ഭൗമ ദിനത്തിലെ ചിന്തകള്‍

കഴിഞ്ഞ ദിവസമാണ് ഒരു ഭൗമ ദിനം കൂടി കടന്നുപോയത്. സര്‍വ്വം സഹയായ ഭൂമിയെ മനുഷ്യന്‍ കൊന്നുകൊണ്ടിരിക്കുകയാണ്. 830 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണത്രെ ഭൂമിയില്‍ തള്ളിയിരിക്കുന്നത്. 1950ന് ശേഷം ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യത്തില്‍ 9 ശതമാനം മാത്രമാണത്രെ പുതുക്കി ഉപയോഗിക്കാനായത്. 12 ശതമാനം കത്തിച്ചത് വായുമലിനീകരണത്തിനും കാരണമായി. ബാക്കി 79 ശതമാനം മണ്ണില്‍ ലയിക്കാതെ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ മാലിന്യവും വലിയ ഭീതിയുണ്ടാക്കുന്നതാണ്. വര്‍ഷന്തോറും 70 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് […]

കഴിഞ്ഞ ദിവസമാണ് ഒരു ഭൗമ ദിനം കൂടി കടന്നുപോയത്. സര്‍വ്വം സഹയായ ഭൂമിയെ മനുഷ്യന്‍ കൊന്നുകൊണ്ടിരിക്കുകയാണ്. 830 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണത്രെ ഭൂമിയില്‍ തള്ളിയിരിക്കുന്നത്. 1950ന് ശേഷം ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യത്തില്‍ 9 ശതമാനം മാത്രമാണത്രെ പുതുക്കി ഉപയോഗിക്കാനായത്. 12 ശതമാനം കത്തിച്ചത് വായുമലിനീകരണത്തിനും കാരണമായി. ബാക്കി 79 ശതമാനം മണ്ണില്‍ ലയിക്കാതെ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ മാലിന്യവും വലിയ ഭീതിയുണ്ടാക്കുന്നതാണ്. വര്‍ഷന്തോറും 70 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഭൗമാന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നത്. കാര്‍ബണ്‍ മാലിന്യം കൂടുന്നതിനനുസരിച്ച് ആഗോള താപനം കൂടിക്കൊണ്ടിരിക്കയാണ്. ഇതിന്റെയൊക്കെ ഫലമായാണ് കാലാവസ്ഥ വ്യതിയാനവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആഗോള താപ നില 2.7 ഡിഗ്രി സെല്‍ഷ്യസിലേറെ ഉയരുന്നതായി പാരീസിലെ കാലാവസ്ഥാ ഉച്ചകോടി കണ്ടെത്തിയിരുന്നു. ഇതിനിയും ഉയരുന്നത് ആര്‍ട്ടിക്-അന്റാര്‍ട്ടിക് മേഖലയിലെ മഞ്ഞുമലകള്‍ ഉയരുന്നതടക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കും. സമുദ്ര നിരപ്പും ഓരോ വര്‍ഷം കഴിയുമ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കയാണ്. പ്രതിവര്‍ഷം 3.3 മില്ലി ലിറ്റര്‍ എന്ന നിരക്കിലാണ് സമുദ്ര നിരപ്പ് ഉയരുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 18 സെന്റിമീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരുമെന്ന് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (ഐ.പി.സി.സി.) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതോടെ സമുദ്രത്തിനടിയിലാകുന്ന ജനവാസ കേന്ദ്രത്തില്‍ നിന്ന് 2100 ഓടെ 200കോടി പേര്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വന നശീകരണമാണ് പ്രകൃതിയെ ക്രൂശിക്കുന്നതിന്റെ മറ്റൊരു മുഖം. ലോകത്തിലെ 80 ശതമാനം വനവും ഇതിനകം നശിച്ചുകഴിഞ്ഞുവത്രെ. ഓരോ സെക്കന്റിലും ഒരു ഹെക്ടര്‍ വനം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2016ന് ശേഷം 2.8 കോടി ഹെക്ടര്‍ വനമാണ് പ്രതിവര്‍ഷം നശിക്കുന്നത്. വനനശീകരണത്തിലൂടെ പ്രതിദിനം 137 ഇനം സസ്യങ്ങളും ജീവികളും ചെറുപ്രാണികളുമാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തി ഭൂമിയെ സംരക്ഷിക്കുന്ന പാളിയാണ് ഓസോണ്‍. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നും പുറത്തുവരുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുന്നത് തുടര്‍ന്നാല്‍ സര്‍വ്വനാശമാകും ഭൂമിക്ക് സംഭവിക്കുക. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡും നൈട്രസ് ഓക്‌സൈഡും ഉള്‍പ്പെടെയുള്ളവ മഴവെള്ളത്തില്‍ ലയിച്ചു ചേരുകയും വെള്ളത്തിന് അമ്ലസ്വഭാവം കൈവരുകയും ചെയ്യും. വായു മലിനീകരണം കൂടുന്നതിനനുസരിച്ച് ആസിഡിന്റെ അംശവും വര്‍ധിക്കും. അമ്ല മഴ മണ്ണിന്റെ ഫലപുഷ്ടിയെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ 92 ശതമാനം ജനങ്ങളും വായുമലിനീകരണം നേരിടുന്ന പ്രദേശങ്ങളിലാണ് അതിജീവിക്കുന്നത്. ഓരോ മണിക്കൂറിലും 800 പേര്‍ മലിനവായുശ്വസിക്കുന്നതിലൂടെ മരിക്കുന്നുവെന്നാണ് കണക്ക്. നമ്മുടെ ഭൂമിയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് ഉണ്ടാവേണ്ടിയിരിക്കുന്നത്. ഇല്ലെങ്കില്‍ മനുഷ്യന്‍ വലിയ വില നല്‍കേണ്ടിവരും.

Related Articles
Next Story
Share it