ജനവിധി മാനിക്കുക

കേരളം ഒരിക്കല്‍ കൂടി ചുവന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരേ മുന്നണിക്ക് കേരളത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്താന്‍ കഴിയുന്നത്. പ്രളയവും കോവിഡും തകര്‍ത്തെറിഞ്ഞ കേരളം ഒരു പാട് പ്രതിസന്ധിയിലൂടെയാണ് കടന്നു വന്നത്. ജനങ്ങള്‍ക്കൊപ്പം ഈ പ്രതിസന്ധിയില്‍ നില കൊള്ളാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞുവെന്നതിലേക്കാണ് ഈ വിജയം വിരല്‍ചൂണ്ടുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെയും കടത്തിവെട്ടുന്നതായിരുന്നു ഇടത് മുന്നണിയുടെ വിജയം. കെടുതികളും ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളും അതിജീവിക്കാന്‍ നടത്തിയ ശ്രമം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയായിരിക്കണം കേരളത്തിലെ ജനങ്ങള്‍ ഇടത് മുന്നണിക്ക് ഇത്രയും വലിയ വിജയം […]

കേരളം ഒരിക്കല്‍ കൂടി ചുവന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരേ മുന്നണിക്ക് കേരളത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്താന്‍ കഴിയുന്നത്. പ്രളയവും കോവിഡും തകര്‍ത്തെറിഞ്ഞ കേരളം ഒരു പാട് പ്രതിസന്ധിയിലൂടെയാണ് കടന്നു വന്നത്. ജനങ്ങള്‍ക്കൊപ്പം ഈ പ്രതിസന്ധിയില്‍ നില കൊള്ളാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞുവെന്നതിലേക്കാണ് ഈ വിജയം വിരല്‍ചൂണ്ടുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെയും കടത്തിവെട്ടുന്നതായിരുന്നു ഇടത് മുന്നണിയുടെ വിജയം. കെടുതികളും ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളും അതിജീവിക്കാന്‍ നടത്തിയ ശ്രമം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയായിരിക്കണം കേരളത്തിലെ ജനങ്ങള്‍ ഇടത് മുന്നണിക്ക് ഇത്രയും വലിയ വിജയം സമ്മാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കേറ്റ പ്രഹരത്തിന് തുല്യമാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പ്രഹരം. ഇടത് മുന്നണിയുടെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസും ഘടകകക്ഷികളും നിലംപരിശാവുകയായിരുന്നു. ബി.ജെ.പിയുടെ തകര്‍ച്ചയും ശ്രദ്ധേയമാണ്. 2016ല്‍ നേമത്ത് ഒ. രാജഗോപാലിലൂടെ നേടിയ ഏക സീറ്റും അവര്‍ക്ക് നിലനിര്‍ത്താനായില്ല. വന്‍ പ്രതീക്ഷയോടെ ബി.ജെ.പി കളത്തിലിറക്കിയ ഇ. ശ്രീധരന് പോലും ജയിച്ചു കയറാനായില്ല. ബി.ജെ.പി.ക്ക് പല മണ്ഡലങ്ങളിലും മികച്ച വോട്ട് നേടാനായെങ്കിലും ഒരിടത്തും വിജയം കൈപ്പിടിയിലൊതുക്കാനായില്ല. ബി.ജെ.പി പിടിച്ച വോട്ടുകള്‍ പലേടത്തും നിര്‍ണ്ണായകമായി. അത് വിജയത്തെ മാറ്റി മറിക്കുകയും ചെയ്തു.
കേരളത്തിന്റെ മനസ്സ് പിടിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് വേണം കരുതാന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതൃത്വത്തിന് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാവാതെ പോയെന്ന് വേണം കരുതാന്‍. അതിനുള്ള ശ്രമമായിരിക്കണം ഇനി അവരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടിയിരിക്കുന്നത്. അഴിമതി ആരോപണണങ്ങളിലും വിവാദങ്ങളിലും പെട്ട് ഇടത് സര്‍ക്കാര്‍ ആടിയുലയുമ്പോഴും ജനങ്ങളുടെ പക്ഷത്ത് നിന്ന് അവര്‍ക്ക് വേണ്ട ഭക്ഷണക്കിറ്റും ഒരു മാസം പോലും മുടങ്ങാതെ പെന്‍ഷനും എത്തിച്ചുകൊടുത്തുകൊണ്ട് വിവാദങ്ങളെയൊക്കെ മറികടക്കാനായി. ന്യൂനപക്ഷങ്ങളും ഇടത് മുന്നണിക്കൊപ്പം ചേര്‍ന്നു നിന്നു. ബി.ജെ.പി.യുടെ മുന്നേറ്റം തടയാന്‍ ഇടത് മുന്നണിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവില്‍ നഷ്ടം വന്നത് യു.ഡി.എഫിനാണ്. അടിത്തട്ടില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ ഏറെ ഗുണം ചെയ്തുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. നാലും അഞ്ചും മാസങ്ങളോളം പെന്‍ഷന്‍ ലഭിക്കാത്തിടത്താണ് പാവപ്പെട്ടവരുടെ വീടുകളിലേക്ക് പെന്‍ഷന്‍ എത്തിച്ചുകൊടുത്തത്. താഴേക്കിടയിലുളളവര്‍ക്ക് അതൊന്നും കാണാതിരിക്കാനാവില്ല. ഏറ്റവും കൂടുതല്‍ അപ്രതീക്ഷിത പ്രതിസന്ധികളെ അഭിമുഖീകരിച്ച സര്‍ക്കാറാണ് പിണറായിയുടേത്. ഓഖി, രണ്ട് നിപ കാലഘട്ടങ്ങള്‍, രണ്ട് പ്രളയങ്ങള്‍ ഒടുവില്‍ കോവിഡിന്റെ രണ്ട് തീവ്രതരംഗങ്ങളും സര്‍ക്കാറിന് വലിയ പരീക്ഷണങ്ങളാക്കി. സ്വര്‍ണ്ണകടത്ത്, ലൈഫ്മിഷന്‍, ബന്ധുനിയമനം, ആഴക്കടല്‍ മത്സ്യബന്ധനം തുടങ്ങി സര്‍ക്കാറിനെ പിടിച്ചുലച്ച വിവാദങ്ങള്‍ ഒട്ടേറെയായിരുന്നു. ഇതിന് പുറമെയാണ് ശബരിമല പ്രശ്‌നവും വിവാദത്തിലെത്തിയത്. ശക്തമായ തീരുമാനമെടുക്കാനും മുന്നണിയിലെ ഘടകകക്ഷികളെയൊക്കെ ഒറ്റക്കെട്ടായി നിര്‍ത്താനും പിണറായി വിജയന് സാധിച്ചു. എന്തായാലും കേരളം വിധിയെഴുതിയിരിക്കയാണ്. തോറ്റവര്‍ എന്തുകൊണ്ട് തോറ്റു എന്നത് വിശകലനം ചെയ്യാനും തെറ്റ് തിരുത്താനും തയ്യാറാവണം. കോവിഡ് അതിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തിയോ ചെളിവാരിയെറിഞ്ഞോ ഉള്ള നീക്കമല്ല ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നത്. ജനവിധി മാനിച്ച് മുന്നോട്ട് പോകാം.

Related Articles
Next Story
Share it