കാഞ്ഞങ്ങാട്-കാണിയൂര്‍ പാതക്കുള്ള തടസങ്ങള്‍ വേഗത്തില്‍ നീക്കണം

കാസര്‍കോട് ജില്ല ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്‌ന പദ്ധതിയാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാത. എന്നാല്‍ സാങ്കേതികത്വത്തിന്റെ പല കാരണങ്ങളാലും ഈ പദ്ധതി അനന്തമായി നീണ്ടുപോകുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത പ്രധാനവിഷയങ്ങളിലൊന്ന് കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയായിരുന്നു. നിര്‍ദിഷ്ട കാണിയൂര്‍ പാതയും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് റെയില്‍വെ പാസഞ്ചേര്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയവും ചര്‍ച്ചക്ക് പരിഗണിക്കപ്പെട്ടത്. പാതക്ക് പണം മുടക്കാന്‍ […]

കാസര്‍കോട് ജില്ല ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്‌ന പദ്ധതിയാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാത. എന്നാല്‍ സാങ്കേതികത്വത്തിന്റെ പല കാരണങ്ങളാലും ഈ പദ്ധതി അനന്തമായി നീണ്ടുപോകുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത പ്രധാനവിഷയങ്ങളിലൊന്ന് കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയായിരുന്നു. നിര്‍ദിഷ്ട കാണിയൂര്‍ പാതയും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് റെയില്‍വെ പാസഞ്ചേര്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയവും ചര്‍ച്ചക്ക് പരിഗണിക്കപ്പെട്ടത്. പാതക്ക് പണം മുടക്കാന്‍ കര്‍ണാടക തത്വത്തില്‍ അംഗീകാരം നല്‍കിയെന്നാണ് കേരള സര്‍ക്കാര്‍ വിശദമാക്കുന്നതെങ്കിലും നിര്‍ദേശം തള്ളിയെന്നാണ് കര്‍ണാടക പറയുന്നത്. ഇതോടെ കാണിയൂര്‍ പാതയെ സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്. ഈ പദ്ധതി ഇനി എന്ന് യാഥാര്‍ഥ്യമാകുമെന്ന ചോദ്യം ഇതോടെ ശക്തമായിക്കഴിഞ്ഞു. കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍വെ പാത നിലവില്‍ വന്നാല്‍ ആറുമണിക്കൂര്‍ കൊണ്ട് കാഞ്ഞങ്ങാട്ടു നിന്നും ബംഗളൂരുവിലെത്താന്‍ സാധിക്കും. കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും വികസനത്തിന് ഈ പദ്ധതി മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാഞ്ഞങ്ങാടിന്റെ റെയില്‍വെ വികസനത്തിനും മലയോരമേഖലയുടെ സമഗ്രമായ വളര്‍ച്ചക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. നിര്‍ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ ട്രാഫിക് ആന്റ് എഞ്ചിനീയറിംഗ് സര്‍വേ വര്‍ഷങ്ങള്‍ക്കുമുമ്പേ പൂര്‍ത്തീകരിച്ചിരുന്നു. കരാര്‍ പ്രകാരം കേരള കര്‍ണാടക സര്‍ക്കാറുകള്‍ നിര്‍മാണച്ചെലവിന്റെ പകുതിയും സ്ഥലമേറ്റെടുത്തതിന്റെ ചെലവുമാണ് വഹിക്കേണ്ടത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ദക്ഷിണറെയില്‍വേയുടെ സര്‍വേ ആന്റ് കണ്‍സ്ട്രക്ഷന്‍ വിഭാഗം സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പിന്നീട് പദ്ധതിയുടെ തുടര്‍നടപടികള്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിരുന്നില്ല. കാഞ്ഞങ്ങാട്-കാണിയൂര്‍ 40 കിലോമീറ്റര്‍ കേരളത്തിലൂടെയും ബാക്കി കര്‍ണാടകയിലൂടെയുമാണ് കടന്നുപോകുന്നത്. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലെത്താനുള്ള സമയദൈര്‍ഘ്യം ആറ് മണിക്കൂര്‍ മാത്രമാകും എന്നത് മാത്രമല്ല ഇതിന്റെ പ്രയോജനം. മൈസൂര്‍, സുബ്രഹ്മണ്യ, ഹാസന്‍ എന്നിവിടങ്ങള്‍ക്ക് വടക്കന്‍ കേരളവുമായി ബന്ധപ്പെടുന്നതിനുള്ള സമയവും ദൂരവും വളരെ കുറഞ്ഞുകിട്ടും. സൂബ്രഹ്മണ്യ, ബേക്കല്‍, റാണിപുരം എന്നിവയെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാരമേഖലക്കും കാണിയൂര്‍ പാത ഗുണകരമാകുമെന്നതില്‍ സംശയമില്ല. പാത യാഥാര്‍ഥ്യമായാല്‍ കേന്ദ്രത്തിന്റെ വിഹിതവും ലഭിക്കും. ഈ സാഹചര്യത്തില്‍ എത്രയും വേഗം നിലവിലുള്ള തടസങ്ങള്‍ നീക്കി പാത യാഥാര്‍ഥ്യമാക്കാന്‍ കേരള സര്‍ക്കാറിന്റെ ഭാഗത്തു നിന്നും തുടര്‍ന്നും ഇടപെടലുണ്ടാകണം.

Related Articles
Next Story
Share it