കോവിഡ്കാല ബജറ്റ്

ഡോ. തോമസ് ഐസക്കിന് ശേഷം ധനമന്ത്രിക്കസേരയില്‍ എത്തിയ കെ.എന്‍.ബാലഗോപാലിന്റെ കന്നിബജറ്റ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിന്റെ തുടച്ചയാണ് പുതിയ ബജറ്റ്. കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനും മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണിത്. കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് 1000 കോടിയും അനുബന്ധ ഉപകരണങ്ങള്‍ക്കായി 500 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. താഴെത്തട്ടിലുള്ളവര്‍ക്ക് പണം ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി […]

ഡോ. തോമസ് ഐസക്കിന് ശേഷം ധനമന്ത്രിക്കസേരയില്‍ എത്തിയ കെ.എന്‍.ബാലഗോപാലിന്റെ കന്നിബജറ്റ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിന്റെ തുടച്ചയാണ് പുതിയ ബജറ്റ്. കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനും മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണിത്. കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് 1000 കോടിയും അനുബന്ധ ഉപകരണങ്ങള്‍ക്കായി 500 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. താഴെത്തട്ടിലുള്ളവര്‍ക്ക് പണം ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിക്കണമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ നിലവില്‍ നല്‍കി വരുന്ന പെന്‍ഷനുകളും കിറ്റും ഉള്‍പ്പെടെയുള്ള തുക ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതിന് 8900 കോടി രൂപയാണ് നീക്കിവെച്ചത്. തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യ പൊതുവിതരണ മേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതികളൊന്നും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് എല്ലാ മേഖലകളിലും ജനങ്ങള്‍ വലിയ പ്രഹരമേല്‍ക്കേണ്ടിവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണം കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കോവിഡ് സൃഷ്ടിച്ച വെല്ലുവിളിനേരിടുന്നതിന് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്കുള്ള സഹായമുള്‍പ്പെടെയുള്ളവ ഇതില്‍ നിന്ന് മാറ്റി വെണ്ടിക്കേണ്ടിവരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നു പ്രത്യേക ബ്ലോക്കും ജില്ലയിലെ ആസ്പത്രികള്‍ക്ക് 10 കിടക്കകളോട് കൂടിയ ബ്ലോക്കിനും പണം നീക്കിവെച്ചിട്ടുണ്ട്.
150 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റാണ് മറ്റൊന്ന്. ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരണപ്പെടുന്നത് തടയുന്നതിനുള്ള നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കോവിഡിന്റെ മൂന്നാം വരവില്‍ കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട് കൂടിയാണ് ഇത്തരമൊരു നീക്കം. കുടുംബശ്രീകള്‍ വഴി നാല് ശതമാനം പലിശക്ക് വായ്പ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. താഴെക്കിടയിലുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇത് വലിയ സഹായമായിരിക്കും. കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍നല്‍കുന്ന പദ്ധതികളും ബജറ്റിലുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച സബ്‌സിഡി ഇതുവരെ ലഭിച്ചിട്ടില്ല. ഇത് നല്‍കുമെന്ന പ്രഖ്യാപനം റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാവും. ഇതിന് 50 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പച്ചക്കറി, നാണ്യവിളകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ഇവ വിപണനം ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണിപ്പോള്‍. ഇതിന് പരിഹാരം കാണുമെന്നും ധനമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്.
കൃഷിഭവനുകള്‍ വിപുലീകരിക്കുന്നതിനും തുക വക കൊള്ളിച്ചിട്ടുണ്ട്. തീരദേശസംരക്ഷണത്തിന് 1500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കടല്‍ക്ഷോഭവും പ്രളയവും മൂലം കഷ്ടതയനുഭവിക്കുന്ന കടലോര പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കിഫ്ബിയില്‍ നിന്ന് 2300 കോടി രൂപ കണ്ടെത്തുമെന്നും ധനമന്ത്രി പറയുന്നുണ്ട്. മുന്‍ ബജറ്റുകളിലും ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. പഠനം ഓണ്‍ലൈനായികൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പ് നല്‍കാനുള്ള പദ്ധതിയും സ്വാഗതാര്‍ഹമാണ്. നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ 3000 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റാനുള്ള നടപടി കോര്‍പ്പറേഷന്റെ നഷ്ടം കുറച്ചേക്കും. കെ.എസ്.ആര്‍.ടി.സി.യുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 100 കോടിയും അനുവദിച്ചിട്ടുണ്ട്. ഗൗരിയമ്മക്കും ആര്‍.ബാലകൃഷ്ണ പിള്ളക്കും സ്മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി വീതം അനുവദിച്ചിട്ടുണ്ട്. അവര്‍ക്ക് സ്മാരകമുണ്ടാവേണ്ടത് അത്യാവശ്യം തന്നെ. എന്നാല്‍ ഈ കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോള്‍ തന്നെ അത് വേണ്ടിയിരുന്നില്ല. അത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്തായാലും കോവിഡ് പ്രതിരോധം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരുബജറ്റ് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നവെന്നതില്‍ സമാധാനിക്കാം.

Related Articles
Next Story
Share it