നിയന്ത്രണങ്ങള്‍ പാലിക്കണം

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ മറി കടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്നത് ഗൗരവത്തോടെ വേണം കാണാന്‍. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 1,35,27,717 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വന്നതോടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയതിന്റെ ദുരിതമാണ് നാം ഇന്നനുഭവിക്കുന്നത്. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും തിരിച്ചറിയണം. ഇനിയും ഒരു […]

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ മറി കടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്നത് ഗൗരവത്തോടെ വേണം കാണാന്‍. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 1,35,27,717 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വന്നതോടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയതിന്റെ ദുരിതമാണ് നാം ഇന്നനുഭവിക്കുന്നത്. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും തിരിച്ചറിയണം. ഇനിയും ഒരു ലോക് ഡൗണിലേക്ക് പോകുക എന്നത് അസാധ്യമാണ്. ഒരു ലോക്ഡൗണ്‍ കൊണ്ട് സഹിച്ച കഷ്ടപ്പാടുകള്‍ നമുക്ക് മുമ്പിലുണ്ട്. പതിനായിരങ്ങളാണ് തൊഴില്‍ രഹിതരായത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം പതിനായിരങ്ങള്‍ക്ക് ജീവിതോപാധിയാണ് നഷ്ടമായത്. അതൊക്കെ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടാം ഘട്ട കൊറോണയുടെ വരവ്. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 430 പേര്‍ക്കാണ് പോസിറ്റീവായത്. കഴിഞ്ഞ ഒക്‌ടോബര്‍ ആദ്യ വാരത്തിലാണ് പ്രതിദിന രോഗികളുടെ എണ്ണം 400 കടന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ ഘട്ടത്തിലായിരുന്നു അത്. കോവിഡിന്റെ രണ്ടാം വരവ് അതേ രീതിയില്‍ ഉയരുന്നുവെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. ഇതേ രീതിയില്‍ പോയാല്‍ പോസിറ്റീവ് കേസുകള്‍ പ്രതിദിനം ആയിരം കടക്കാന്‍ കൂടുതല്‍ ദിവസങ്ങളൊന്നും വേണ്ട. ഡിസംബറിലും ജനുവരി ആദ്യ പകുതിയിലും കോവിഡ് വ്യാപനം ജില്ലയില്‍ 50 ന് താഴെ എത്തിയതാണ്. തിരഞ്ഞെടുപ്പ് വന്നതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. മാര്‍ച്ച് അവസാനവാരത്തോടെയാണ് 100ന് മുകളിലെത്തിയത്. ഏപ്രില്‍ തുടങ്ങിയതോടെ എല്ലാ ദിവസവും 200ന് മുകളിലെത്തി. ഇതേ രീതിയില്‍ മുമ്പോട്ട് പോയാല്‍ നേരത്തെ ഒഴിവാക്കിയ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കേണ്ടിവരുമെന്ന് വേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം എല്ലാ രോഗികളെയും ആസ്പത്രികളിലേക്ക് അയക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇത്തവണ ഭൂരിഭാഗം രോഗികളും വീടുകളില്‍ തന്നെ കഴിയുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ മാത്രമാണ് ആസ്പത്രിയിലെത്തിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് വരുന്നവരില്‍ കൂടുതല്‍ രോഗികളില്ലെങ്കിലും അവിടെയും കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനുമാണ് പ്രാമുഖ്യം നല്‍കേണ്ടത്. ബസുകളിലും തീവണ്ടികളിലും യാത്ര ചെയ്യുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നത്. കടകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം പരിമിതപ്പെടുത്തണം. ഹോട്ടലുകളില്‍ നിന്ന് പാക്കറ്റ് ഭക്ഷണം മാത്രം നല്‍കുന്നതായിരിക്കും നല്ലത്. വിവാഹ, മരണാനന്തര ചടങ്ങുകളിലും മറ്റും ആളുകള്‍ ഒരു നിയന്ത്രണവുമില്ലാതെ എത്തുന്നതും കര്‍ശനമായി തടയണം. ഒരു ചടങ്ങിലും നൂറിലധികം ആളുകളെ പങ്കെടുപ്പിക്കരുത്. ഇതില്‍ പങ്കെടുക്കുന്നവര്‍ തന്നെ കോവിഡ് നിര്‍ണയ പരിശോധന നടത്തിയവരോ പ്രതിരോധ മരുന്ന് സ്വീകരിച്ചവരോ ആയിരിക്കണം. എന്തായാലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ രോഗ വ്യാപനം തടയാനാവൂ.

Related Articles
Next Story
Share it