അടച്ചിടല്‍ ഫലം കാണുന്നു, നിയമങ്ങള്‍ പാലിക്കണം

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ അടച്ചിടല്‍ ഫലം കാണുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ്. കേരളത്തിലടക്കം രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 46000ത്തിനു മേല്‍ രോഗികളായിരുന്നു ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിപ്പോള്‍ 21000ത്തില്‍ എത്തി നില്‍ക്കുന്നുവെന്നത് വലിയ മാറ്റമാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍ ഇനിയും രോഗികളുടെ എണ്ണം കുറക്കാനാവും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും വാതിലടച്ച് സംയമനത്തോടെ കഴിഞ്ഞതിന്റെ ഗുണഫലമാണ് കണ്ട് തുടങ്ങിയതെന്നതില്‍ സംശയമില്ല. ഇതൊക്കെയാണെങ്കിലും ഇപ്പോഴും ആഹ്ലാദിക്കാനുള്ള […]

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ അടച്ചിടല്‍ ഫലം കാണുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ്. കേരളത്തിലടക്കം രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 46000ത്തിനു മേല്‍ രോഗികളായിരുന്നു ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിപ്പോള്‍ 21000ത്തില്‍ എത്തി നില്‍ക്കുന്നുവെന്നത് വലിയ മാറ്റമാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍ ഇനിയും രോഗികളുടെ എണ്ണം കുറക്കാനാവും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും വാതിലടച്ച് സംയമനത്തോടെ കഴിഞ്ഞതിന്റെ ഗുണഫലമാണ് കണ്ട് തുടങ്ങിയതെന്നതില്‍ സംശയമില്ല. ഇതൊക്കെയാണെങ്കിലും ഇപ്പോഴും ആഹ്ലാദിക്കാനുള്ള സമയമായിട്ടില്ല. മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടാകാത്തത് ആശയങ്കയുണര്‍ത്തുന്നുണ്ട്. കേരളത്തില്‍ 20ല്‍ താഴെയായിരുന്ന മരണനിരക്ക് 100ന് തൊട്ടുതാഴെയെത്തി നില്‍ക്കുകയാണ്. അതും 50 വയസ്സിന് താഴെയുള്ളവരാണ് മരണപ്പെടുന്നവരില്‍ നല്ലൊരു ഭാഗം. ഓക്‌സിജന്‍ പ്രശ്‌നവും വെന്റിലേറ്റര്‍ പ്രശ്‌നവും ഒരു പരിധി വരെ പരിഹരിച്ചുവരികയാണ്. ഡല്‍ഹിയിലും മറ്റും ഓക്‌സിജന്‍ അവിടുത്തെ ഉപയോഗത്തില്‍ കവിഞ്ഞ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും കൂടിയ മരണനിരക്കും ഇന്ത്യയിലാണ്. ജൂണ്‍ ആദ്യവാരത്തോടെ കോവിഡ് പല പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കേസുകളുടെ എണ്ണത്തില്‍ 16 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. അധികം ആളുകള്‍ പുറത്തിറങ്ങാത്തത് കൊണ്ട് സമ്പര്‍ക്ക വ്യാപനം വഴി രോഗം വ്യാപിക്കുന്നില്ല. യു.എസ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനം കുറഞ്ഞുവരുന്നുണ്ട്. അമേരിക്കയില്‍ 90 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചതോടെ മാസ്‌ക് ഒഴിവാക്കിയിരിക്കയാണ്. സാമൂഹിക അകലം പാലിക്കലും വേണ്ടെന്ന് വെച്ചു. ഇവിടെ ജനസംഖ്യയുടെ കാല്‍ഭാഗം പോലും ഇതുവരെ വാക്‌സിന്‍ എടുത്തില്ല. അഞ്ചോ ആറോ മാസം കഴിയാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാവില്ല. കോവിഷീല്‍ഡും കോവാക്‌സിനും മാത്രമാണ് ഇതുവരെ നല്‍കിപ്പോന്നിരുന്നത്. മറ്റ് കമ്പനികളുടെ മരുന്ന് കൂടി എത്തിക്കൊണ്ടിരിക്കയാണ്. ഇതുകൂടി വരുമ്പോള്‍ വാക്‌സിന്‍ എടുക്കല്‍ നീണ്ടു പോകാതെ നോക്കാനാവും. യു.കെ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും അവര്‍ക്ക് വേണ്ടതിലധികം വാക്‌സിന്‍ സംഭരിച്ചു കഴിഞ്ഞു. പാവപ്പെട്ട രാഷ്ട്രങ്ങള്‍ക്ക് കൂടി എത്തിച്ചു കൊടുക്കാന്‍ തയ്യാറായാലേ ഈ മഹാമാരിയെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാനാവു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ ശരീരത്തിലെ ഓക്‌സിജന്റെ കുറവ് കൂട്ടി അതിവേഗം രോഗമുക്തിയിലേക്ക് നയിക്കുന്ന ഈ മരുന്ന് കണ്ടു പിടിത്തം ഇന്ത്യക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിയമങ്ങള്‍ പാലിക്കുന്നതില്‍ പലരും ഇപ്പോഴും വീഴ്ച വരുത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിനുദാഹരണമാണ് മാസ്‌ക് ഇല്ലാതെ പിടിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു വരുന്നത്.
കഴിഞ്ഞ ദിവസം പതിനായിരത്തിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കുന്നതിലും പലരും വീഴ്ച വരുത്തുന്നുണ്ട്. രോഗത്തിന്റെ തീവ്രത കുറയുന്ന സമയത്ത് തന്നെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തയ്യാറായാല്‍ എത്രയും പെട്ടെന്ന് ഈ മഹാമാരിയെ തുരത്താനാവുമെന്നതില്‍ സംശയമില്ല.

Related Articles
Next Story
Share it