കെ.ജി.എം.ഒ.എ.യുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം

കേരളം അതിതീവ്രമായ ഒരു സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്നും കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യവുമാണെന്ന കെ.ജി.എം.ഒ.എ.യുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. രണ്ടാഴ്ചത്തേക്കെങ്കിലും അടച്ചിടല്‍ വേണമെന്ന് ഐ.എം.എ. നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരും വിദഗ്ധരുമൊക്കെ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ കെ.ജി.എം.ഒ.എ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് അടച്ചിടല്‍ കാര്യം സൂചിപ്പിക്കുന്നത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാലുള്ള ദുരിതം കഴിഞ്ഞ വര്‍ഷം എല്ലാവരും അനുഭവിച്ചതാണ്. വീണ്ടും ഒരു ലോക്ഡൗണിലേക്ക് പോകാതിരിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു […]

കേരളം അതിതീവ്രമായ ഒരു സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്നും കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യവുമാണെന്ന കെ.ജി.എം.ഒ.എ.യുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. രണ്ടാഴ്ചത്തേക്കെങ്കിലും അടച്ചിടല്‍ വേണമെന്ന് ഐ.എം.എ. നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരും വിദഗ്ധരുമൊക്കെ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ കെ.ജി.എം.ഒ.എ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് അടച്ചിടല്‍ കാര്യം സൂചിപ്പിക്കുന്നത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാലുള്ള ദുരിതം കഴിഞ്ഞ വര്‍ഷം എല്ലാവരും അനുഭവിച്ചതാണ്. വീണ്ടും ഒരു ലോക്ഡൗണിലേക്ക് പോകാതിരിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ഇനിയും ലോക്ഡൗണ്‍ വേണ്ട എന്ന നിലപാടിലാണ് എത്തിയത്. കേരളത്തിന്റെ ഇന്നത്തെ സ്ഥിതി ഇതേ രീതിയില്‍ തുടര്‍ന്നാല്‍ മെയ് പകുതി ആവുമ്പോഴേക്കും ആസ്പത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാവും. ഓരോ ദിവസവും സംസ്ഥാനത്ത് 35000 ത്തിലധികം പോസിറ്റീവ് കേസുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മരണ സംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. നേരത്തെ ഒരു ദിവസം പത്തോ പതിനഞ്ചോ പേര്‍ മരണപ്പെട്ടിരുന്നിടത്ത് ഇന്ന് മരണ സംഖ്യ 40 ന് മുകളിലെത്തി. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി പേരാണ് പിടഞ്ഞു മരിച്ചത്. കേരളത്തില്‍ ഡല്‍ഹിയിലേക്കാള്‍ കൂടുതല്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനവും ഉണ്ട്. എന്നാല്‍ ഓരോ ദിവസവും രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ ഇതൊന്നും മതിയാകാതെ വരും. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുകയുണ്ടായി. സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. പത്തനംതിട്ടയില്‍ മാത്രമല്ല, മറ്റെല്ലായിടത്തും ഇത്തരം സാഹചര്യം ഉണ്ടാവാന്‍ വലിയ കാലതാമസമൊന്നും വേണ്ട. ജനിതക മാറ്റം വന്ന വൈറസുകള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. വായുവിലൂടെ തന്നെ ഈ വൈറസുകള്‍ക്ക് എത്താനാവുമെന്ന ഞെട്ടിക്കുന്ന വിവരവും കെ.ജി.എം.ഒ.എ. പുറത്തു വിടുന്നുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപന തോത് വര്‍ധിപ്പിക്കും. ടെസ്റ്റ് പോസിറ്റീവ് നിരക്ക് സംസ്ഥാനത്ത് 25 ശതമാനത്തിന് മുകളിലാണ്. ഗുരുതര രോഗികളെ മാത്രമേ ഇപ്പോള്‍ ആസ്പത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. രോഗികളുടെ എണ്ണം കൂടിവരുന്നതിനനുസരിച്ച് ഇതും സാധ്യമാവാതെ വരും. ജനിതക വ്യതിയാനം വന്ന വൈറസ് ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് ആളുകളിലേക്ക് പകരാന്‍ ഇടവരുത്തുണ്ട്. പൊതു ഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കുകയും അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. പോസിറ്റീവ് ആയ ഗുരുതരാവസ്ഥയില്ലാത്തവര്‍ ഇപ്പോള്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. ഇവരില്‍ നല്ലൊരു ഭാഗവും നെഗറ്റീവ് ആവാതെ തന്നെ വീടിന് വെളിയില്‍ ഇറങ്ങി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് ഒരു കാരണവശാലും അനുവദിക്കരുത്. അധിക ജീവനക്കാരെ നിയമിച്ചാല്‍ മാത്രമേ ഇതൊക്കെ പരിശോധിക്കാനാവൂ. ആസ്പത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരും സഹായികളും ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കോവിഡ് ബ്രിഗേഡിന് പുറമെ ലഭിച്ചിരുന്ന ആയിരത്തിലേറെ പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോഴും ലഭ്യമല്ല. ആരോഗ്യവകുപ്പില്‍ നിന്ന് പി.ജി.പഠനത്തിനുപോയ ഡോക്ടര്‍മാരെ അത് പൂര്‍ത്തിയാകുമ്പോള്‍ തന്നെ തിരികെ എത്തിക്കാനുമാവണം. കെ.ജി.എം.ഒ.എ. യുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ എടുക്കണം.

Related Articles
Next Story
Share it