വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണം

മഹാരാഷ്ട്രയിലും മറ്റും കോവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ വീണ്ടും നഗരം ലോക്ഡൗണിലേക്ക് പോവുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ പകുതിയാവുമ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം ഇന്നുള്ളതിന്റെ ഇരട്ടിയാവുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ഈയൊരു സാഹചര്യത്തിലാണ് എല്ലാ ജനങ്ങളും എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് പറയുന്നത്. ഇതിനകം ആരോഗ്യപ്രവര്‍ത്തരും ഉദ്യോഗസ്ഥരും കോ-വാക്‌സിന്‍ സ്വീകരിച്ചുകഴിഞു. ആദ്യ വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞ് രണ്ടാം വാക്‌സിനും എടുത്തു. പിന്നീട് വാക്‌സിന്‍ നല്‍കിയത് 60 വയസിന് മുകളിലുള്ളവര്‍ക്കാണ്. ജില്ലാ ആസ്പത്രികള്‍, താലൂക്ക് […]

മഹാരാഷ്ട്രയിലും മറ്റും കോവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ വീണ്ടും നഗരം ലോക്ഡൗണിലേക്ക് പോവുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ പകുതിയാവുമ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം ഇന്നുള്ളതിന്റെ ഇരട്ടിയാവുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ഈയൊരു സാഹചര്യത്തിലാണ് എല്ലാ ജനങ്ങളും എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് പറയുന്നത്. ഇതിനകം ആരോഗ്യപ്രവര്‍ത്തരും ഉദ്യോഗസ്ഥരും കോ-വാക്‌സിന്‍ സ്വീകരിച്ചുകഴിഞു. ആദ്യ വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞ് രണ്ടാം വാക്‌സിനും എടുത്തു. പിന്നീട് വാക്‌സിന്‍ നല്‍കിയത് 60 വയസിന് മുകളിലുള്ളവര്‍ക്കാണ്. ജില്ലാ ആസ്പത്രികള്‍, താലൂക്ക് ആസ്പത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് വാക്‌സിന്‍ നല്‍കിയത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാഴ്ചകൊണ്ട് വാക്‌സിനെടുത്ത് തീര്‍ക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിചാരിച്ചത്ര വേഗത്തില്‍ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാനായിട്ടില്ല. ഒരു കേന്ദ്രത്തില്‍ തന്നെ നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും എത്തുന്നത്. ഇതില്‍ പലര്‍ക്കും തിരിച്ചുപോയി തൊട്ടടുത്ത ദിവസം എത്തിച്ചേരേണ്ട സ്ഥിതിയാണുണ്ടാവുന്നത്. പ്രായമായവര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കുക എന്നതും വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുക എന്നത് മാത്രമാണ് പോംവഴി. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്നാംഘട്ട വാക്‌സിന്‍ വിതരണം ആരംഭിക്കുകയാണ്. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.
ഒറ്റദിവസം കൊണ്ട് രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. 45 ദിവസം കൊണ്ട് 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. ഇത് ഈ രീതിയില്‍ നടക്കണമെങ്കില്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പുറമെ സ്വകാര്യ ആസ്പത്രികളിലും ഇതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കണം. അംഗണ്‍വാടികള്‍, ക്ലബ്ബുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ സംവിധാനമൊരുക്കിയാല്‍ മാത്രമേ ലക്ഷ്യം പൂര്‍ത്തിയാക്കാനാവൂ. തിരഞ്ഞെടുപ്പ്, വിഷു, ഈസ്റ്റര്‍, പെരുന്നാള്‍, പൊതു പരീക്ഷകള്‍ തുടങ്ങിവ വരുന്ന സാഹചര്യത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് എടുക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. അടുത്തിടെയുണ്ടായ മറ്റൊരറിയിപ്പില്‍ 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കണമെന്നാണ് പറയുന്നത്. ഒന്നാം വാക്‌സിനും രണ്ടാം വാക്‌സിനും എടുത്ത് 14ദിവസത്തിന് ശേഷം മാത്രമേ ശരിയായ പ്രതിരോധ ശേഷി ഉണ്ടാവൂ. അതുവരെ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചേ മതിയാവൂ. കോവിഡ് ഭീതി ഇനിയും രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. രണ്ട് വാക്‌സിനും സ്വീകരിച്ചവര്‍ക്കും കോവിഡ് കാണാനിടയായത് വലിയ ഗൗരവത്തോടെ വേണം കാണാന്‍. ഇതേപ്പറ്റി കൂടുതല്‍ ആഴത്തില്‍ പഠനം നടക്കേണ്ടതുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് എല്ലാവരും വാക്‌സിന്‍ എടുക്കുക എന്ന തന്നെയാണ് പ്രധാനം.

Related Articles
Next Story
Share it