കര്‍ഷകര്‍ക്കുള്ള ധനസഹായം നീളരുത്

വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ധനസഹായം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. കാലവര്‍ഷക്കെടുതിയിലോ, മറ്റേതെങ്കിലും രീതിയിലോ വിളനാശമുണ്ടായാല്‍ പരാതി ലഭിച്ച് ഒരാഴ്ച കഴിയുന്നതിന് മുമ്പേ ഇത് പരിശോധിക്കാന്‍ വീടുകളിലെത്തുമെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ വിളനാശത്തിന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നതാണ് പരാതി. ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്കും അല്ലാത്തവര്‍ക്കും വിള നാശത്തിന് ധനസഹായം വിതരണം ചെയ്യുന്നുണ്ട്. രണ്ടിനം വ്യത്യസ്ത രീതിയിലാണ് തുക അനുവദിക്കുന്നത്. പരാതികള്‍ നേരിട്ടോ വെബ്‌സൈറ്റ് […]

വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ധനസഹായം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. കാലവര്‍ഷക്കെടുതിയിലോ, മറ്റേതെങ്കിലും രീതിയിലോ വിളനാശമുണ്ടായാല്‍ പരാതി ലഭിച്ച് ഒരാഴ്ച കഴിയുന്നതിന് മുമ്പേ ഇത് പരിശോധിക്കാന്‍ വീടുകളിലെത്തുമെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ വിളനാശത്തിന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നതാണ് പരാതി. ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്കും അല്ലാത്തവര്‍ക്കും വിള നാശത്തിന് ധനസഹായം വിതരണം ചെയ്യുന്നുണ്ട്. രണ്ടിനം വ്യത്യസ്ത രീതിയിലാണ് തുക അനുവദിക്കുന്നത്. പരാതികള്‍ നേരിട്ടോ വെബ്‌സൈറ്റ് മുഖേനയോ ആണ് നല്‍കുന്നത്. വിളകള്‍ ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് 15 ദിവസത്തിനകവും അല്ലാത്തവര്‍ 10 ദിവസത്തിനകവും പരാതി നല്‍കണമെന്നാണ് നിയമം. മാസങ്ങള്‍ കഴിഞ്ഞിട്ടും അപേക്ഷ നല്‍കിയവരുടെ അക്കൗണ്ടുകളില്‍ പണം എത്തിയിട്ടില്ല. രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒ.ടി.പി.വഴിയാണ് ഫോട്ടോ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യേണ്ടത്. നാശ നഷ്ടമുണ്ടായ വിളകള്‍ക്കൊപ്പം കര്‍ഷകര്‍ നല്‍കുന്ന ഫോട്ടോ കൂടി വേണം. ഒന്നോ രണ്ടോ തെങ്ങ് നശിച്ചവര്‍ക്ക് തുച്ഛമായ ധനസഹായമാണ് കിട്ടുന്നത്. ഫോട്ടോ ഗ്രാഫറെ വിളിച്ച് ഇതിന്റെ ഫോട്ടോ എടുത്ത് പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നഷ്ടത്തിന് പുറമെ ഫോട്ടോവിന്റെ വില കൂടി നഷ്ടമായെന്നത് മാത്രം മിച്ചം. മാസങ്ങളോളം അധ്വാനിച്ചുണ്ടാകുന്ന കാര്‍ഷിക വിളകള്‍ അപ്രതീക്ഷിതമായി നശിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് കര്‍ഷകരിലുണ്ടാവുന്നത്. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പുവരുത്തുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നുണ്ടെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യത്തിലെത്തുന്നില്ല. ഇത്തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോഴും കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയായിരുന്നു. കര്‍ഷകര്‍ വില്‍ക്കുന്ന ഒരു ഉല്‍പ്പന്നത്തിനും വിലയില്ല. അതേസമയം ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൈപൊള്ളുന്ന വിലയും. തേങ്ങക്ക് കിലോയ്ക്ക് 32 രൂപയില്‍ താഴെയാണ് വില. അതേസമയം വെളിച്ചെണ്ണ വാങ്ങണമെങ്കില്‍ ലിറ്ററിന് 210 രൂപയിലേറെ നല്‍കണം. റബ്ബറിന്റെയും നേന്ത്രവാഴയുടെയും കുരുമുളകിന്റെയുമൊക്കെ സ്ഥിതി ഇതുതന്നെ. ഇടനിലക്കാരാണ് കര്‍ഷകരെ ചൂഷണം ചെയ്യുന്ന മറ്റൊരു വിഭാഗം. കര്‍ഷകരില്‍ നിന്ന് തുച്ഛമായ വിലക്ക് വാങ്ങി വന്‍കിട കമ്പനികള്‍ക്ക് ഇതിന്റെ ഇരട്ടി വിലക്ക് വില്‍ക്കുന്നു. പ്രകൃതി ദുരന്തം മൂലവും കാലാവസ്ഥാ വ്യതിയാനം മൂലവും കൃഷിനശിക്കുമ്പോള്‍ ഒരു വര്‍ഷത്തെ അധ്വാനമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് പലരും കൃഷിയിറക്കുന്നത്. വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ കടക്കെണിയില്‍ പെട്ടുഴലുന്ന കര്‍ഷകരാണ് ഭൂരിഭാഗവും. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണ് പലപ്പോഴും പദ്ധതി പാളിപ്പാകുന്നത്.

Related Articles
Next Story
Share it