കര്‍ഷകരുടെ സഹായത്തിനെത്തണം

കഴിഞ്ഞ വര്‍ഷം കൊറോണ ആരംഭിച്ചതുമുതല്‍ ജോലിക്ക് പോകാതെ വീട്ടിലിരിക്കുമ്പോള്‍ പലരും കാര്‍ഷികമേഖലയിലേക്ക് തിരിച്ചുവരികയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് പലരും പച്ചക്കറികളും കപ്പയും ചേമ്പും ചേനയുമൊക്കെ കൃഷി ചെയ്തത്. സര്‍ക്കാരും ഇതിനെ ഏറെ പ്രോത്സാഹിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന വിഷം തളിച്ച പച്ചക്കറികള്‍ വാങ്ങുന്നതില്‍ നിന്ന് പലരും രക്ഷപ്പെടുന്ന അവസ്ഥയുണ്ടായി. സ്വന്തം വീട്ടിലേക്ക് വേണ്ട പച്ചക്കറിക്ക് പുറമെ മറ്റൊരു വരുമാനം എന്ന നിലയ്ക്കും യുവാക്കളടക്കം പലരും കാര്‍ഷിക രംഗത്തേക്ക് വന്നു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ ഭൂമി പാട്ടത്തിനെടുത്താണ് കപ്പയും […]

കഴിഞ്ഞ വര്‍ഷം കൊറോണ ആരംഭിച്ചതുമുതല്‍ ജോലിക്ക് പോകാതെ വീട്ടിലിരിക്കുമ്പോള്‍ പലരും കാര്‍ഷികമേഖലയിലേക്ക് തിരിച്ചുവരികയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് പലരും പച്ചക്കറികളും കപ്പയും ചേമ്പും ചേനയുമൊക്കെ കൃഷി ചെയ്തത്. സര്‍ക്കാരും ഇതിനെ ഏറെ പ്രോത്സാഹിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന വിഷം തളിച്ച പച്ചക്കറികള്‍ വാങ്ങുന്നതില്‍ നിന്ന് പലരും രക്ഷപ്പെടുന്ന അവസ്ഥയുണ്ടായി. സ്വന്തം വീട്ടിലേക്ക് വേണ്ട പച്ചക്കറിക്ക് പുറമെ മറ്റൊരു വരുമാനം എന്ന നിലയ്ക്കും യുവാക്കളടക്കം പലരും കാര്‍ഷിക രംഗത്തേക്ക് വന്നു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ ഭൂമി പാട്ടത്തിനെടുത്താണ് കപ്പയും ചേമ്പുമൊക്കെ കൃഷി ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വിളവെടുപ്പ് കാലമായപ്പോഴാണ് അവര്‍ തീര്‍ത്തും ഊരാക്കുടുക്കിലായത്. കപ്പയും കുമ്പളവും ചേമ്പുമൊക്കെ വിളവെടുത്തു കഴിഞ്ഞപ്പോള്‍ ഇവയൊന്നും ആര്‍ക്കും വേണ്ടാത്ത സ്ഥിതിവന്നു. ക്വിന്റല്‍ കണക്കിന് കപ്പ ഉണക്കിവെച്ച് വില്‍ക്കാനാവാതെ കുഴയുന്ന കര്‍ഷകര്‍ നിരവധിയാണ്. കൊന്നക്കാടിനടുത്ത വള്ളിക്കൊച്ചി കോളനിയിലെ അമ്പാടിയുടെയും കുഞ്ഞിരാമന്റെയും കഥ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. രണ്ടുപേരുടെയും വീട് നിറയെ കപ്പച്ചാക്കാണ്. ആറ് ഏക്കര്‍ പാട്ടത്തിനടുത്താണ് കൃഷിയാക്കിയത്. കുടുംബാംഗങ്ങളെല്ലാം കൂടിച്ചേര്‍ന്നു. കാട്ടുമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കൃഷിയിടം വേലികെട്ടി മറച്ചു. കാവല്‍പ്പന്തലില്‍ രാത്രി ഉറക്കമിളച്ച് കൃഷിക്ക് കാവലിരുന്നു. മികച്ച വിളവും കിട്ടി. കപ്പ ഉല്‍പ്പാദനം കൂടിയതോടെ തുച്ഛമായ വിലയ്ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കര്‍ഷകര്‍. 32നും 35നും ഇടയിലാണ് ഒരു കിലോ കപ്പയ്ക്ക് കിട്ടുന്ന വില. ഉല്‍പ്പാദനച്ചെലവ് ഇതിലും എത്രയോ കൂടുതലാണ്. നഷ്ടമോര്‍ത്ത് പലരും വിളവെടുത്തില്ല. ആയിരക്കണക്കിന് ചുവട് കപ്പ പറിക്കാതെ അതേ പടി നിലനിര്‍ത്തിയിരിക്കയാണ്. ഏതാനും ദിവസം മുമ്പ് പെരിയയിലെ ഒരു പച്ചക്കറി കര്‍ഷകന്‍ 10 ക്വിന്റലോളം വിളവെടുത്ത കുമ്പളങ്ങ വില്‍ക്കാനാവാതെ വയലില്‍ തന്നെ കൂട്ടിവെച്ചിരിക്കുകയായിരുന്നു. കുറേ ദിവസം ഈ രീതിയില്‍ കൂട്ടിയിട്ടാല്‍ ഉപയോഗിക്കാനാവാത്ത വിധം ചീഞ്ഞുപോകും. കര്‍ഷകന്റെ സങ്കടം കണ്ട് നാട്ടുകാരും മറ്റും ചേര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി കുറേ ആള്‍ക്കാരെ കണ്ടെത്തി കര്‍ഷകനെ രക്ഷപ്പെടുത്തുകയായിരുന്നു. കാര്‍ഷക മേഖലയിലേക്ക് യുവാക്കളടക്കം വരണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ഗം കൂടി കണ്ടെത്തിക്കൊടുക്കണം. പച്ചക്കറി സൊസൈറ്റികളും സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികളുമാണ് ഇതിനായി മുന്‍കൈ എടുക്കേണ്ടത്.
വാഴക്കര്‍ഷകരുടെ കാര്യവും ഇതേപോലെത്തന്നെ. ആഘോഷങ്ങള്‍ മുടങ്ങിയതാണ് വാഴക്കര്‍ഷകരെയും പ്രധാനമായി ബാധിച്ചത്. പ്രത്യേകിച്ച് ഓണവിപണി ഇല്ലാതായി. പ്രളയവും കൊറോണയുമെല്ലാം വാഴക്കര്‍ഷകരുടെ നടുവൊടിച്ചു. ഉല്‍പ്പാദനം കൂടിയതോടെ ഉണ്ടായ വിലക്കുറവും പ്രശ്‌നമായി. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ ഹ്രസ്വകാല വിളകളിലേക്ക് കൂടുതലായി കടന്നത്. കഴിഞ്ഞ 25 വര്‍ഷമായി കപ്പയും വാഴയും കൃഷിചെയ്യുന്ന പല കര്‍ഷകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ വിഷമിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് നേന്ത്രക്കായക്ക് ലഭിച്ചത് കിലോയ്ക്ക് 25 രൂപയാണ്. ഉല്‍പ്പാദനച്ചെലവ് ഇതിലും എത്രയോ അധികം വരും. ഒരു വാഴ നട്ടുവളര്‍ത്താന്‍ 200 രൂപയിലധികം ചെലവ് വരും. വാഴക്കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്തും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തുമാണ് കൃഷിയിറക്കിയത്. ഇത് അവരെ കടക്കെണിയിലാക്കിയിരിക്കയാണ്. വീണ്ടും കൊറോണ എത്തിയതോടെ ദുരിതം ഇരട്ടിച്ചിരിക്കയാണ്. കാര്‍ഷിക മേഖലയിലേക്ക് വരുന്നവരെ അവിടെത്തന്നെ പിടിച്ചു നിര്‍ത്തണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും രീതിയിലുള്ള സഹായം എത്തിച്ചുകൊടുക്കാന്‍ കഴിയണം.

Related Articles
Next Story
Share it