പുതിയ അധ്യയനവര്‍ഷം പിറക്കുമ്പോള്‍

മറ്റൊരു സ്‌കൂള്‍ കാലം കൂടി ഇന്ന് ആരംഭിച്ചിരിക്കയാണ്. കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചതോടെ കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസിലെത്താന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ പഠനമാണ് തുടര്‍ന്നു വന്നത്. ഈ വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോഴും അതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്നെങ്കിലും ക്ലാസില്‍ ഇരുന്നുകൊണ്ടുള്ള പഠനത്തിന്റെ നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പരീക്ഷകളുടെ അവസ്ഥയും അതു തന്നെ. ചില പരീക്ഷകള്‍ പേരിന് മാത്രമായി നടത്തിയെങ്കിലും മറ്റ് പല പരീക്ഷകളും നടത്താനിരിക്കുന്നതേയുള്ളു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെയാണ് […]

മറ്റൊരു സ്‌കൂള്‍ കാലം കൂടി ഇന്ന് ആരംഭിച്ചിരിക്കയാണ്. കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചതോടെ കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസിലെത്താന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ പഠനമാണ് തുടര്‍ന്നു വന്നത്. ഈ വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോഴും അതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്നെങ്കിലും ക്ലാസില്‍ ഇരുന്നുകൊണ്ടുള്ള പഠനത്തിന്റെ നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പരീക്ഷകളുടെ അവസ്ഥയും അതു തന്നെ. ചില പരീക്ഷകള്‍ പേരിന് മാത്രമായി നടത്തിയെങ്കിലും മറ്റ് പല പരീക്ഷകളും നടത്താനിരിക്കുന്നതേയുള്ളു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെയാണ് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായത്. ഒരു വര്‍ഷത്തിലേറെയായി വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. കോവിഡിന്റെ രണ്ടാം തരംഗം അവരെ വീണ്ടും വീടുകളില്‍ തളച്ചിടപ്പെട്ടിരിക്കയാണ്. വിദൂരത്തില്‍ നിന്ന് സിഗ്നലുകളായെത്തുന്ന വിദ്യയും അധ്യാപകര്‍ നേരിട്ട് പകരുന്ന വിദ്യയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഓണ്‍ലൈന്‍ പഠനം താല്‍ക്കാലികമായ പ്രതിസന്ധിക്ക് പരിഹാരം കാണാനേ സാധിക്കു. എല്ലാക്കാലവും അതേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ല. ഈയിടെ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച് നടത്തിയ ഒരു സര്‍വ്വേയില്‍ മൂന്നില്‍ രണ്ടുപേരും ഡിജിറ്റല്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ചെറിയ കുട്ടികള്‍ മാത്രമല്ല, ഹയര്‍സെക്കണ്ടറിയില്‍ പഠിക്കുന്നവരിലും വലിയൊരു വിഭാഗം ഡിജിറ്റല്‍ പഠനത്തില്‍ താല്‍പര്യം പ്രകടിപ്പിക്കാത്തവരാണ്. ഓണ്‍ലൈന്‍ പഠനത്തിന് ആദ്യം തടസ്സമായിരു ന്നത് മൊബൈലും ലാപ്‌ടോപും അടക്കമുള്ള അടിസ്ഥാന സൗകര്യമില്ലെന്നതാണ്. അതിന് ഒരു പരിധിവരെ പരിഹാരമായിട്ടുണ്ട്. അധ്യാപകരും സഹപാഠികളും തമ്മില്‍ നേരിട്ട് ബന്ധമില്ലാത്തത് വലിയൊരു പോരായ്മയാണ്. വീടിന് പുറത്തുള്ള പഠനാന്തരീക്ഷം ഇവിടെ കിട്ടുന്നില്ല. വീടുകളില്‍ തളച്ചിടുന്നവര്‍ക്ക് പുറത്തെ സ്വാതന്ത്ര്യം കിട്ടുന്നില്ല. സഹപാഠികളുമായുള്ള കൂടിച്ചേരലുകളും അധ്യാപകരുമായുള്ള സംശയനിവാരണവുമൊക്കെ നടക്കാതെ പോവുമ്പോള്‍ അവര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിലൂടെ തൃപ്തി ലഭിക്കുന്നില്ല. കോവിഡിന്റെ ഒന്നാം വരവ് കഴിഞ്ഞ് രണ്ടാം വരവിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികളുടെ യാതനക്ക് അവസാനമാകുന്നില്ല. കഴിഞ്ഞ വര്‍ഷം ഒരേ കേന്ദ്രത്തില്‍ നിന്നാണ് എല്ലാവര്‍ക്കും ക്ലാസ് നല്‍കിയിരുന്നത്. ഇത്തവണ അതിന് മാറ്റം വരുത്തുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലകള്‍ കേന്ദ്രീകരിച്ച് ഓരോ സ്‌കൂളിലേയും അധ്യാപകര്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്ന രീതി അവലംബിക്കാനാണ് ആലോചിക്കുന്നത്. വീടുകളില്‍ തളച്ചിടപ്പെട്ടതു കൊണ്ട് അവര്‍ മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്നുണ്ടെന്ന് സര്‍വ്വേയില്‍ പറയുന്നുണ്ട്. കോവിഡ് വ്യാപനത്തിന് കുറവുണ്ടാകുന്ന മുറക്ക് നേരിട്ടുള്ള ക്ലാസുകള്‍ നടത്തുന്ന കാര്യത്തിന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. മാനസിക സമ്മര്‍ദ്ദം ഏറെ അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിക്കൊടുക്കാനും കഴിയണം. സ്‌കൂള്‍ എന്ന സങ്കല്‍പ്പത്തിന് തന്നെ മാറ്റം വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് ഗുണവും ദോഷവുമുണ്ട്.
അതിലെ ദോഷവശങ്ങള്‍ ഒഴിവാക്കി നല്ലതിനെ മാത്രം സ്വാംശീകരിക്കാന്‍ കഴിയണം. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള നടപടിയും ഉണ്ടാവണം. പല സ്ഥലങ്ങളിലും നെറ്റ് കിട്ടാത്ത സാഹചര്യമുണ്ട്. ഇത് ക്ലാസിന്റെ സുതാര്യമായ മുമ്പോട്ടുള്ള പോക്കിനെ ബാധിക്കുന്നു. ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികളും ഒരു ഫോണും മാത്രമാവുമ്പോഴും പഠനം തടസ്സമാവുന്നു. ക്ലാസിന്റെ ലിങ്കുകള്‍ ഉപയോഗിച്ച് രണ്ടാമത് പാഠഭാഗങ്ങള്‍ കേട്ട് പഠിക്കുക എന്നത് മാത്രമേ പോം വഴിയുള്ളു. കോവിഡ് പടര്‍ന്നു പിടിച്ചതിന് ശേഷം ഭൂരിഭാഗം അധ്യാപകരും വീടുകളില്‍ തന്നെ കഴിയുകയാണ്. ചിലര്‍ക്ക് മാത്രമാണ് കോവിഡ് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അവരവര്‍ക്ക് അവരുടെ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാനാവും. വീടുകളില്‍ ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികള്‍ക്ക് മോചനം ഉണ്ടാവണം.

Related Articles
Next Story
Share it