യാത്രക്കാരുടെ സുരക്ഷയില്‍ അലംഭാവമരുത്

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബന്ധപ്പെട്ട വകുപ്പിന്റെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളെക്കുറിച്ച് എണ്ണിപ്പറഞ്ഞ ഹൈക്കോടതി ഈ വിഷയത്തില്‍ നടത്തിയ ഒരു പരാമര്‍ശം ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്. ശവപ്പെട്ടിയിലല്ല യാത്രക്കാര്‍ സുരക്ഷിതരായാണ് വീട്ടിലെത്തേണ്ടതെന്നായിരുന്നു ആ പരാമര്‍ശം. ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോടതി എഞ്ചിനീയര്‍മാരെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം ഓര്‍മപ്പെടുത്തിയത്.പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ റോഡിന്റെ കാര്യത്തില്‍ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെയുള്ള നീതിപീഠത്തിന്റെ കടുത്ത വിമര്‍ശനമായി തന്നെ ഈ പരാമര്‍ശത്തെ കാണാവുന്നതാണ്. […]

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബന്ധപ്പെട്ട വകുപ്പിന്റെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളെക്കുറിച്ച് എണ്ണിപ്പറഞ്ഞ ഹൈക്കോടതി ഈ വിഷയത്തില്‍ നടത്തിയ ഒരു പരാമര്‍ശം ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്. ശവപ്പെട്ടിയിലല്ല യാത്രക്കാര്‍ സുരക്ഷിതരായാണ് വീട്ടിലെത്തേണ്ടതെന്നായിരുന്നു ആ പരാമര്‍ശം. ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോടതി എഞ്ചിനീയര്‍മാരെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം ഓര്‍മപ്പെടുത്തിയത്.
പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ റോഡിന്റെ കാര്യത്തില്‍ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെയുള്ള നീതിപീഠത്തിന്റെ കടുത്ത വിമര്‍ശനമായി തന്നെ ഈ പരാമര്‍ശത്തെ കാണാവുന്നതാണ്. കേരളത്തില്‍ റോഡ് തകര്‍ച്ച കാരണം വാഹനാപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടുപോലും റോഡ് നന്നാക്കാന്‍ യാതൊരു നടപടിയുമുണ്ടാകാത്തതാണ് കോടതിയുടെ ഇടപെടലിന് കാരണമായിരിക്കുന്നത്. ആലുവ-പെരുമ്പാവൂര്‍ റോഡ് അപകടത്തിന് കാരണമാകും വിധം തകര്‍ന്നതായി അറിയിച്ചിട്ടും അറ്റകുറ്റപ്പണിക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പൊതുമരാമത്തിന്റെയും ഫണ്ട് ബോര്‍ഡിന്റെയും എഞ്ചിനീയര്‍മാരാണ് തങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തിയത്. അങ്ങനെ വരുമ്പോള്‍ റോഡ് അറ്റകുറ്റപ്പണി നടത്താത്തതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനാണ്. റോഡ് തകര്‍ന്നിട്ടും അറ്റകുറ്റപ്പണി വൈകിപ്പിക്കുന്ന നടപടിക്രമങ്ങളാണ് യഥാര്‍ഥപ്രശ്നമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. റോഡ് തകര്‍ച്ചയുടെ പേരില്‍ എഞ്ചിനീയര്‍മാരെ വിളിക്കാന്‍ തുടങ്ങിയാല്‍ പി.ഡബ്ല്യു ഓഫീസ് ഒന്നാകെ കോടതിയിലേക്ക് വരേണ്ടിവരുമെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
ആലുവ-പെരുമ്പാവൂര്‍ റോഡ് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക റോഡുകളുടെയും സ്ഥിതി ഇതുതന്നെയാണ്. അറ്റകുറ്റപ്പണി നടത്തി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡുകള്‍ തകരുന്നതിന് കാരണം അഴിമതിയാണ്. ഒരുവിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും അഴിമതിയില്‍ കൂട്ടുപങ്കാളിത്തം വഹിക്കുമ്പോള്‍ റോഡ് തകര്‍ന്ന് തരിപ്പണമാകുന്നു. കുഴികള്‍ നിറഞ്ഞ റോഡില്‍ അപകടങ്ങള്‍ പതിവാകുകയും മരണസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചാലും ബന്ധപ്പെട്ട വകുപ്പ് നിസംഗത തുടരുന്നു. അധികാരത്തെയും നിയമത്തെയും തെല്ലും ഭയമില്ലാതെ അഴിമതി തുടരുമ്പോള്‍ റോഡിലെ കുരുതികളും ആവര്‍ത്തിക്കുന്നു. ഇനിയും ഈ ദുരവസ്ഥ അനുവദിക്കാനാകില്ല. കോടതിയുടെ ഇടപെടലിനൊപ്പം സര്‍ക്കാരും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. സുരക്ഷിതയാത്ര പൗരാവകാശങ്ങളില്‍ ഏവും പ്രധാനപ്പെട്ടതാണെന്ന വസ്തുത മറക്കരുത്.

Related Articles
Next Story
Share it