്കൂ. രോഗികളുടെ എണ്ണവും മരണനിരക്കും കുറക്കാനാവണമെങ്കില്‍ അത് മാത്രമേ പോംവഴിയുള്ളൂ.

Related Articles
Next Story
Share it