ചികിത്സാ സൗകര്യം ഒരുക്കണം

കോവിഡ് തീവ്രതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആസ്പത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചു കഴിഞ്ഞു. കര്‍ണാടകയും എപ്പോഴാണ് അതിര്‍ത്തി അടക്കുകയെന്ന് പറയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷത്തെ അനുഭവം നമുക്ക് പാഠമാവേണ്ടതുണ്ട്. നിരവധി പേരാണ് മംഗളൂരുവിലെ ആസ്പത്രികളില്‍ എത്താന്‍ ആവാതെ മരണത്തിന് കീഴടങ്ങിയത്. മംഗളൂരുവിലേക്കുള്ള റോഡുകള്‍ മണ്ണിട്ട് തടസപ്പെടുത്തിയപ്പോള്‍ അത്യാഹിത വിഭാഗങ്ങളിലേക്ക് എത്തേണ്ട ആംബുലന്‍സുകള്‍ക്ക് പോലും മടങ്ങേണ്ടിവന്നു. രോഗികളുടെ മൃതദേഹവുമായാണ് ചില ആംബുലന്‍സുകള്‍ തിരികെ പോന്നത്. ഈ ഒരു അവസ്ഥ ഇനിയും ഉണ്ടാവരുത്. മംഗളൂരുവിനെ ആശ്രയിക്കാതെ നമുക്ക് തന്നെ […]

കോവിഡ് തീവ്രതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആസ്പത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചു കഴിഞ്ഞു. കര്‍ണാടകയും എപ്പോഴാണ് അതിര്‍ത്തി അടക്കുകയെന്ന് പറയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷത്തെ അനുഭവം നമുക്ക് പാഠമാവേണ്ടതുണ്ട്. നിരവധി പേരാണ് മംഗളൂരുവിലെ ആസ്പത്രികളില്‍ എത്താന്‍ ആവാതെ മരണത്തിന് കീഴടങ്ങിയത്. മംഗളൂരുവിലേക്കുള്ള റോഡുകള്‍ മണ്ണിട്ട് തടസപ്പെടുത്തിയപ്പോള്‍ അത്യാഹിത വിഭാഗങ്ങളിലേക്ക് എത്തേണ്ട ആംബുലന്‍സുകള്‍ക്ക് പോലും മടങ്ങേണ്ടിവന്നു. രോഗികളുടെ മൃതദേഹവുമായാണ് ചില ആംബുലന്‍സുകള്‍ തിരികെ പോന്നത്. ഈ ഒരു അവസ്ഥ ഇനിയും ഉണ്ടാവരുത്. മംഗളൂരുവിനെ ആശ്രയിക്കാതെ നമുക്ക് തന്നെ സ്വയം പര്യാപ്തമായ ചികിത്സാ സൗകര്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. നമ്മുടെ മെഡിക്കല്‍ കോളേജ് തറക്കല്ലിട്ട് എട്ടാം വയസില്‍ എത്തിയിട്ടും മുട്ടിലിഴയുന്ന സ്ഥിതിയാണ് ഇപ്പോഴും. കോവിഡ് പടരുമ്പോള്‍ നാടിന് ആശ്വാസമാകേണ്ടിയിരുന്ന ഒരു മെഡിക്കല്‍ കോളേജാണ് ഈ ദുരവസ്ഥയില്‍ നില്‍ക്കുന്നത്. എട്ടുവര്‍ഷമായിട്ടും അക്കാദമിക് ബ്ലോക്ക് മാത്രമാണ് ഇവിടെ ഒരുങ്ങിയത്. അതിപ്പോള്‍ കോവിഡ് ചികിത്സക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഇന്നും മെഡിക്കല്‍ കോളേജിനെ ചികിത്സക്കായി ആശ്രയിക്കണമെങ്കില്‍ മംഗളൂരുവിലേക്കോ പരിയാരത്തേക്കോ പോകണം. എല്ലാ ജില്ലകള്‍ക്കും മെഡിക്കല്‍ കോളേജ് എന്ന നയത്തിന്റെ ഭാഗമായാണ് 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാവുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. ആദ്യ ബാച്ച് 2015ല്‍ തുടങ്ങാനായിരുന്നു പദ്ധതി. അത് ഇന്നും തുടങ്ങാന്‍ ആയിട്ടില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാന ദണ്ഡമനുസരിച്ച് മെഡിക്കല്‍ കോളേജിന് ചുരുങ്ങിയത് 300 കിടക്കകള്‍ ഉള്ള ആസ്പത്രി വേണം. അതിനായി കാസര്‍കോട് വികസന പാക്കേജില്‍ 193 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും അതിപ്പോഴും ഇഴയുകയാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും നാല് നിലയില്‍ ഉയര്‍ന്ന കെട്ടിടം ഇപ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ്. 30.39 കോടിയുടെ ആസ്പത്രി കെട്ടിടം, 76.24 കോടി രൂപയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, 42.05 കോടി രൂപയുടെ വൈദ്യസഹായ ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതിയാണ് പണം അനുവദിക്കുന്നതിലെ കാലതാമസം കാരണം വൈകുന്നത്. ഓഡിറ്റോറിയം, ലൈബ്രറി, സബ്‌സ്റ്റേഷന്‍ എന്നിവയ്ക്കായി സമര്‍പ്പിച്ച 10.68 കോടി രൂപയുടെ പദ്ധതിയാണ് ഒന്നരമാസമായി തീരുമാനം കാത്തുകിടക്കുന്നത്. മെഡിക്കല്‍ കോളേജിന് വേണ്ട 273 തസ്തികകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗികള്‍ എത്താത്തതിനാല്‍ എത്തിയവരെല്ലാം മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലം മാറ്റം വാങ്ങിപോയി.
ഉക്കിനടുക്കയില്‍ 63 ഏക്കറാണ് മെഡിക്കല്‍ കോളേജിനായി നീക്കിവെച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിനൊപ്പം മെഡിസിറ്റി പദ്ധതിയും തുടങ്ങാന്‍ ആയിരുന്നു തീരുമാനം. അഞ്ചായിരം കോടിയിലേറെ രൂപ ചെലവ് വരുന്ന പദ്ധതി ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. 200 ഏക്കര്‍ ഭൂമിയാണ് മെഡിസിറ്റിക്ക് ആവശ്യം. ബദിയടുക്ക, എണ്‍മകജെ പഞ്ചായത്തുകളില്‍ ആവശ്യത്തിന് ഭൂമിയുമുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജിനൊപ്പം തുടങ്ങിയ മെഡിക്കല്‍ കോളേജുകളൊക്കെ സുഗമമായി പ്രവര്‍ത്തിക്കുമ്പോഴാണ് കാസര്‍കോടിനോടുള്ള അവഗണന ഇപ്പോഴും തുടരുന്നത്. ഇനിയെങ്കിലും അധികൃതര്‍ കണ്ണു തുറക്കണം.

Related Articles
Next Story
Share it