വാക്‌സിന്‍ ലഭ്യത; അമാന്തമരുത്

കോവിഡ് മഹാമാരി കത്തിപ്പടരുന്നതിനിടയില്‍ കോവിഡ് വാക്‌സിന്‍ എത്രയും പെട്ടെന്ന് എല്ലാവരും എടുക്കുക എന്നതാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ വാക്‌സില്‍ ലഭ്യമാവാതെ ഏങ്ങനെ ഇത് സാധിക്കുമെന്ന് ആരും പറഞ്ഞുകൊടുക്കുന്നുമില്ല. ഒന്നാം ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കിട്ടിയിട്ടില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഈ മാസം ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കുറേ ആളുകള്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ വാക്‌സിന്‍ വിതരണം തുടങ്ങിയിട്ടില്ല. ഒന്നാം ഡോസ് എടുത്തവര്‍ക്ക് 28 ദിവസം കഴിഞ്ഞാല്‍ രണ്ടാം ഡോസ് വെക്കാമെന്നാണ് ആദ്യം പറഞ്ഞത്. […]

കോവിഡ് മഹാമാരി കത്തിപ്പടരുന്നതിനിടയില്‍ കോവിഡ് വാക്‌സിന്‍ എത്രയും പെട്ടെന്ന് എല്ലാവരും എടുക്കുക എന്നതാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ വാക്‌സില്‍ ലഭ്യമാവാതെ ഏങ്ങനെ ഇത് സാധിക്കുമെന്ന് ആരും പറഞ്ഞുകൊടുക്കുന്നുമില്ല. ഒന്നാം ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കിട്ടിയിട്ടില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഈ മാസം ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കുറേ ആളുകള്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ വാക്‌സിന്‍ വിതരണം തുടങ്ങിയിട്ടില്ല. ഒന്നാം ഡോസ് എടുത്തവര്‍ക്ക് 28 ദിവസം കഴിഞ്ഞാല്‍ രണ്ടാം ഡോസ് വെക്കാമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് 45 ദിവസം കഴിഞ്ഞതിന് ശേഷം മതിയെന്നാക്കി. എന്നാല്‍ ഇപ്പോള്‍ പറയുന്നത് മൂന്ന് മാസം കഴിഞ്ഞാലും പ്രശ്‌നമില്ലെന്നാണ്. വാക്‌സിന്‍ ലഭിക്കാത്തതുകൊണ്ടാണോ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജനങ്ങള്‍ സംശയിച്ചുപോകുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഒരുകോടി വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഒരു മറുപടിയും ഇല്ല. ഇവിടെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ്. വാക്‌സിന്‍ എന്ന് ലഭ്യമാക്കാന്‍ ആവുമെന്ന് സംസ്ഥാനങ്ങളെ അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെയാണ് പറയുന്നത്. എന്നാല്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് എല്ലാ സീമകളും ലംഘിക്കുന്ന തരത്തിലുള്ളതാണ്. രാജ്യത്തുള്ള 130 കോടി ജനങ്ങളില്‍ ഏതാണ്ട് 15 കോടിയോളം ആളുകള്‍ക്ക് മാത്രമേ ഇതുവരെ രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുള്ളൂ. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഒന്നോ രണ്ടോ മരുന്ന് കമ്പനികളെ മാത്രം ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ കൂടി ആരാഞ്ഞാലേ പെട്ടെന്ന് കൂടുതല്‍ മരുന്ന് എത്തിക്കാനാവൂ. കോവിഡ് വ്യാപനം തടയുന്നതിന് സാര്‍വ്വത്രികമായ വാക്‌സിനേഷന്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങുന്നില്ലെങ്കില്‍ എല്ലാ ക്രമീകരണങ്ങളും പാളിപ്പോവും. മുന്‍കൂറായി പണം നല്‍കാന്‍ പല സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാലും വാക്‌സിന്‍ കിട്ടാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. മരുന്ന് ഉല്‍പ്പാദകരില്‍ നിന്ന് 50 ശതമാനം കേന്ദ്രം വാങ്ങുമെന്നും ബാക്കിവരുന്ന 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. സ്വകാര്യ ആസ്പത്രികള്‍ നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുമ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാലേ നല്‍കാനാവൂ എന്ന മറുപടിയാണത്രെ ലഭിക്കുന്നത്. സ്വകാര്യ ആസ്പത്രികളില്‍ നിന്ന് ഒന്നാം ഡോസ് എടുത്തവര്‍ രണ്ടാം ഡോസ് ലഭിക്കാതെ വിഷമിക്കുകയാണ്. റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച വാക്‌സിന്‍ നാം അംഗീകരിച്ചതാണ്. ഇവിടെ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുപോലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടി വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ നടപടി ഉണ്ടാവണം. കേരളത്തില്‍ അടക്കം രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വാക്‌സിന്‍ എത്രയും പെട്ടെന്ന് നല്‍കാനാവണം.

Related Articles
Next Story
Share it