ഇനി പോളിങ്ങ് ബൂത്തിലേക്ക്

നാലാഴ്ചയിലേറെ നീണ്ടുനിന്ന പ്രചരണത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. ഇന്ന് നിശബ്ദ പ്രചരണം കഴിഞ്ഞാല്‍ നാളെ വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുകയായി. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് കഴിഞ്ഞ നാലാഴ്ചയിലേറെയായി നടന്നു വന്നത്. പതിവ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന കൊട്ടിക്കലാശത്തിന് ഇന്നതവണ അനുമതി നല്‍കിയിരുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം ഒഴിവാക്കിയത് എന്തായാലും […]

നാലാഴ്ചയിലേറെ നീണ്ടുനിന്ന പ്രചരണത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. ഇന്ന് നിശബ്ദ പ്രചരണം കഴിഞ്ഞാല്‍ നാളെ വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുകയായി. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് കഴിഞ്ഞ നാലാഴ്ചയിലേറെയായി നടന്നു വന്നത്. പതിവ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന കൊട്ടിക്കലാശത്തിന് ഇന്നതവണ അനുമതി നല്‍കിയിരുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം ഒഴിവാക്കിയത് എന്തായാലും നന്നായി. കോവിഡിനെയും കൊടും വേനലിനെയും അവഗണിച്ച് നാടും നഗരവും ഇളക്കി മറിച്ചു കൊണ്ടുള്ള പ്രചരണമാണ് ഇത്തവണ നടന്നത്. 36 ദിവസം മാത്രമാണ് ഇത്തവണ പ്രചരണത്തിനായി ലഭിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ മൂലം ആദ്യത്തെ 15 ദിവസത്തോളം മിക്ക മുന്നണികള്‍ക്കും സജീവമാകാന്‍ കഴിഞ്ഞിരുന്നില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് നടുവില്‍ നടക്കുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. നാളെ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും സമാധാനപരമായ സാഹചര്യത്തിലാണ് കലാശിച്ചതെന്നതില്‍ എല്ലാവര്‍ക്കും സമാധാനിക്കാം. ഇനി വോട്ടെടുപ്പ് ദിവസവും തുടര്‍ന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും വരെയും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണികളും പരിശ്രമിക്കണം. ഇത്തവണത്തെ പ്രചരണത്തിനിടയില്‍ ഇരട്ട വോട്ട് വലിയ വിവാദമുയര്‍ത്തിയ വിഷയമാണ്. ഒരാള്‍ക്ക് തന്നെ രണ്ടും മൂന്നും വോട്ട് ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇതേപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നേരിട്ട് അന്വേഷണം നടത്തിയപ്പോള്‍ ആയിരക്കണക്കിന് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് ഇത്തരം വോട്ടുകള്‍ കണ്ടെത്താനും പോള്‍ ആവാതിരിക്കാനും അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ല് തന്നെ തകര്‍ക്കുന്നതാണ് ഇരട്ടവോട്ട്. ഓരോ പാര്‍ട്ടിക്കും സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കുത്തിയിടുന്ന സമ്പ്രദായം നേരത്തെയുണ്ട്. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടു നില്‍ക്കുന്നുണ്ട്. അത്തരക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ കഴിയണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ മുമ്പ് അരങ്ങേറിയിരുന്നത്. ഇപ്പോഴത് നമ്മുടെ ബൂത്തുകളിലേക്ക് കൂടി എത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടിംഗ് യന്ത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. അതിലും ചിലപ്പോള്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആസാമില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് വോട്ടിംഗ് യന്ത്രം പിടികൂടിയ സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. പ്രിസൈഡിംഗ് ഓഫീസറടക്കം നാലുപേരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാവണം. വോട്ടിംഗ് യന്ത്രം കൊണ്ടുപോകുന്ന വാഹനം വഴിയില്‍ തകരാറിലായതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ വോട്ടിംഗ് യന്ത്രം കയറ്റിയെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം. ഇതെന്തായാലും ഗൗരവത്തോടെ കാണേണ്ട വസ്തുതയെന്നതില്‍ തര്‍ക്കമില്ല. നിഷ്പക്ഷമായ വോട്ടെടുപ്പാണ് വേണ്ടത്. അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണം.

Related Articles
Next Story
Share it