തപാല്‍ വോട്ടിലെ പരാതികളും ഗൗരവമായി എടുക്കണം

ഇരട്ടവോട്ടുകളിലെ വിവാദങ്ങള്‍ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തപാല്‍ വോട്ടിലും വ്യാപകമായ പരാതി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 80 വയസിന് മുകളിലുള്ളവരുടെയും കോവിഡ് പോസിറ്റീവ് ആയവരുടെയും വോട്ട് വീടുകളില്‍ എത്തി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കാര്‍ട്ടണുകളില്‍ ശേഖരിക്കുന്ന വോട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേട് നടത്താന്‍ അവസരമുണ്ടാകുമെന്നാണ് പ്രതിപക്ഷ ആരോപണം. സീല്‍ഡ് പെട്ടികളില്‍ തപാല്‍വോട്ട് ശേഖരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ കണ്ണൂര്‍, എറണാകുളം തുടങ്ങിയ ചില ജില്ലകളില്‍ സീല്‍ ചെയ്ത പെട്ടിയിലല്ല വോട്ട് ശേഖരിച്ചതെന്നാണ് ആരോപണം. മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരില്‍ തപാല്‍ വോട്ടുകള്‍ തയ്യാറാക്കിയെന്നതാണ് മറ്റൊരു ആരോപണം. […]

ഇരട്ടവോട്ടുകളിലെ വിവാദങ്ങള്‍ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തപാല്‍ വോട്ടിലും വ്യാപകമായ പരാതി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 80 വയസിന് മുകളിലുള്ളവരുടെയും കോവിഡ് പോസിറ്റീവ് ആയവരുടെയും വോട്ട് വീടുകളില്‍ എത്തി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കാര്‍ട്ടണുകളില്‍ ശേഖരിക്കുന്ന വോട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേട് നടത്താന്‍ അവസരമുണ്ടാകുമെന്നാണ് പ്രതിപക്ഷ ആരോപണം. സീല്‍ഡ് പെട്ടികളില്‍ തപാല്‍വോട്ട് ശേഖരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ കണ്ണൂര്‍, എറണാകുളം തുടങ്ങിയ ചില ജില്ലകളില്‍ സീല്‍ ചെയ്ത പെട്ടിയിലല്ല വോട്ട് ശേഖരിച്ചതെന്നാണ് ആരോപണം. മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരില്‍ തപാല്‍ വോട്ടുകള്‍ തയ്യാറാക്കിയെന്നതാണ് മറ്റൊരു ആരോപണം. തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പരാതികള്‍ ഉയരുന്നുണ്ട്. എല്ലാ ജില്ലകളിലും ഇത്തരം ആരോപണം ഉയരുന്നതായി സൂചനയുണ്ട്. എട്ടും പത്തും വര്‍ഷം മുമ്പ് മരിച്ചവരുടെ പോലും വോട്ട് ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടത്രെ. ഇരട്ടവോട്ടിന്റെ കാര്യത്തിലും കര്‍ശന നടപടികളുമായി മുമ്പോട്ട് പോവുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ഒന്നിലേറെ പട്ടികയില്‍ പേരുള്ളവരെ ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. മറ്റൊരിടത്തേക്ക് മാറിത്താമസിക്കുമ്പോള്‍ അവിടെയും പേര് ചേര്‍ക്കുന്നതാണ് ഇരട്ട വോട്ടിന് കാരണമാവുന്നത്. സ്ഥലത്തില്ലാത്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ വരുന്നതും സ്ഥലം മാറുന്നവരുടെ പേരും ഒന്നിലേറെ സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ വരുന്നതും കണ്ടെത്താന്‍ കഴിയണം. തിരഞ്ഞെടുപ്പില്‍ വ്യാജവോട്ട് കണ്ടെത്താന്‍ 20,441 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ ബോധപൂര്‍വ്വമായ കൃത്രിമം നടത്താന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുമായി നീങ്ങാനാണ് തീരുമാനം. ഭരണ, സാങ്കേതിക തലങ്ങളിലെ വീഴ്ചകളും കൃത്യവിലോപവും പരിശോധിക്കും. സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍ക്കായുള്ള (ആബ്‌സെന്റീവോട്ടേര്‍സ്) പോളിംഗ് കഴിഞ്ഞ ദിവസം തുടങ്ങിയതിനാല്‍ ഫലത്തില്‍ പോളിംഗ് ആരംഭിച്ചതായി വേണം കണക്കാക്കാന്‍. ഇത്തരമൊരു സാഹചര്യത്തില്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പട്ടികയില്‍ ഒരു തരത്തിലുള്ള ഒഴിവാക്കലോ തിരുത്തലോ സാധ്യമല്ല. ഇരട്ട വോട്ടാണ് കള്ളവോട്ടിന് വഴിമാറുന്നത്. ഒരാളുടെ വോട്ട് മറ്റൊരാള്‍ ചെയ്യുന്നത് തടയാനാണ് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ വളരെ പഴക്കം ചെന്ന ഫോട്ടോയാണ് തിരിച്ചറിയല്‍ കാര്‍ഡിലുള്ളതെന്നതിനാല്‍ ബുത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് കൂടുതലായി കള്ളവോട്ട് രേഖപ്പെടുത്തുന്നത്. ചെയ്യാതെ ബാക്കിവരുന്ന വോട്ടുകള്‍ മുഴുവന്‍ അവസാന നിമിഷം പെട്ടിയില്‍ കുത്തിക്കയറ്റുന്ന ചില ബൂത്തുകളുണ്ട്. ഇവിടെയാണ് 99 ശതമാനത്തിനുമേല്‍ പോളിംഗ് രേഖപ്പെടുത്തുന്നത്. ഇതൊക്കെ ജനാധിപത്യത്തിന് ഭൂഷണമല്ല. കര്‍ശനമായും തടയാനാവണം.

Related Articles
Next Story
Share it