മുഖ്യമന്ത്രി-ഗവര്‍ണര്‍ ശീതസമരം അവസാനിപ്പിക്കണം

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്‌പോര് സംസ്ഥാനഭരണത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഗുരുതരമായ പ്രശ്‌നമായി വളരുകയാണ്. കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തുറന്ന യുദ്ധത്തില്‍ തന്നെയാണ്. കണ്ണൂര്‍ സര്‍വകലാശാല അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സ്വന്തക്കാരെ നിയമിക്കുന്നുവെന്ന ഗൗരവമേറിയ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ഗവര്‍ണര്‍ അതിന്റെ തെളിവുകള്‍ കൂടി കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കത്തിടപാടുകളാണ് ഗവര്‍ണര്‍ പ്രധാന […]

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്‌പോര് സംസ്ഥാനഭരണത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഗുരുതരമായ പ്രശ്‌നമായി വളരുകയാണ്. കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തുറന്ന യുദ്ധത്തില്‍ തന്നെയാണ്. കണ്ണൂര്‍ സര്‍വകലാശാല അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സ്വന്തക്കാരെ നിയമിക്കുന്നുവെന്ന ഗൗരവമേറിയ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ഗവര്‍ണര്‍ അതിന്റെ തെളിവുകള്‍ കൂടി കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കത്തിടപാടുകളാണ് ഗവര്‍ണര്‍ പ്രധാന ആയുധമാക്കിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്ക് നേരെ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് ആരോപിച്ച ഗവര്‍ണര്‍ അതിന്റെ വീഡിയോ ദൃശ്യവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തനിക്കെതിരെ നടന്ന ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. കണ്ണൂരിലെ പ്രതിഷേധത്തിനിടെ രാഗേഷ് പൊലീസുകാരെ തടയുന്നതിന്റെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചത്. രാജ്ഭവനില്‍ അസാധാരണമായ പത്രസമ്മേളനം വിളിച്ചുചേര്‍ത്തുകൊണ്ടാണ് സര്‍ക്കാറിനെതിരെ കടുത്ത രീതിയിലുള്ള ആരോപണങ്ങള്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി നിയമിക്കാന്‍ എ.ജിയുടെ കത്ത് ഉപയോഗിച്ച് തനിക്കുമേല്‍ സമ്മര്‍ദമുണ്ടാക്കിയെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുടെ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രചാരകനാണെന്നും അണികളെക്കാള്‍ ആര്‍.എസ്.എസിനോട് വിധേയത്വം കാണിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. ഇതില്‍ ഏത് ഭാഗത്താണ് തെറ്റ് എന്നതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായം പോലും അസാധ്യമാക്കുന്ന വിധത്തിലുള്ള ന്യായീകരണങ്ങളും വിവാദങ്ങളുമാണ് കൊഴുക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും പരസ്പരം സഹകരിച്ചാല്‍ മാത്രമേ ഭരണപ്രക്രിയകള്‍ സുഗമമാകുകയുള്ളൂ. ഏറ്റുമുട്ടലിന്റെ പാത തുടര്‍ന്നാല്‍ അത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. ഭരണനിര്‍വഹണം ശരിയായ രീതിയില്‍ മുന്നോട്ട് പോകുകയില്ല. ഗവര്‍ണറുടെ ഒപ്പില്ലാതെ പ്രധാനപ്പെട്ട പല നയങ്ങളും നടപ്പാക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ഭേദഗതിബില്ലുകള്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഈ ബില്ലുകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും ഗവര്‍ണര്‍ പങ്കുവെക്കുന്നു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരുന്നിടത്തോളം കാലം വഴിവിട്ട നിയമനങ്ങള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പ്രഖ്യാപിക്കുന്നു. എത്രയും വേഗം സര്‍ക്കാരും ഗവര്‍ണറും അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലെത്തണം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി അധികാരവ്യവസ്ഥയുടെയും ഭരണഘടനയുടെയും അന്തസ് കളഞ്ഞുകുളിക്കരുത്.

Related Articles
Next Story
Share it