വോട്ട് പാഴാക്കരുത്

കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിവരെ വോട്ട് രേഖപ്പെടുത്താന്‍ സമയമുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ വിജയം കൊണ്ട് തന്നെയാണ്. മറ്റ് പല രാഷ്ട്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ഭരിക്കാന്‍ അനുവദിക്കാതെ അട്ടിമറിക്കപ്പെട്ട് ഭരണം പിടിച്ചെടുക്കുമ്പോള്‍ ഇന്ത്യ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ്. അവിടെയാണ് സമ്മതിദാനാവകാശത്തിന്റെ വില. നമ്മെ ആര് നയിക്കണമെന്നും നമ്മുടെ നാട് എങ്ങനെ മുന്നേറണമെന്നും നിശ്ചയിക്കുന്നത് നാം തന്നെയാണ്. ഭാരിച്ച ഉത്തരവാദിത്വമാണ് […]

കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിവരെ വോട്ട് രേഖപ്പെടുത്താന്‍ സമയമുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ വിജയം കൊണ്ട് തന്നെയാണ്. മറ്റ് പല രാഷ്ട്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ഭരിക്കാന്‍ അനുവദിക്കാതെ അട്ടിമറിക്കപ്പെട്ട് ഭരണം പിടിച്ചെടുക്കുമ്പോള്‍ ഇന്ത്യ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ്. അവിടെയാണ് സമ്മതിദാനാവകാശത്തിന്റെ വില. നമ്മെ ആര് നയിക്കണമെന്നും നമ്മുടെ നാട് എങ്ങനെ മുന്നേറണമെന്നും നിശ്ചയിക്കുന്നത് നാം തന്നെയാണ്. ഭാരിച്ച ഉത്തരവാദിത്വമാണ് ഓരോ പൗരനും. നാമോരോരുത്തരും ആ ഉത്തരവാദിത്വം വിനിയോഗിക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാവുന്നത്. ഒന്നരമാസത്തോളം നീണ്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് ജനങ്ങള്‍ പോളിംങ്ങ് ബൂത്തുകളിലേക്ക് നീങ്ങിയിരിക്കുന്നത്. വൈകിട്ട് ഏഴ്മണിവരെ സമയമുണ്ടെങ്കിലും ഉച്ചയ്ക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഉച്ചവരെ സമാധാനപരമായ നിലയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഉച്ചക്ക് ശേഷവും സമാധാനപരമായ അന്തരീക്ഷത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാവണം. സംസ്ഥാനത്ത് നിരവധി പ്രശ്‌നബാധിത ബൂത്തുകള്‍ ഉണ്ട്. അവിടെയൊക്കെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരാന്‍ ഇനിയും ആഴ്ചകളുടെ കാത്തിരിപ്പ് വേണം. സമാധാനപരമായ അന്തരീക്ഷത്തില്‍ വേണം വോട്ടെടുപ്പും ഫല പ്രഖ്യാപനവും പൂര്‍ത്തിയാക്കാന്‍. ബാലറ്റ് പേപ്പറില്‍ നിന്ന് വോട്ടിംഗ് യന്ത്രത്തിലേക്ക് നാം മാറിയിട്ട് ഏതാനും വര്‍ഷമായി. ഏറ്റവും എളുപ്പത്തില്‍ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനും ഫല പ്രഖ്യാപനം നടത്താനും ഇതുപകരിക്കുന്നുണ്ട്. എന്നാല്‍ ഇതിലും കൃത്രിമം കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആസാമില്‍ സംഭവിച്ചത് ഇവിടെ സൂചിപ്പിക്കാതെ തരമില്ല. സ്ഥാനാര്‍ത്ഥികളുടെ വാഹനത്തില്‍ നിന്ന് വോട്ടിംഗ് യന്ത്രം കണ്ടുപിടിച്ചത് വലിയ ഗുരുതര പ്രശ്‌നമായി വേണം കാണാന്‍. അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള ബലാബലമാണ് തിരഞ്ഞെടുപ്പ്. വിജയം മാത്രമാണ് ലക്ഷ്യം എന്നു വരുമ്പോള്‍ ധാര്‍മ്മികതയ്ക്ക് സ്ഥാനമില്ലാതെയാവുന്നു. വോട്ടിംഗ് മെഷീന്‍ കൊണ്ടുപോകുന്ന വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ വോട്ടിംഗ് മെഷീന്‍ കയറ്റി എന്നതാണ് ഭാഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച വാഹനത്തില്‍ പൊലീസ് ബന്തവസ്സോടെയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തോടെയുമാണ് സ്‌ട്രോംങ് റൂമിലേക്ക് എത്തിക്കുക. വാഹനം കേടായാല്‍ പൊലീസിന്റെ അകമ്പടിയോടെ മറ്റൊരു വാഹനം എത്രയും പെട്ടെന്ന് എത്തിക്കുന്നതിന് വിഷമമുണ്ടാവാനിടയില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് വോട്ടിംഗ് യന്ത്രം കൊണ്ടുപോയ വാഹനം കേടായപ്പോള്‍ പിറകെ വന്ന സ്വകാര്യ വാഹനത്തില്‍ കയറ്റിയെന്നാണ്. അത് സ്ഥാനാര്‍ത്ഥികളുടെ വാഹനം എന്ന് അറിഞ്ഞിരുന്നില്ലത്രെ. എന്തായാലും പ്രിസൈഡിംഗ് ഓഫീസര്‍ അടക്കമുള്ള നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതിനു ശേഷം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ തിരഞ്ഞെടുപ്പിനെപ്പറ്റി ജനങ്ങളില്‍ സംശയം ഉളവാക്കാനേ ഉപകരിക്കൂ. വോട്ടിംഗ് യന്ത്രങ്ങളെപ്പറ്റി പല തിരഞ്ഞെടുപ്പുകളിലും ആക്ഷേപം ഉയരാറുണ്ട്. ആസാമിലേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം. ചൂണ്ടുവിരലില്‍ പതിപ്പിക്കുന്ന കറുത്ത മഷിക്ക് വലിയ പ്രാധാന്യമുണ്ട്. ആ ഉത്തരവാദിത്വം സാക്ഷാത്കരിക്കുന്നതിന് ഒരു വോട്ട് പോലും പാഴാക്കരുത്.

Related Articles
Next Story
Share it