തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമാവണം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളു. പ്രചരണത്തിന്റെ കൊട്ടിക്കലാശം കൂടിവരുന്നതോടെ ഇവ ഉച്ചസ്ഥായിയില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ചു വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, കുടിവെള്ള കുപ്പികള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയെല്ലാം കുന്നുകൂടിക്കൊണ്ടിരിക്കയാണ്. ഹരിതചട്ടം പാലിക്കാതെ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് 5426 ടണ്‍ മാലിന്യം […]

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളു. പ്രചരണത്തിന്റെ കൊട്ടിക്കലാശം കൂടിവരുന്നതോടെ ഇവ ഉച്ചസ്ഥായിയില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ചു വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, കുടിവെള്ള കുപ്പികള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയെല്ലാം കുന്നുകൂടിക്കൊണ്ടിരിക്കയാണ്. ഹരിതചട്ടം പാലിക്കാതെ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് 5426 ടണ്‍ മാലിന്യം കുന്നുകൂടുമെന്നാണ് സംസ്ഥാന ഹരിതകേരള മിഷനും ശുചിത്വ മിഷനും ചേര്‍ന്ന് നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായത്. കടുത്ത ചൂടില്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി വിയര്‍പ്പൊഴുക്കുമ്പോള്‍ ഒന്ന് തണുപ്പിക്കാന്‍ പ്രവര്‍ത്തകര്‍ വാങ്ങിക്കൂട്ടുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ തന്നെ ടണ്‍ കണക്കിന് വരും. പ്രവര്‍ത്തകരും അണികളും അനുഭാവികളും ചായയും നാരങ്ങാവെള്ളവും കുടിക്കുന്ന ഡിസ്‌പോസിബിള്‍ കപ്പുകളും ഭക്ഷണങ്ങളും മറ്റ് സാധനങ്ങളും വാങ്ങാന്‍ ഉപയോഗിക്കുന്ന കവറുകളും അത്തരം ഉല്‍പ്പന്നങ്ങളുമൊക്കെയാവുമ്പോള്‍ ടണ്‍ കണക്കിന് മാലിന്യം പിന്നെയും ഉണ്ടാവും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ടണ്‍ കണക്കിന് മാലിന്യമാണ് ഭൂമുഖത്ത് നിറഞ്ഞത്. ഇതും ഏകദേശം 5776ടണ്‍ വരുമെന്നാണ് ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്ന് കണക്കാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രചരണം നടത്തിയത്. എന്നിട്ടും ടണ്‍ കണക്കിന് മാലിന്യം സംസ്ഥാനത്താകെ അടിഞ്ഞുകൂടി.ഇതൊക്കെ നീക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ മാലിന്യങ്ങള്‍ കൂടി എത്തിച്ചേരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ഹരിതകേരളം പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കയാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകളും കുപ്പികളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ശേഖരിച്ച് ഇവ സംസ്‌കരിച്ചെടുക്കുന്ന കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ജൈവം അജൈവം എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇവ ശേഖരിക്കുന്നത്. ഓരോ വാര്‍ഡിലും ഇതിനായി രണ്ട് തൊഴിലാളികളെ വീതം. ചുമതലപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നിന്ന് 50 രൂപ വീതവും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപ വീതവും യൂസര്‍ഫീ ആയി നല്‍കണം. ഏതാനും ദിവസം മുമ്പ് ഓരോ വാര്‍ഡുകളിലും ഇത് പ്രത്യേക അജണ്ടയായി എടുത്ത് അയല്‍സഭകള്‍ ചേര്‍ന്നാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഈ പദ്ധതി തുടങ്ങിയത് മുതല്‍ വീടുകളില്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ രണ്ടോ മൂന്നോ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിച്ചാണ് ഇവ റീസൈക്കിള്‍ ചെയ്ത് സംസ്‌കരിക്കുന്നത്. ഈയൊരു പദ്ധതി നടന്നുകൊണ്ടിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ മാലിന്യം കുന്നുകൂടാന്‍ അനുവദിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരിത ചട്ടം പാലിക്കാന്‍ തയ്യാറാവണം.

Related Articles
Next Story
Share it