മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ അറിയാന്‍

കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രിയായതിന് ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയിരിക്കയാണ്. വളരെ മുമ്പ് തന്നെ കാസര്‍കോടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മന്ത്രിക്ക് കാസര്‍കോടിന്റെ പശ്ചാത്തലവും പ്രശ്‌നങ്ങളും മറ്റാരേക്കാളും നന്നായറിയാം. തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങള്‍ക്കും നാഷണല്‍ ലീഗിന്റെ വിവിധ നേതൃയോഗങ്ങള്‍ക്കുമായി പലതവണ കാസര്‍കോട് എത്തിയിട്ടുള്ള മന്ത്രിക്ക് വടക്കന്‍ ജില്ലയുടെ നാഡീസ്പന്ദനങ്ങള്‍ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കാസര്‍കോടിനെ അറിയാവുന്ന ഒരാള്‍ക്ക് തന്നെ ജില്ലയുടെ ചുമതല നല്‍കിയത് പ്രത്യാശ പകരുന്നുണ്ട്. ഇടതുമുന്നണിയില്‍ ഐ.എന്‍.എല്‍. വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തവണ മുന്നണിയുടെ ഭാഗമാവുന്നത്. […]

കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രിയായതിന് ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയിരിക്കയാണ്. വളരെ മുമ്പ് തന്നെ കാസര്‍കോടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മന്ത്രിക്ക് കാസര്‍കോടിന്റെ പശ്ചാത്തലവും പ്രശ്‌നങ്ങളും മറ്റാരേക്കാളും നന്നായറിയാം. തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങള്‍ക്കും നാഷണല്‍ ലീഗിന്റെ വിവിധ നേതൃയോഗങ്ങള്‍ക്കുമായി പലതവണ കാസര്‍കോട് എത്തിയിട്ടുള്ള മന്ത്രിക്ക് വടക്കന്‍ ജില്ലയുടെ നാഡീസ്പന്ദനങ്ങള്‍ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കാസര്‍കോടിനെ അറിയാവുന്ന ഒരാള്‍ക്ക് തന്നെ ജില്ലയുടെ ചുമതല നല്‍കിയത് പ്രത്യാശ പകരുന്നുണ്ട്. ഇടതുമുന്നണിയില്‍ ഐ.എന്‍.എല്‍. വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തവണ മുന്നണിയുടെ ഭാഗമാവുന്നത്. ഐ.എന്‍.എല്ലിന് വേരോട്ടമുള്ള സ്ഥലമെന്നതുകൊണ്ട് തന്നെയായിരിക്കണം കാസര്‍കോടിന്റെ ചുമതല നല്‍കിയതും. സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴും ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. ജില്ല രൂപീകരിച്ചിട്ട് 37 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും ബാലാരിഷ്ടതയില്‍ തന്നെയാണ് കാസര്‍കോട്. ചികിത്സാ സൗകര്യത്തിന്റെ കാര്യത്തിലാണ് കാസര്‍കോട് വലിയ ദുരിതം അനുഭവിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഒറ്റ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയുമില്ലാത്ത മറ്റൊരു ജില്ല കേരളത്തിലില്ല. എന്തിനും ഏതിനും മംഗളൂരുവിനെ ആശ്രയിച്ചുപോന്നിരുന്ന കാസര്‍കോട്ടുകാര്‍ കരഞ്ഞു പറഞ്ഞിട്ടും മണ്ണിട്ടു മൂടിയ ദേശീയ പാത തുറക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നത്തിന് ജില്ലയോളം തന്നെ പഴക്കമുണ്ട്. തറക്കല്ലില്‍ മാത്രം ഒതുങ്ങിനിന്ന ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ഇന്നും പൂര്‍ണ്ണ സജ്ജമായിട്ടില്ല. കോവിഡ് ആഞ്ഞുവീശിയ ഒന്നാം തരംഗത്തില്‍ കുറച്ച് കിടക്കകള്‍ വെച്ച് തിരുവനന്തപുരത്ത് നിന്ന് ഏതാനും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൊണ്ട് വന്ന് കോവിഡ് ആസ്പത്രിയാക്കി മാറ്റി. ഒന്ന് രണ്ട് മാസം പിന്നിട്ടപ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ പഴയ ലാവണത്തിലേക്ക് തന്നെ പോയി. ഇവിടെ നോക്കുകുത്തി പോലെ കോവിഡ് ആസ്പത്രി നിലനിര്‍ത്തിയിരിക്കുന്നു. ഈ മെഡിക്കല്‍ കോളേജിന് ഒരു ശാപമോക്ഷം വേണം. തെക്കിലില്‍ ടാറ്റാ നിര്‍മ്മിച്ചു നല്‍കിയ കോവിഡ് ആസ്പത്രിയായിരുന്നു മറ്റൊരു പ്രതീക്ഷ. 70 കോടിയോളം രൂപ മുതല്‍ മുടക്കി കോവിഡിനെതിരെ പോരാടാന്‍ കെട്ടിട സമുച്ചയം ഒരുക്കി സര്‍ക്കാരിന് കൈമാറിയപ്പോള്‍ ജില്ലയിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലാണ്. അവിടേക്ക് വേണ്ട ഗതാഗത സൗകര്യമോ വൈദ്യുതി സംവിധാനമോ പൂര്‍ണ്ണ സജ്ജമായിട്ടില്ല. വേണ്ടത്ര ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫും ഇല്ല. ഈ പോരായ്മകളൊക്കെ പരിഹരിക്കണം. ജില്ലാ ആസ്പത്രിയില്‍ 400 പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുണ്ട്. പക്ഷെ വാര്‍ഡുകളുടെയും മറ്റും അസൗകര്യം കാരണം ഇവിടെ 260 രോഗികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയുടെയും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയുടെയും സൗകര്യം ഏറെ മെച്ചപ്പെടുത്തണം. കാസര്‍കോടിന് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തിനും ഏറെ കാലത്തെ പഴക്കമുണ്ട്. രണ്ട് വര്‍ഷം മുമ്പ് പിന്നോക്ക ജില്ലയെന്നതു പരിഗണിച്ച് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം തന്നെ സൂചന നല്‍കിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ ജില്ലക്ക് എയിംസ് അനുവദിച്ചുകൂടായ്കയില്ല. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ച് ആവശ്യമായ സ്ഥലം ലഭ്യമാക്കാനാവും. ദേശീയ പാത ആറ് വരിയാക്കുന്ന പ്രവൃത്തി തലപ്പാടി വരെയെത്തി നിലച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ പാത നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ സ്ഥലം അക്വിസിഷനും അനുബന്ധ നടപടികളും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തലപ്പാടി മുതല്‍ ചെങ്കള വരെയും ചെങ്കള മുതല്‍ നീലേശ്വരം വരെയും സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. കാസര്‍കോട് ജില്ല 37 വര്‍ഷം പിന്നിട്ടിട്ടും വൈദ്യുതി മേഖലയിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടില്ല. നമുക്ക് വേണ്ട വൈദ്യുതി കര്‍ണാടകയില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും അത് ഇവിടെ എത്തിക്കാന്‍ പൂര്‍ണ്ണ സജ്ജമായ ഒരു ലൈന്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മലയോര മേഖലയിലൊക്കെ ഇപ്പോഴും വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ ഒട്ടേറെയുണ്ട്. വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലയാണിത്. നിലവിലുള്ളവ പുനരുജ്ജീവിപ്പിക്കാനും പുതിയവ തുടങ്ങാനും സംവിധാനം ഉണ്ടാവണം. വിദ്യാഭ്യാസ മേഖലയില്‍ പെരിയ കാമ്പസ് യാഥാര്‍ത്ഥ്യമായെങ്കിലും ജില്ലയില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാലയങ്ങള്‍ ഒട്ടേറെയുണ്ട്. എല്ലായിടത്തും ഹൈടെക്ക് വിദ്യാഭ്യാസം വന്നുകൊണ്ടിരിക്കുമ്പോള്‍ ജില്ലയ്ക്ക് ഒപ്പം മുന്നേറാനാവണം. റോഡുകളുടെ കാര്യത്തിലും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കാലവര്‍ഷം കഴിയുന്നതോടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വീണ് ഓരോ വര്‍ഷവും നിരവധി പേരാണ് മരണപ്പെടുന്നത്. നാഷണല്‍ ഹൈവെയുടെ സ്ഥിതി പോലും ശോചനീയമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതും ജനങ്ങളെ തന്നെയാണ് ബാധിക്കുന്നത്. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ദിവസങ്ങളോളം കയറിയിറങ്ങിയാല്‍ മാത്രമേ ആവശ്യം നിറവേറുകയുള്ളൂ. കാസര്‍കോടിന്റെ തുടിപ്പ് അറിയാവുന്ന മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ മനസു വെച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കാനാവും.

Related Articles
Next Story
Share it