ജില്ലക്ക് ഇനിയും ഏറെ മുന്നേറാനുണ്ട്

കാസര്‍കോട് ജില്ല പിറന്നിട്ട് 37 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മറ്റ് ജില്ലകളുടെ വികസനവുമായി തട്ടിച്ചുനോക്കുമ്പോള്‍ നാം എന്തു നേടി എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ കാസര്‍കോട് ജില്ല ഇപ്പോഴും ശൈശവ ദിശയില്‍ തന്നെ നിലകൊള്ളുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവാനിടയില്ല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ നാം എത്രമാത്രം പിന്നിലാണെന്ന് മനസ്സിലാവുന്നത്. മംഗളൂരുവിലേക്കുള്ള വഴികള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടുമൂടിയപ്പോള്‍ ഇരുപത്തഞ്ചോളം രോഗികളാണ് ആസ്പത്രിയില്‍ എത്താനാവാതെ വഴിയില്‍ പിടഞ്ഞുമരിച്ചത്. ജില്ല വന്നിട്ട് ഇത്രയും […]

കാസര്‍കോട് ജില്ല പിറന്നിട്ട് 37 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മറ്റ് ജില്ലകളുടെ വികസനവുമായി തട്ടിച്ചുനോക്കുമ്പോള്‍ നാം എന്തു നേടി എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ കാസര്‍കോട് ജില്ല ഇപ്പോഴും ശൈശവ ദിശയില്‍ തന്നെ നിലകൊള്ളുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവാനിടയില്ല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ നാം എത്രമാത്രം പിന്നിലാണെന്ന് മനസ്സിലാവുന്നത്. മംഗളൂരുവിലേക്കുള്ള വഴികള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടുമൂടിയപ്പോള്‍ ഇരുപത്തഞ്ചോളം രോഗികളാണ് ആസ്പത്രിയില്‍ എത്താനാവാതെ വഴിയില്‍ പിടഞ്ഞുമരിച്ചത്. ജില്ല വന്നിട്ട് ഇത്രയും വര്‍ഷം പിന്നിട്ടിട്ടും നമുക്ക് ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയോ പൂര്‍ണ്ണസജ്ജമായ ഒരു മെഡിക്കല്‍ കോളേജോ യാഥാര്‍ത്ഥ്യമായില്ല. ഇപ്പോഴും വിദഗ്ധ ചികിത്സക്ക് മംഗളൂരുവിനെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. കോവിഡിന്റെ പേരില്‍ മംഗളൂരുവിലേക്കുള്ള വഴി അടച്ചപ്പോള്‍ ഗുരുതരാവസ്ഥയിലുള്ള പല രോഗികള്‍ക്കും ജീവന്‍ ത്യജിക്കേണ്ടിവന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. നാഴികക്ക് നാല്‍പതുവട്ടം കാസര്‍കോടിന്റെ വികസനത്തെപ്പറ്റി പറയുന്ന പലര്‍ക്കും നാക്കിറങ്ങിപ്പോയ അനുഭവമാണ് അന്നുണ്ടായത്. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാവുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. കാസര്‍കോടിനൊപ്പം തറക്കല്ലിട്ട മഞ്ചേരിയിലെയും മറ്റും മെഡിക്കല്‍ കോളേജുകളില്‍ എത്രയോ ബാച്ച് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും നാം ഇതൊക്കെ കണ്ട് നെടുവീര്‍പ്പിടുന്നു. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ഇപ്പോള്‍ കോവിഡ് ആസ്പത്രിയാണ്. ഒന്നാംഘട്ടത്തില്‍ കൊറോണ തകര്‍ത്താടിയപ്പോള്‍ തെക്കന്‍ ജില്ലകളില്‍ നിന്ന് കുറേ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ഇവിടേക്ക് അയച്ചു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അതേപോലെ തിരികെപോകുന്ന കാഴ്ചയാണ് നാം കണ്ടത്. ഈ കോളേജ് എന്നേക്ക് പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കാനാവുമെന്ന ഉറപ്പ് ആര്‍ക്കുമില്ല. പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരിക്കുകയാണ്. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മറ്റാരേക്കാളും നന്നായി അറിയാവുന്ന വ്യക്തിയാണദ്ദേഹം. ഇത്തവണയെങ്കിലും മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. കഴിഞ്ഞ മന്ത്രിസഭയില്‍ ജില്ലയെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആരുമില്ല. അതൊരു പോരായ്മയായി കാണാതെ ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടി ഉണ്ടാവണം. വൈദ്യുതി, ഗതാഗതം, വ്യവസായം, ടൂറിസം, കൃഷി തുടങ്ങി എല്ലാമേഖലകളിലും ജില്ലക്ക് ഇനിയും ഏറെ മുന്നേറാനുണ്ട്. കാസര്‍കോടിനുവേണ്ട വൈദ്യുതി കര്‍ണാടകയില്‍ നിന്നാണ് എത്തിക്കുന്നത്. അതുകൊണ്ടുവരാനുള്ള നല്ലൊരു ലൈന്‍ പോലും യാഥാര്‍ത്ഥ്യമായിട്ടില്ല. നമുക്ക് വേണ്ടത്ര വൈദ്യുതി തരാന്‍ കര്‍ണാടക സന്നദ്ധമാണെങ്കിലും അതിവിടെ എത്തിക്കാന്‍ സാധിക്കുന്നില്ല. മലയോര മേഖലകളിലൊക്കെ ഇപ്പോഴും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. റോഡിന്റെ കാര്യത്തിലും നാം ഏറെ പിറകിലാണ്. കര്‍ണാടകയില്‍ നിന്നുള്ള ആറ് വരിപ്പാത തലപ്പാടിയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതിനിപ്പുറം സ്ഥലമെടുപ്പോലും പൂര്‍ത്തിയാക്കാനാവാതെ തര്‍ക്കത്തില്‍ കുടുങ്ങി തുടങ്ങിയേടത്തുതന്നെ കിടക്കുകയാണ്. ഉള്‍ഭാഗങ്ങളിലെ റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്തതാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നുചെല്ലാത്ത എത്രയോ റൂട്ടുകള്‍ ഇപ്പോഴും ജില്ലയിലുണ്ട്. തീവണ്ടികളുടെ കാര്യത്തിലും കാസര്‍കോടിനെ അവഗണിക്കുകയാണ്. പല തീവണ്ടികളും കണ്ണൂര്‍വരെ എത്തി അവിടെ വൈകിട്ട് വരെ വെയിലുകൊണ്ടിട്ട് തിരിച്ച് അങ്ങോട്ട് തന്നെ മടങ്ങുകയാണ്. ജനശതാബ്ദി, എക്‌സിക്യൂട്ടീവ് ട്രെയിനുകള്‍ എന്നിവ കാസര്‍കോട് വരെ നീട്ടണമെന്ന ആവശ്യത്തിന് നേരെ റെയില്‍വെ കണ്ണടക്കുകയാണ്. തെക്കന്‍ കേരളത്തില്‍ മെമു വണ്ടികള്‍ മത്സരിച്ചോടുമ്പോഴും ഒരെണ്ണം പോലും കാസര്‍കോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടാന്‍ റെയില്‍വേ തയ്യാറാവുന്നില്ല. വിദ്യാഭ്യാസ രംഗത്ത് പെരിയയില്‍ കേന്ദ്രസര്‍വ്വകലാശാല വന്നത് വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റ് മേഖലകളിലൊന്നും വലിയ മാറ്റം ഉണ്ടായിട്ടില്ല. ടൂറിസം വികസനത്തില്‍ ബേക്കലില്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ചെറിയരീതിയുള്ള വികസനം യഥാര്‍ത്ഥ്യമായിട്ടുണ്ടെന്നതല്ലാതെ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പതിനഞ്ചാം മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ ഇവിടെ നിന്ന് ശബ്ദമുയരണം. ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ തന്നെയാണ് അതിന് മുന്നിട്ടിറങ്ങേണ്ടത്. കാസര്‍കോട് വികസന പാക്കേജില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനാവണം.

Related Articles
Next Story
Share it