കോവിഡ്; ജാഗ്രത തുടരണം

കോവിഡിന് വാക്‌സിന്‍ കണ്ടെത്തുകയും മൂന്നുകോടിയോളം ആളുകള്‍ കുത്തിവെക്കുകയും ചെയ്തുവെങ്കിലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് മൂന്നാം ഘട്ടത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കയാണ്. കേരളത്തിലും പ്രതിദിനം 3000 ത്തിലധികം പേര്‍ക്ക് കോവിഡ് പിടിപെടുന്നുണ്ട്. കോവിഡിന് പുറമെ മറ്റൊരു രോഗമായ ഷിഗല്ല ചില വിദേശ രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അത് കോഴിക്കോട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. പയ്യോളിയില്‍ ഒരു കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഷിഗല്ലയെന്ന് തിരിച്ചറിഞ്ഞത്. […]

കോവിഡിന് വാക്‌സിന്‍ കണ്ടെത്തുകയും മൂന്നുകോടിയോളം ആളുകള്‍ കുത്തിവെക്കുകയും ചെയ്തുവെങ്കിലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് മൂന്നാം ഘട്ടത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കയാണ്. കേരളത്തിലും പ്രതിദിനം 3000 ത്തിലധികം പേര്‍ക്ക് കോവിഡ് പിടിപെടുന്നുണ്ട്. കോവിഡിന് പുറമെ മറ്റൊരു രോഗമായ ഷിഗല്ല ചില വിദേശ രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അത് കോഴിക്കോട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. പയ്യോളിയില്‍ ഒരു കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഷിഗല്ലയെന്ന് തിരിച്ചറിഞ്ഞത്. ഇതും വ്യാപകമായേക്കാമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. കോവിഡിന്റെ മൂന്നാം തരംഗം കരുതലോടെ കാണണമെന്നാണ് ഓര്‍മ്മിപ്പിച്ചത്. രാജ്യത്തെ കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധനവില്‍ വന്‍ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസം പുതുതായി 23,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 172 പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ച് 1.60 ലക്ഷം പേര്‍ മരണപ്പെട്ടുവെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ മാത്രം 53,000 പേരാണ് മരിച്ചത്. പഞ്ചാബിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന കാണിച്ച മഹാരാഷ്ട്രയാണ് രോഗ വ്യാപനത്തില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നത്. രണ്ടാം തരംഗം പിടിവിട്ടു പോവുകയാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 23.70 ലക്ഷം പേര്‍ക്കാണ് പോസിറ്റീവ് ആയത്. ഒരാഴ്ചക്കുള്ളില്‍ ലക്ഷത്തിലേറെ കേസുകളാണ് പുതുതായി കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കില്‍ 150 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയ കോവിഡിന്റെ വകഭേദം രാജ്യത്തും എത്തിയിട്ടുണ്ട്. ഇത്തരം 400 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്ന് പടരാന്‍ സാധ്യതയുള്ളതാണ് ഇത്. മുമ്പ് കോവിഡ് ബാധിച്ചവരെ പുതിയ വൈറസ് പിടികൂടാനുള്ള സാധ്യതയും കൂടുതലാണത്രെ. പഞ്ചാബ്, യു.പി., ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗത്തെ ലാഘവബുദ്ധിയോടെ സമീപിക്കുന്നതാണ് രോഗ വ്യാപനം കൂടുന്നതെന്ന നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയിട്ടുളളത്. കോവിഡിനെതിരെയുള്ള കുത്തിവെപ്പ് രാജ്യത്ത് പുരോഗമിച്ചുവരികയാണെങ്കിലും 130 കോടി ജനങ്ങളില്‍ ഏതാണ്ട് മൂന്നര കോടി പേര്‍ക്ക് മാത്രമേ ഇതുവരെ വാക്‌സിന്‍ നല്‍കാനായിട്ടുള്ളൂ. ഇതിന്റെ രണ്ടാം ഘട്ട വാക്‌സിനും നല്‍കേണ്ടതുണ്ട്. വാക്‌സിന്‍ എല്ലാവരിലും എത്തണമെങ്കില്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. കോവിഡ് വ്യാപനത്തിന് പ്രധാന കാരണം സമ്പര്‍ക്കമെന്ന് വ്യക്തമാവുന്നുണ്ട്. വ്യക്തികള്‍ തന്നെയാണ് ഇതൊഴിവാക്കാന്‍ തയ്യാറാവേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍. ജനങ്ങള്‍ തടിച്ചു കൂടുന്ന പൊതുയോഗങ്ങളും വീടുകള്‍ കയറിയിറങ്ങിക്കൊണ്ടുള്ള പ്രചരണങ്ങളും കൊഴുക്കുകയാണ്. ഇതൊക്കെ പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ പാലിച്ചല്ലാതെ നടന്നാല്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും ജാഗ്രത തുടരണമെന്നാണ് ഇതൊക്കെ കാണിക്കുന്നത്.

Related Articles
Next Story
Share it