പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണം

കേരളത്തില്‍ തെരുവ് നായക്കളുടെ അക്രമണത്തിന് ഇരകളാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലെ മാലിന്യപ്രശ്‌നം വീണ്ടും ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയാണ്. തെരുവ് നായ്ക്കളുടെ ശല്യം പെരുകാനുള്ള പ്രധാനകാരണം തന്നെ പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപമാണ്.ഇത് തടയാന്‍ സാധിച്ചാല്‍ നായ്ക്കളുടെ ശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പറയാനാകില്ല. എന്നാല്‍ കുറയ്ക്കാന്‍ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നതും കേരളം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നത്തിലേക്കാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊല്ലുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് മുഖ്യമന്ത്രി ഈ […]

കേരളത്തില്‍ തെരുവ് നായക്കളുടെ അക്രമണത്തിന് ഇരകളാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലെ മാലിന്യപ്രശ്‌നം വീണ്ടും ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയാണ്. തെരുവ് നായ്ക്കളുടെ ശല്യം പെരുകാനുള്ള പ്രധാനകാരണം തന്നെ പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപമാണ്.ഇത് തടയാന്‍ സാധിച്ചാല്‍ നായ്ക്കളുടെ ശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പറയാനാകില്ല. എന്നാല്‍ കുറയ്ക്കാന്‍ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നതും കേരളം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നത്തിലേക്കാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊല്ലുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. തല്ലിയും വിഷം കൊടുത്തും കൊന്ന് കെട്ടിത്തൂക്കിയതുകൊണ്ട് മാത്രം പരിഹാരമാകില്ലെന്നും പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം തുടരുന്ന പ്രവണത ഉള്ളിടത്തോളം കാലം നായ്ക്കളുടെ ഉപദ്രവം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ തള്ളുന്നതില്‍ നിന്നും പിന്‍മാറുകയെന്നതാണ് പ്രശ്‌നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മാംസാവശിഷ്ടങ്ങള്‍ റോഡരികുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തള്ളുമ്പോള്‍ ഇത്തരം ഭാഗങ്ങളില്‍ തെരുവ് നായ്ക്കള്‍ കൂട്ടം കൂടുക സ്വാഭാവികമാണ്. മാംസം ഭക്ഷിക്കുമ്പോള്‍ ഇതില്‍ നിന്നും കിട്ടുന്ന രക്തത്തിന്റെ രുചി അറിയുന്നതോടെ നായ്ക്കള്‍ അപകടകാരികളായി മാറുന്നു. ഇത്തരം നായ്ക്കള്‍ കണ്ണില്‍ കാണുന്നവരെയെല്ലാം കടിക്കുകയും അങ്ങനെ മനുഷ്യജീവന് തന്നെ ഭീഷണിയായി മാറുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നിലവില്‍ എവിടെയും കര്‍ശന നടപടികളൊന്നുമുണ്ടാകുന്നില്ല. പിടിയിലാകുന്നവര്‍ക്കെതിരെ പെറ്റികേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. കേസ് കോടതിയിലെത്തിയാല്‍ ചെറിയ പിഴയടച്ച് ഒഴിവാകാം. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് മാത്രമല്ല മനുഷ്യജീവനും ജീവിതത്തിനും വരെ കടുത്ത ഭീഷണി കൂടി സൃഷ്ടിക്കാനും ഇടവരുത്തുന്നു. ആ നിലയ്ക്ക് കടുത്ത ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യമാണിതെങ്കിലും നമ്മുടെ നിയമവ്യവസ്ഥ ഈ പ്രശ്‌നത്തെ നിസാരമായി കാണുകയാണ് ചെയ്യുന്നത്. ഈ നിസംഗതയാണ് മാലിന്യങ്ങള്‍ തള്ളുന്ന ഹീനമായ കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണം. നായ്ക്കളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെങ്കിലും സ്വയരക്ഷക്ക് ജനങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന യാഥാര്‍ഥ്യം കാണാതെ പോകരുത്. തങ്ങളുടെ കുട്ടികള്‍ നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന സ്ഥിതിവിശേഷം ഒരു രക്ഷിതാവിനും താങ്ങാനാകില്ല. സംരക്ഷണം നല്‍കുന്നതില്‍ അധികാരികള്‍ക്ക് വീഴ്ച സംഭവിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് സ്വയരക്ഷക്ക് നിയമം ലംഘിക്കേണ്ടിവരുന്നത്. അതുകൊണ്ട് അധികാരികള്‍ ജനങ്ങളെ നായ്ക്കളുടെ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. താല്‍ക്കാലികസംവിധാനമെന്ന നിലയില്‍ അപകടകാരികളായ തെരുവ് നായ്ക്കളെ പിടികൂടി കൂട്ടിലടക്കുന്നതിനുള്ള നടപടി സംസ്ഥാനവ്യാപകമായി നടപ്പിലാക്കണം. അതിന് ഒരുവിധത്തിലുള്ള കാലതാമസവും ഉണ്ടാകരുത്. നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശവും പ്രയോഗത്തില്‍ വരുത്തണം.

Related Articles
Next Story
Share it