മദ്യക്കടത്ത്; കര്‍ശന നടപടി വേണം

കോവിഡിന്റെ മറവില്‍ മദ്യക്കടത്ത് വര്‍ധിച്ചുവരികയാണ്. കര്‍ണാടകയില്‍ നിന്നാണ് കേരളത്തിലേക്ക് മദ്യം ഒഴുകിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും അടച്ചതോടെയാണ് മദ്യക്കടത്ത് വര്‍ധിച്ചത്. കാറുകളിലും മറ്റു വാഹനങ്ങളിലുമായി അതിര്‍ത്തി കടന്നു വരുന്ന മദ്യം ജില്ലയുടെ എല്ലാ മേഖലയിലേക്കും എത്തിക്കുന്ന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മംഗളൂരുവില്‍ നിന്ന് തലപ്പാടി ചെക്ക്‌പോസ്റ്റ് വഴി വരുന്ന വാഹനങ്ങള്‍ എല്ലാം പരിശോധിക്കുക എളുപ്പമല്ല. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചില വാഹനങ്ങള്‍ പരിശോധിക്കുന്നത്. ഇതിനു പുറമെ ചിലര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും വാഹന പരിശോധന നടത്തുന്നുണ്ട്. […]

കോവിഡിന്റെ മറവില്‍ മദ്യക്കടത്ത് വര്‍ധിച്ചുവരികയാണ്. കര്‍ണാടകയില്‍ നിന്നാണ് കേരളത്തിലേക്ക് മദ്യം ഒഴുകിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും അടച്ചതോടെയാണ് മദ്യക്കടത്ത് വര്‍ധിച്ചത്. കാറുകളിലും മറ്റു വാഹനങ്ങളിലുമായി അതിര്‍ത്തി കടന്നു വരുന്ന മദ്യം ജില്ലയുടെ എല്ലാ മേഖലയിലേക്കും എത്തിക്കുന്ന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മംഗളൂരുവില്‍ നിന്ന് തലപ്പാടി ചെക്ക്‌പോസ്റ്റ് വഴി വരുന്ന വാഹനങ്ങള്‍ എല്ലാം പരിശോധിക്കുക എളുപ്പമല്ല. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചില വാഹനങ്ങള്‍ പരിശോധിക്കുന്നത്. ഇതിനു പുറമെ ചിലര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും വാഹന പരിശോധന നടത്തുന്നുണ്ട്. ഈയിടെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍പ്പെട്ട പെരളത്ത് നിന്ന് വലിയ മദ്യശേഖരം പിടികൂടിയിരുന്നു. നൂറുകണക്കിന് കുപ്പി മദ്യമാണ് ഒരു ഷെഡ്ഡില്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഷെഡില്‍ കുറേ കാലമായി മദ്യവ്യാപാരവും നടന്നു വരികയായിരുന്നുവെന്ന് വേണം ഊഹിക്കാന്‍. മദ്യശേഖരവുമായി ഒരാളെ പിടികൂടിയിരുന്നെങ്കിലും ഇതിന്റെ പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചുവരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മൊത്തമായി മദ്യം ഇവിടെ എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുകയാണ്. നേരത്തെ കാഞ്ഞങ്ങാട്ടെ ഒരു ബാറില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരാളാണത്രെ ഇതിന്റെ പിന്നില്‍. ഗോഡൗണില്‍ നിന്ന് തൊഴിലാളിയായ ഒരാളെ പിടികൂടിയതല്ലാതെ ഇതിന്റെ യഥാര്‍ത്ഥ ഉടമയെ ഇതുവരെ പിടികൂടിയിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈയിടെയായി കര്‍ണാടക മദ്യം പിടികൂടുന്നുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢ സംഘങ്ങളെ കയ്യോടെ പിടികൂടാനാവണം. പാണത്തൂര്‍ ഭാഗത്ത് നിന്നും കര്‍ണാടക മദ്യം കേരളത്തിലേക്ക് കടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വഴിയും ഊട് വഴിയിലൂടെയും മദ്യം എത്തുന്നു. 500 മില്ലിയുടെയും മറ്റും കുപ്പികളിലാക്കിയാണ് എത്തിക്കുന്നത്. മദ്യക്കടത്തിന് പുറമെ വാറ്റു ചാരായ നിര്‍മ്മാണവും പലേടങ്ങളിലും തകൃതിയായി നടക്കുന്നുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് അവര്‍ക്ക് ആവശ്യമായ ചാരായം വാറ്റുന്നതിന് പുറമെ വില്‍പ്പനക്കായി കുടില്‍ വ്യവസായം പോലെയും വാറ്റുന്നവരുണ്ട്. കൊറോണക്കാലമായതിനാല്‍ പൊലീസും ഉദ്യോഗസ്ഥരുമൊക്കെ അതിന് പിന്നാലെയായതിനാല്‍ മദ്യക്കടത്തുകാരെയും വാറ്റുകാരെയും പിടികൂടുന്നതിന് രംഗത്തുണ്ടാവുന്നില്ല. ഇത് മുതലെടുത്താണ് പലരും വാറ്റ് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. ലോക്ഡൗണ്‍ ആയതോടെ എല്ലാവരും വീടുകളില്‍ തന്നെ തുടരുന്നതിനാല്‍ പലരും വാറ്റ് പരീക്ഷിക്കുന്നതായാണ് എക്‌സൈസ് അധികൃതര്‍ക്ക് കിട്ടിയ വിവരം. മദ്യക്കടത്തിനും വാറ്റിനും പുറമെ മയക്ക് മരുന്നിന്റെ വിപണനവും തകൃതിയായി നടക്കുന്നുണ്ട്. കഞ്ചാവാണ് അധികമായി എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് നിന്ന് 240 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കാസര്‍കോട്ടേക്ക് ഒരു ടൂറിസ്റ്റ് ബസില്‍ ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്. ആന്ധ്രയില്‍ നിന്ന് ആളുകളെ നാട്ടിലെത്തിക്കാനെന്ന വ്യാജേന ആര്‍.ടി.ഒയുടെ പ്രത്യേക പാസ് എടുത്തായിരുന്നു ബസ് ഓടിയിരുന്നത്. എന്നാല്‍ തിരികെ കഞ്ചാവ് മാത്രമാണ് എത്തിച്ചത്. ഒരു കോടിയോളം രൂപ വിലവരുന്ന കഞ്ചാവാണിത്. ആന്ധ്രയില്‍ കിലോഗ്രാമിന് 3000 മുതല്‍ 5000 രൂപ വരെയാണ് വില. അത് ഇവിടെയെത്തുമ്പോള്‍ കിലോവിന് 30,000 രൂപവരെ ലഭിക്കുന്നു. ആന്ധ്രയിലെ മാവോയിസ്റ്റ് അധീന മേഖലയിലാണത്രെ കഞ്ചാവ് വിളയിച്ചെടുക്കുന്നത്. എന്തായാലും കോവിഡിന്റെ മറവില്‍ മദ്യവും മയക്കുമരുന്നും കഞ്ചാവും കടത്തുന്ന സംഘങ്ങള്‍ സജീവമായി രംഗത്തുവന്നിരിക്കുകയാണ്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണം.

Related Articles
Next Story
Share it