അധ്വാന ഫലം വിറ്റഴിക്കാനാവാതെ കര്‍ഷകര്‍

കൊറോണ വീണ്ടും രൂക്ഷമായതോടെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിലാണ്. മറ്റ് മേഖലകളിലെ സ്തംഭനത്തോടൊപ്പം കാര്‍ഷിക മേഖലയിലും വലിയ പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും മലഞ്ചരക്കുകളുമൊക്കെ വില്‍ക്കാന്‍ കഴിയാതെ നശിച്ചുപോകുന്ന ഒരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ കൊറോണ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോഴും ഇതുതന്നെയായിരുന്നു കര്‍ഷകരുടെ അവസ്ഥ. വെള്ളരി, കുമ്പളം, നേന്ത്രവാഴക്കുലകള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവയൊക്കെ എടുക്കാന്‍ ആളില്ലാതെ നശിച്ചുപോവുകയാണ്. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലുമുള്ള കടകളിലാണ് ഇവ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതായതോടെ വ്യാപാരികള്‍ ഇവ വാങ്ങാന്‍ തയ്യാറാവുന്നില്ല. […]

കൊറോണ വീണ്ടും രൂക്ഷമായതോടെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിലാണ്. മറ്റ് മേഖലകളിലെ സ്തംഭനത്തോടൊപ്പം കാര്‍ഷിക മേഖലയിലും വലിയ പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും മലഞ്ചരക്കുകളുമൊക്കെ വില്‍ക്കാന്‍ കഴിയാതെ നശിച്ചുപോകുന്ന ഒരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ കൊറോണ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോഴും ഇതുതന്നെയായിരുന്നു കര്‍ഷകരുടെ അവസ്ഥ. വെള്ളരി, കുമ്പളം, നേന്ത്രവാഴക്കുലകള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവയൊക്കെ എടുക്കാന്‍ ആളില്ലാതെ നശിച്ചുപോവുകയാണ്. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലുമുള്ള കടകളിലാണ് ഇവ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതായതോടെ വ്യാപാരികള്‍ ഇവ വാങ്ങാന്‍ തയ്യാറാവുന്നില്ല. വാങ്ങിവെച്ചാല്‍ ഇവ നശിച്ചുപോകുമെന്നതിനാലാണ് വ്യാപാരികള്‍ ഒഴിഞ്ഞുനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഉദുമയിലെ ഏതാനും കര്‍ഷകര്‍ തങ്ങളുടെ വയലില്‍ ക്വിന്റല്‍ കണക്കിന് കുമ്പളങ്ങ കൂട്ടിയിട്ട് എന്തുചെയ്യണമെന്നറിയാതെ വിലപിക്കുന്ന ചിത്രം വാര്‍ത്താ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏറെ നാളത്തെ അധ്വാന ഫലം വിറ്റഴിക്കാനാവാതെ നട്ടം തിരിയുകയാണവര്‍. ഇവര്‍ വിളവെടുത്ത 10 കിന്റല്‍ നാടന്‍ വെള്ളരിയും 20 ക്വിന്റല്‍ കുമ്പളങ്ങളുമാണ് വില്‍ക്കാനാവാതെ കൂട്ടിയിരിക്കുന്നത്. ഒരു കിലോ വെള്ളരിക്ക 12 രൂപ തോതില്‍ വില്‍ക്കാന്‍ തയ്യാറാണെങ്കിലും ആവശ്യക്കാര്‍ ഇല്ല. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ അടച്ചുപൂട്ടല്‍ വരുമോ എന്ന ആശങ്ക കച്ചവടക്കാരെയും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. നിലവില്‍ വെള്ളരിക്കക്ക്് കടകളില്‍ കിലോയ്ക്ക് 20 രൂപ വിലയുണ്ട്. മഹാമാരിയുടെ രൂക്ഷതയില്‍ ഉത്സവം, വിവാഹം, മരണാനന്തര ചടങ്ങുകള്‍, അന്നദാനം തുടങ്ങിയവ ഇല്ലാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഉത്സവങ്ങള്‍ക്കും അന്നദാനത്തിനുമൊക്കെ കര്‍ഷകരില്‍ നിന്ന് വന്‍ തോതില്‍ വെള്ളരിക്കയും കുമ്പളങ്ങയും നേരിട്ട് ശേഖരിച്ചിരുന്നു. കുമ്പളത്തിന് കിലോയ്ക്ക് 15 രൂപ തോതില്‍ കര്‍ഷകര്‍ വില്‍ക്കാന്‍ തയ്യാറായിട്ടും വാങ്ങാന്‍ ആളെത്തുന്നില്ല. ഉല്‍പ്പാദനച്ചെലവ് തന്നെ ഇതിലും അധികം വരും. നഷ്ടം സഹിച്ചും വില്‍ക്കാമെന്ന് വെച്ചാല്‍ പോലും വിപണി കണ്ടെത്താനാവുന്നില്ല. കാര്‍ഷികമേഖല പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാ ഭാഗത്തുനിന്നും മുറവിളി ഉയരുമ്പോഴും രണ്ടും കല്‍പ്പിച്ച് കൃഷിയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവരുടെ സ്ഥിതി ഇതാണ്. സര്‍ക്കാര്‍ ഏജന്‍സികളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കര്‍ഷകരുടെ സഹായത്തിനെത്തേണ്ടത്. ഹോര്‍ട്ടികോപ്പും സഹകരണ സംഘങ്ങളുമൊക്കെ ഇവരുടെ സഹായത്തിനെത്തിയിട്ടില്ല. ശേഖരിച്ചുവെച്ചവ വേണ്ടത്ര ഉള്ളതിനാല്‍ ആവശ്യമുള്ളപ്പോള്‍ വിളിക്കാം എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണത്രെ ഇവരില്‍ നിന്നുണ്ടാവുന്നത്. കൊറോണക്കാലത്ത് യുവാക്കളടക്കം നിരവധി ആളുകളാണ് ഇത്തവണ കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളും പഴ വര്‍ഗങ്ങളും ഒഴിവാക്കി നാം തന്നെ സ്വയം ഉല്‍പ്പാദിപ്പിക്കണമെന്ന ദൃഢനിശ്ചയം പലരും ഒരു വെല്ലുവിളിയായിതന്നെ ഏറ്റെടുക്കുകയും ചെയ്തു. ഒടുവില്‍ അവര്‍ സ്വന്തം ഉല്‍പ്പന്നം വിറ്റഴിക്കാനാവാതെ ഉഴലുകയാണിപ്പോള്‍. സര്‍ക്കാര്‍ തന്നെയാണ് ഒരു പ്രതിവിധികണ്ടെത്തേണ്ടത്. സഹകരണ സൊസൈറ്റികളും മറ്റും ഈ സമയത്താണ് അവര്‍ക്ക് കൈത്താങ്ങാകേണ്ടത്.

Related Articles
Next Story
Share it